കെ-പോപ് ആരാധകര് ലോകമെമ്പാടുമുണ്ട്. കെ-പോപ്പ് നൃത്തം, കൊറിയോഗ്രഫി, മോഡലിംഗ് എന്നിവയിൽ താത്പര്യമുള്ളവരുണ്ടെങ്കിൽ ദക്ഷിണ കൊറിയയിലേക്ക് പോയാലോ? അത്തരക്കാർക്കായി അവസരമൊരുക്കുകയാണ് ദക്ഷിണ കൊറിയ. ഇവയിൽ പരിശീലനം നേടാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാരെ ലക്ഷ്യമിട്ട് കെ-കള്ച്ചര് ട്രെയിനിങ് വിസ എന്ന പുത്തന് വിസ അവതരിപ്പിച്ചിരിക്കുകയാണ് രാജ്യം.
സംഗീതത്തിലും നൃത്തത്തിലും മോഡലിങ്ങിലുമെല്ലാം കൊറിയന് രീതിയില് പരിശീലനം നേടാന് ആഗ്രഹിക്കുന്നവര്ക്ക് വേണ്ടിയാണ് കെ-കള്ച്ചര് ട്രെയിനിങ് വിസ പുറത്തിറങ്ങുന്നതെന്ന് ദക്ഷിണ കൊറിയന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ വിസ നൽകുന്നതിന്റെ മറ്റുമാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമല്ല. വിസയ്ക്ക് അപേക്ഷിക്കുന്നവര് ഓഡീഷനിൽ പങ്കെടുക്കേണ്ടതുണ്ടോ എന്ന കാര്യവും അപേക്ഷിക്കുന്ന എല്ലാവര്ക്കും വിസ കിട്ടുമോ എന്നുതും സ്ഥിരീകരണമില്ല. അടുത്ത വര്ഷം അവസാനത്തോടെ വിസ പുറത്തിറങ്ങുമെന്നാണ് സൂചനകള്.
രാജ്യത്തേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുക എന്നതുകൂടിയാണ് പദ്ധതിയുടെ ലക്ഷ്യം. ബിടിഎസ് തരംഗം ലോകവ്യാപകമായി ആഞ്ഞടിച്ചതോടെ ദക്ഷിണ കൊറിയയിലേക്ക് പോകാനും കെ-കള്ച്ചറിന്റെ ഭാഗമാവാനും നിരവധി വിദേശികള് ആഗ്രഹിച്ചിരുന്നു. വിദേശത്ത് ഹിറ്റായ കെ-പോപ്, കെ- ഡ്രാമ താരങ്ങളെയും അംബാസഡര്മാരാക്കി കൊറിയന് ടൂറിസം വിദേശത്ത് പരസ്യങ്ങളും ചെയ്യുന്നുണ്ട്. 2022-ൽ ഏകദേശം 11 ദശലക്ഷം ആളുകളാണ് രാജ്യം സന്ദർശിച്ചത്. എന്നാലിത് 2019-ലേതിനെ അപേക്ഷിച്ച് വളരെ കുറവാണ്.