ജൂലിയൻ അസാൻജ് ജയിൽമോചിതനായി; വിക്കിലീക്സ് സ്ഥാപകന്റെ മോചനം അഞ്ച് വർഷങ്ങൾക്ക് ശേഷം

യു എസ് സര്ക്കാരിന്റെ ആയിരക്കണക്കിനു രഹസ്യരേഖകള് ചോര്ത്തി തന്റെ വെബ്സൈറ്റായ വിക്കിലീക്സിലൂടെ പ്രസിദ്ധീകരിച്ചു എന്നതാണ് അസാൻജിന്റെ പേരിലുള്ള കുറ്റം. ഈ നടപടി ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കി എന്നാണ് അമേരിക്കയുടെ ആരോപണം.

dot image

ലണ്ടൻ: വിക്കിലീക്സ് സ്ഥാപകന് ജൂലിയന് അസാന്ജ് (52) ജയില് മോചിതനായി. യുഎസ് ചാരവൃത്തി നിയമം ലംഘിച്ചതായി കുറ്റസമ്മതം നടത്താൻ സമ്മതിച്ചതിന് പിന്നാലെയാണ് മോചനം. അഞ്ചുവർഷക്കാലം ( 1901 ദിവസം) അദ്ദേഹം ജയിലിലായിരുന്നു. അസാൻജ് യുകെയിൽ നിന്നും ജന്മനാടായ ഓസ്ട്രേലിയയിലേക്ക് യാത്ര തിരിച്ചെന്ന് വിക്കിലീക്സ് അറിയിച്ചു.

2019 ഏപ്രിൽ മുതൽ ലണ്ടനിലെ ബെല്മാര്ഷ് ജയിലിലായിരുന്നു അദ്ദേഹം. യു എസ് സര്ക്കാരിന്റെ ആയിരക്കണക്കിനു രഹസ്യരേഖകള് ചോര്ത്തി തന്റെ വെബ്സൈറ്റായ വിക്കിലീക്സിലൂടെ പ്രസിദ്ധീകരിച്ചു എന്നതാണ് അസാൻജിന്റെ പേരിലുള്ള കുറ്റം. ഈ നടപടി ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കി എന്നാണ് അമേരിക്കയുടെ ആരോപണം.

2006 ലാണ് അസാൻജ് വിക്കിലീക്സ് സ്ഥാപിക്കുന്നത്. വിക്കിലീക്സിന്റെ പ്രവർത്തനങ്ങൾക്ക് അസാഞ്ജിന് മൂന്ന് മാധ്യമ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 2011 ഫെബ്രുവരിയിൽ സിഡ്നി സമാധാനപുരസ്കാരമായ ഗോൾഡ് മെഡലും ഇദ്ദേഹത്തിന് ലഭിച്ചു. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യപ്രവർത്തനങ്ങളുടെ രേഖകൾ ചോർത്തി പുറത്തുവിട്ടതോടെയാണ് അസാൻജ് ലോകശ്രദ്ധയിലേക്ക് വന്നത്. നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ പല പ്രവർത്തികളുടെയും വിവരങ്ങൾ ഇങ്ങനെ പുറത്തു വന്നു. 2010ന്റെ അവസാനം മൂന്ന് ലക്ഷത്തിലധികം പേജുകൾ വരുന്ന രേഖകൾ പുറത്തുവിടത്തോടെ അസാൻജ് അമേരിക്കയുടെ കണ്ണിലെ കരടായി.

അമേരിക്ക എല്ലാ രാജ്യങ്ങളിലുമുള്ള തങ്ങളുടെ എംബസികൾ വഴി ചാര പ്രവർത്തനം നടത്തിയിരുന്നു എന്നതും, സഖ്യ രാജ്യങ്ങളുടെ തലവന്മാരെപ്പറ്റി തരം താണ രീതിയിൽ അമേരിക്കൻ നേതാക്കൾ പരാമർശങ്ങൾ നടത്തി എന്നതുമടക്കമുള്ള വെളിപ്പെടുത്തലുകൾ ഭരണകൂടത്തെ അന്താരാഷ്ട്ര തലത്തിൽ പ്രതിരോധത്തിലാക്കി. അമേരിക്കയ്ക്കു പുറമേ മറ്റു രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെയും, നേതാക്കളുടെയും പരാമർശങ്ങൾ പുറത്തു വരുകയും ചെയ്തു. കേബിൾഗേറ്റ് വിവാദം എന്നാണിത് അറിയപ്പെടുന്നത്. ഇതോടെ അസാഞ്ജിനെ ശത്രു എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുവാനും അദ്ദേഹത്തെ പിടികൂടുവാനും അമേരിക്ക ശ്രമങ്ങളാരംഭിച്ചു.

കേബിൾഗേറ്റ് വിവാദം ലോകമാകെ വലിയ ചർച്ചയായി. അസാന്ജിന് വീരനായക പരിവേഷം കൈവന്നു. എന്നാൽ, പല ഭരണകൂടങ്ങളും വൻ കിട കോർപ്പറേറ്റ് സ്ഥാപനങ്ങളും അദ്ദേഹത്തിന്റേയും വിക്കിലീക്സിന്റേയും ശ്രമങ്ങൾക്ക് തടയിടാൻ ശ്രമം തുടർന്നു. അമേരിക്ക, ഓസ്ട്രേലിയ, ചൈന തുടങ്ങി നിരവധി രാജ്യങ്ങൾ വിക്കിലീക്സ് നിരോധിക്കുകയോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തു. ഫേസ്ബുക്ക്, ഓൺലൈൻ സാമ്പത്തിക സ്ഥാപനങ്ങളായ വിസ, മാസ്റ്റർകാർഡ്, ആമസോൺ, ആപ്പിൾ ഐ എൻ സി തുടങ്ങിയവ വിക്കിലീക്സിനെതിരെ സേവന നിരോധനങ്ങൾ നടപ്പിലാക്കി. ഇത് വിപുലമായ പ്രതിഷേധങ്ങൾക്കും വിക്കിലീക്സിനോട് അനുഭാവം പ്രകടിപ്പിക്കുന്ന ഹാക്കർ ഗ്രൂപ്പുകളുടെ പ്രതികാര നടപടികൾക്കും കാരണമായി.

ഇതിനിടെ സ്വീഡനിൽ അസാൻജിനെതിരെ ലൈംഗികാരോപണം ഉയർന്നു. ഇതിന്റെ പേരിൽ അദ്ദേഹത്തെ ജയിലിലടയ്ക്കാൻ സ്വീഡൻ ശ്രമം തുടങ്ങി. അമേരിക്കയുടെ സമ്മർദ്ദഫലമായുണ്ടായ കേസാണിതെന്ന് ആരോപണങ്ങളുയർന്നു. പിന്നീട് പല രാജ്യങ്ങളിലായി അഭയം തേടിയ അസാൻജയെ 2019 ഏപ്രിലിൽ ഇക്വഡോർ എംബസിയിൽ നിന്നാണ് ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തത്. 2012 മുതൽ അദ്ദേഹത്തിന് അഭയം നൽകിയത് ഇക്വഡോർ ആയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us