ന്യൂഡല്ഹി: ശതകോടീശ്വരന് ജോര്ജ് സോറോസിനൊപ്പം മന്മോഹന് സിംഗിന്റെ മകള് എന്ന പേരില് പ്രചരിക്കുന്ന ചിത്രം വ്യാജം. ജൂത വ്യവസായിയായ ജോര്ജ് സോറോസ് ഭാര്യ ടമികോ ബാല്റ്റനൊപ്പം നില്ക്കുന്ന ചിത്രമാണ് വ്യാജ തലക്കെട്ടില് പ്രചരിക്കുന്നത്. 2012 ല് ഇരുവരുടെയും വിവാഹ നിശ്ചയ സമയത്ത് എടുത്തതാണ് ചിത്രം.
'ഇന്ത്യയില് നടക്കുന്ന തീവ്രവാദ-നിയമവിരുദ്ധ പ്രവര്ത്തനങ്ങള്ക്ക് ഫണ്ട് ചെയ്യുന്ന ജോര്ജ് സോറോസിനൊപ്പം മന്മോഹന് സിംഗിന്റെ മകള്' എന്ന തരത്തിലാണ് ചിത്രം പ്രചരിപ്പിക്കുന്നത്. എന്നാല്, സോറോസും പങ്കാളിയും 2012 ആഗസ്റ്റ് 11 ന് ന്യൂയോര്ക്കിലെ സതാംപ്ടണിലെ വീട്ടില് നിന്നും പകര്ത്തിയതാണ് ചിത്രമെന്ന് റോയിറ്റേസിനെ ഉദ്ധരിച്ച് ദ ക്വിന്റ് റിപ്പോര്ട്ട് ചെയ്യുന്നു.
ചൈനീസ് പ്രസിഡന്റ് ഷി ജിന്പിംഗ്, യുഎസ് മുന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്, നരേന്ദ്രമോദി എന്നിവരടക്കമുള്ള നേതാക്കള്ക്കെതിരെ പലകുറി രംഗത്തെത്തിയ ജോര്ജ് സോറോസ്, യുഎസിലെ കാമ്പസുകളില് സംഘടിപ്പിച്ച പലസ്തീന് അനുകൂല വിദ്യാര്ത്ഥി പ്രതിഷേധങ്ങള്ക്ക് ഫണ്ട് നല്കുന്നുണ്ടെന്ന റിപ്പോര്ട്ടുകള് ഉള്പ്പെടെ പുറത്തുവന്നിരുന്നു.
ഹിന്ഡന്ബര്ഗ് റിപ്പോര്ട്ട് പുറത്തുവന്നതിന് പിന്നാലെ 2022 ലെ ലോകസമ്പന്നരുടെ പട്ടികയില് മൂന്നാം സ്ഥാനത്തായിരുന്ന അദാനി ഗ്രൂപ്പ് കൂപ്പുകുത്തിയിരുന്നു. ഇതിന് പിന്നാലെ ഗൗതം അദാനിക്കെതിരെ ജോര്ജ് സോറോസ് നടത്തിയ പ്രസ്താവനയും ശ്രദ്ധേയമായിരുന്നു. അദാനി പ്രതിസന്ധി ഇന്ത്യയില് ജനാധിപത്യത്തിന്റെ പുനരുജ്ജീവനത്തിന് കാരണമാകുന്നുവെന്നായിരുന്നു ജോര്ജ് സോറോസ് പറഞ്ഞത്. വിഷയത്തില് പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും വിദേശ നിക്ഷേപകരോടും പാര്ലമെന്റിലും അദ്ദേഹത്തിന് മറുപടി പറയേണ്ടി വരുമെന്നും സോറോസ് പറഞ്ഞിരുന്നു. പിന്നാലെ ബിജെപി നേതാക്കള് ഉള്പ്പെടെ സോറോസിനെതിരെ രംഗത്തെത്തിയിരുന്നു.