ന്യൂഡൽഹി: ടെസ്ല കാറിന്റെ അത്ഭുതകരമായ സുരക്ഷയെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകളാണ് എക്സ് പ്ലാറ്റ്ഫോമിൽ നടക്കുന്നത്. ഭീകരമായ കാർ അപകടത്തിന്റേയും യാത്രക്കാർ ചെറ പരിക്കുകളോടെ രക്ഷപ്പെട്ടതിന്റേയും ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ചർച്ചകൾ കൊഴുക്കുന്നത്. ടെസ്ല സിഇഒ ഇലോൺ മസ്കും കമന്റുമായി രംഗത്തെത്തിയതോടെ സംഗതി ട്രെന്റിങായി. നിരവധി പേർ വീഡിയോയ്ക്ക് താഴെ പ്രതികരണവുമായെത്തി. കാലിഫോർണിയയിൽ നിന്നുള്ള അപകട ദൃശ്യമാണ് പ്രചരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ പറയുന്നത്.
ആറോളം വാഹനങ്ങളെ ഇടിച്ച് ഏഴ് തവണ മലക്കം മറിഞ്ഞ ശേഷമാണ് കാർ നിന്നത്. ഡ്രൈവറടക്കം മൂന്നുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. എന്നാൽ ആർക്കും ഗുരുതര പരിക്കേറ്റിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. ഏഴ് തവണ കാർ മറിഞ്ഞു. ആരുടെയും ജീവൻ നഷ്ടപ്പെട്ടിട്ടില്ല. ടെസ്ലയുടെ വൈ മോഡൽ വാഹനമാണ് അപകടത്തിൽപെട്ടത്. അത്ഭുതകരമെന്ന കുറിപ്പോടെയാണ് @MarioNawfal എന്ന എക്സ് ഹാൻഡിലിൽ വീഡിയോ പങ്കുവെച്ചത്. ഇതിന് താഴെ, 'സുരക്ഷയാണ് ഞങ്ങളുടെ ഡിസൈനിന്റെ പ്രധാന ലക്ഷ്യം' എന്ന കമന്റുമായി സാക്ഷാൻ ടെസ്ല സി ഇ ഒ ഇലോൺ മസ്ക് തന്നെ രംഗത്തെത്തി. ഇതോടെ നിരവധി പേർ കമന്റുകളുമായും രംഗത്തെത്തിയിട്ടുണ്ട്.
🚨TESLA FLIPPED 7 TIMES IN CRASH: NO ONE DIED!
— Mario Nawfal (@MarioNawfal) June 25, 2024
Footage of an accident showing a Tesla Model Y flying through the air after a crash at high speeds.
In what looks almost miraculous, no one inside the car was seriously hurt. pic.twitter.com/pk0VdVuYAA
'ഏഴോളം തവണ മലക്കം മറിഞ്ഞിട്ടും എങ്ങനെയാണ് അവർ ഒന്നും സംഭവിക്കാതെ ഇരിക്കുന്നത്' എന്ന് ചിലർ സംശയം പ്രകടിപ്പിച്ചു. 'ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷയുള്ള കാറാണ് ടെസ്ല'യെന്ന് ചിലർ കമന്റ് ചെയ്തു. 'തന്റെ ഭാര്യയ്ക്ക് ടെസ്ല കാർ വാങ്ങിക്കൊടുക്കാൻ കാരണം തന്നെ സുരക്ഷയാണ്', എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. വാഹനം അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പേടകത്തിന് സാങ്കേതിക തകരാര്; സുനിതാ വില്യംസ് ഭൂമിയിലെത്താന് സമയമെടുക്കും