അരുന്ധതി റോയിക്ക് പെൻ പിന്റർ പുരസ്കാരം; ആ ശബ്ദം നിശബ്ദമാക്കപ്പെടേണ്ടതല്ലെന്ന് ജൂറി

അരുന്ധതി റോയിയുടെ ശബ്ദം നിശബ്ദമാക്കപ്പെടേണ്ടതല്ലെന്ന് അഭിപ്രായപ്പെട്ട പുരസ്കാര നിർണയ സമിതി പാരിസ്ഥിതിക തകർച്ച മുതൽ മനുഷ്യാവകാശ ലംഘനങ്ങൾ വരെയുള്ള വിഷയങ്ങളിൽ അവർ നടത്തിയ വ്യാഖ്യാനങ്ങളെ പ്രശംസിച്ചു.

dot image

ഡൽഹി: ഈ വർഷത്തെ പെൻ പിന്റർ പുരസ്കാരത്തിന് ലോകപ്രസിദ്ധ എഴുത്തുകാരിയും ബുക്കര് പ്രൈസ് ജേതാവുമായ അരുന്ധതി റോയി അർഹയായി. നോബൽ സമ്മാന ജേതാവായ നാടകകൃത്ത് ഹരോൾഡ് പിൻ്ററിൻ്റെ സ്മരണയ്ക്കായി ഏർരപ്പെടുത്തിയ പ്രസിദ്ധ പുരസ്കരമാണ് ഇത്. അരുന്ധതി റോയിയുടെ ശബ്ദം നിശബ്ദമാക്കപ്പെടേണ്ടതല്ലെന്ന് അഭിപ്രായപ്പെട്ട പുരസ്കാര നിർണയ സമിതി പാരിസ്ഥിതിക തകർച്ച മുതൽ മനുഷ്യാവകാശ ലംഘനങ്ങൾ വരെയുള്ള വിഷയങ്ങളിൽ അവർ നടത്തിയ വ്യാഖ്യാനങ്ങളെ പ്രശംസിച്ചു.

ഇംഗ്ലീഷ് പെന് 2009ലാണ് ഈ പുരസ്കാരം നൽകിത്തുടങ്ങിയത്. യുകെ, റിപ്പബ്ലിക് ഓഫ് അയര്ലന്ഡ്, കോമണ്വെല്ത്ത് , മുന് കോമണ്വെല്ത്ത് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള എഴുത്തുകാര്ക്കാണ് പെന് പിന്റര് പുരസ്കാരം നല്കിവരുന്നത്. ഇംഗ്ലീഷ് പെന് അധ്യക്ഷന് റൂത്ത് ബോര്ത്ത്വിക്ക്, നടന് ഖാലിദ് അബ്ദല്ല, എഴുത്തുകാരന് റോജര് റോബിന്സണ് എന്നിവരായിരുന്നു ഈ വര്ഷത്തെ പുരസ്കാര നിർണയ സമിതി അംഗങ്ങള്. ഒക്ടോബര് 10ന് ബ്രിട്ടീഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തില് നടക്കുന്ന ചടങ്ങില് അരുന്ധതി റോയിക്ക് പുരസ്കാരം സമ്മാനിക്കും.

'പ്രചോദനാത്മകവും മനോഹരവുമായാണ് അനീതിയുമായി ബന്ധപ്പെട്ട അവശ്യകഥകൾ അരുന്ധതി പറയുക. ഇന്ത്യ സുപ്രധാന ശ്രദ്ധാകേന്ദ്രമായി എഴുത്തുകളിൽ നിലനിൽക്കുമ്പോഴും അവരൊരു സാർവദേശീയ ചിന്തകയാണ്. അവരുടെ ശബ്ദം നിശബ്ദമാക്കപ്പെടേണ്ടതല്ല'- പുരസ്കാര നിർണയ സമിതി അധ്യക്ഷൻ റൂത്ത് ബോര്ത്ത്വിക്ക് ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും ഉജ്ജ്വലമായ ശബ്ദമാണ് അരുന്ധതിയുടേതെന്ന് സമിതിയംഗം ഖാലിദ് അബ്ദുല്ല അഭിപ്രായപ്പെട്ടു. ലോകം അഭിമുഖീകരിച്ച നിരവധി പ്രതിസന്ധികളിലും ഇരുട്ടിലും അരുന്ധതിയുടെ കൃതികള് ഒരു നക്ഷത്രമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

പുരസ്കാരം ലഭിച്ചതിൽ അതീവസന്തോഷമുണ്ടെന്ന് അരുന്ധതി റോയി പ്രതികരിച്ചു. 'ലോകം ദുർഗ്രഹമായ വഴിത്തിരിവുകളിലേക്ക് തിരിഞ്ഞുപോകുന്ന ഇക്കാലത്ത് അതേക്കുറിച്ചെഴുതാൻ ഹാരോൾഡ് പിന്റർ നമുക്കൊപ്പം ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഇല്ലാത്തതുകൊണ്ടുതന്നെ നമ്മളിലാരെങ്കിലും നിർബന്ധമായും ആ വിടവ് നികത്താൻ ശ്രമിച്ചല്ലേ പറ്റൂ'. അരുന്ധതി റോയി പറഞ്ഞു.

അരുന്ധതി റോയിക്കെതിരെ യുഎപിഎ ചുമത്താൻ ഡല്ഹി ലഫ്നന്റ് ഗവര്ണര് വി കെ സക്സേന അനുമതി നൽകിയതിന് പിന്നാലെയാണ് പുരസ്കാര വാർത്ത എത്തിയിരിക്കുന്നത്. ഈ മാസം ആദ്യമാണ് അരുന്ധതിക്കെതിരെ നടപടിയെടുക്കാൻ അനുമതി നൽകിയത്. 2010ല് അരുന്ധതി പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പരാതിയിലാണ് അവരെയും കശ്മീര് കേന്ദ്ര സര്വകലാശാല പ്രൊഫസര് ഷെയ്ഖ് ഷൗക്കത്ത് ഹുസൈനിനെയും പ്രോസിക്യൂട്ട് ചെയ്യാന് അനുമതി നൽകിയിരിക്കുന്നത്. കശ്മീരിലെ സാമൂഹ്യ പ്രവര്ത്തകന് സുശില് പണ്ഡിറ്റിന്റെ പരാതി പ്രകാരമായിരുന്നു ഇരുവര്ക്കുമെതിരെ എഫ്ഐആര് ചുമത്തിയിട്ടുള്ളത്. 2010 ഒക്ടോബര് 21ന് രാഷ്ട്രീയ തടവുകാരെ വിട്ടയക്കുന്നതിന് 'ആസാദി ദ ഓണ്ലി വേ' എന്ന തലക്കെട്ടില് കമ്മിറ്റി ഫോര് റിലീസ് ഓഫ് പൊളിറ്റിക്കല് പ്രിസണേഴ്സ് സംഘടിപ്പിച്ച കോണ്ഫറന്സില് നടത്തിയ പ്രസംഗം പ്രകോപനപരമായിരുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ ഒക്ടോബറില് സിആര്പിസി 196ാം വകുപ്പ് പ്രകാരം ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാനും ലെഫ്നന്റ് ഗവര്ണര് അനുമതി നല്കിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us