വാഷിങ്ടൻ: ഇന്ത്യന് വംശജയായ സുനിതാ വില്യംസും സഹയാത്രികന് യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താന് ഇനിയും വൈകും. ഇവർ സഞ്ചരിച്ച ബോയിങ് സ്റ്റാർലൈനറെന്ന ബഹിരാകാശ പേടകത്തിന്റെ സാങ്കേതിക തകരാറുകൾ പരിഹരിക്കാനാവത്തതിനാലാണ് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ തീയതി നീട്ടിവെച്ചത്. ജൂൺ 14-ന് മടങ്ങേണ്ട പേടകം നാലാം തവണയാണ് യാത്ര മാറ്റുന്നത്.സാങ്കേതിക തകരാറുകൾ പഠിക്കാൻ നാസയ്ക്ക് കൂടുതൽ സമയം ആവശ്യമായി വരുമെന്നാണ് പുറത്തുവരുന്ന വിവരം.
ബോയിങ് സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോൾ പേടകത്തിൽനിന്ന് ഹീലിയം വാതകച്ചോർച്ചയുണ്ടായി. ചില യന്ത്രഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നത് ദൗത്യം ദുഷ്കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ച് പേടകത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾ വീണ്ടും പരിശോധിച്ച ശേഷമേ മടക്കയാത്രയ്ക്ക് നാസ അനുമതി നൽകുകയുള്ളൂ. പലവട്ടം മാറ്റിവച്ചശേഷം ജൂൺ അഞ്ചിനാണ് സ്റ്റാർലൈനർ ബഹിരാകാശത്തേക്കു തിരിച്ചത്. നാസയുടെ കൊമേഴ്സ്യല് ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാര്ലൈനര് വിക്ഷേപണം.
വാണിജ്യ ആവശ്യങ്ങള്ക്കായി സ്റ്റാര്ലൈനര് എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ് നാസയുമായി ചേര്ന്നുളള പരീക്ഷണം. നാസയുടെ ഈ ദൗത്യത്തിന് പേര് നല്കിയിരുന്നത് ക്രൂ ഫ്ളൈറ്റ് ടെസ്റ്റ് എന്നാണ്. ലോകമെമ്പാടുമുള്ള വിമാനങ്ങള്, റോട്ടര്ക്രാഫ്റ്റുകള്, റോക്കറ്റുകള്, ഉപഗ്രഹങ്ങള്, മിസൈലുകള് എന്നിവ രൂപകല്പ്പന ചെയ്യുകയും നിര്മിക്കുകയും വില്ക്കുകയും ചെയ്യുന്ന അമേരിക്കന് ആസ്ഥാനമായ ബഹുരാഷ്ട്ര കോര്പറേഷനാണ് ബോയിങ് കമ്പനി. ഈ ദൗത്യത്തോടെ ബഹിരാകാശത്തേക്കുള്ള പരീക്ഷണ ദൗത്യത്തിൽ പേടകം പറത്തുന്ന ആദ്യ വനിതയായി സുനിത മാറി.
ഇന്ത്യന് വംശജയായ സുനിതാ വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയണിത്. 2006 ഡിസംബര് ഒമ്പതിനാണ് ഡിസ്കവറി ബഹിരാകാശ പേടകത്തില് സുനിത വില്യംസ് തന്റെ ആദ്യത്തെ ബഹിരകാശ യാത്ര നടത്തിയത്. തുടര്ന്ന് 2012ല് അവര് രണ്ടാമത്തെ യാത്ര നടത്തി. നാസയുടെ കണക്കുപ്രകാരം അവര് ബഹിരാകാശത്ത് 322 ദിവസം ചിലവഴിച്ചിട്ടുണ്ട്. ഏഴ് ബഹിരകാശനടത്തത്തിലൂടെ 50 മണിക്കൂര് 40 മിനുട്ട് ചിലവഴിച്ച ആദ്യ വനിത ബഹിരാകാശ യാത്രിക എന്ന റെക്കോര്ഡും സുനിതക്ക് സ്വന്തമാണ്. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ജുലാസാനില് ജനിച്ച സുനിത പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.
1998 ജൂണ് മാസത്തില് സുനിത വില്യംസ് നാസയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ആഗസ്റ്റ് മാസത്തില് പരിശീലനം തുടങ്ങുകയും ചെയ്തു. അമേരിക്കയിലും റഷ്യയിലുമായി നിരവധി പരിശീലങ്ങളില് അവര് ഏര്പ്പെട്ടു. ഇപ്പോള് 58 വയസ്സുള്ള സുനിതയുടെ ആദ്യ ബഹിരാകാശയാത്ര അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലക്കായിരുന്നു. 2007 ജൂണ് 22 വരെ അവര് അവിടെക്കഴിഞ്ഞു. അന്ന് 29 മണിക്കൂറും 17 മിനിറ്റും ബഹിരാകാശത്തുനടന്ന് റെക്കോഡിട്ടു. 2012ല് വീണ്ടും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ അവര് അത്തവണയും നടന്നു. ആകെ നടത്തം 50 മണിക്കൂറും 40 മിനിറ്റും. സുനിതയാണ് നിലവില് ഏറ്റവും കൂടുതല് സമയം ബഹിരാകാശത്തു നടന്ന വനിത.