ഇറാനിൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; നാല് സ്ഥാനാർത്ഥികൾ മത്സരരംഗത്ത്

മുൻ പ്രസിഡൻറ് ഇബ്രാഹിം റെയിസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്

dot image

ടെഹ്റാൻ: ഇറാനില് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തുടക്കം. ഇന്ത്യൻ സമയം രാവിലെ 8 മണിക്കാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. വൈകീട്ട് ആറ് മണിവരെയാണ് തിരഞ്ഞെടുപ്പ്. നാല് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മുൻ പ്രസിഡൻറ് ഇബ്രാഹിം റെയിസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബഗർ ഗാലിബാഫ് നിയമനിർമ്മാതാവ് മസൂദ് പെസെഷ്കിയാൻ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ സയീദ് ജലീലി സുരക്ഷാ ഉദ്യോഗസ്ഥൻ മൊസ്തഫ പൗർമുഹമ്മദി എന്നിവരാണ് മത്സരരംഗത്തുള്ളത്. നേരത്തെ ആറ് പേർ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും രണ്ടുപേർ പിന്മാറിയിരുന്നു. ടെഹ്റാൻ മേയർ അലിറേസ സകാനി, സർക്കാർ ഉദ്യോഗസ്ഥൻ അമീർ-ഹുസൈൻ ഗാസിസാദെ ഹഷേമി എന്നിവരാണ് തിരഞ്ഞെടുപ്പിന് മുമ്പ് മത്സരരംഗത്ത് നിന്നും പിന്മാറിയത്.

ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനി അടക്കമുള്ളവർ വോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ഖൊമേനി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. “സംശയത്തിൻ്റെ ഒരു കാരണവും ഞാൻ കാണുന്നില്ല, ഉയർന്ന പോളിംഗ് ശതമാനം ആവശ്യമാണ്. തിരഞ്ഞെടുപ്പ് പ്രധാനമായ രാഷ്ട്രീയ പരീക്ഷണമാണെന്നും ഖൊമേനി പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമായി ആകെ 61,452,321 പേർക്ക് വോട്ട് ചെയ്യാൻ അർഹതയുണ്ടെന്ന് ഇറാനിയൻ ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച രാവിലെ അറിയിച്ചിരുന്നു. 2021ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില് 48 ശതമാനമായിരുന്നു പോളിങ്ങ് രേഖപ്പെടുത്തിയത്. 1979ന് ശേഷം പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില് രേഖപ്പെടുത്തിയ ഏറ്റവും കുറവ് പോളിങ്ങായിരുന്നിത്.

നേരത്തെ പ്രമുഖരായ പലരും പ്രസിഡൻ്റ് സ്ഥാനാർത്ഥിയാകാൻ യോഗ്യരല്ലെന്ന് ഗാർഡിയൻ കൗൺസിൽ കണ്ടെത്തിയിരുന്നു. മുൻ പ്രസിഡൻ്റ് മഹ്മൂദ് അഹമ്മദി നെജാദ്, മൂന്ന് തവണ പാർലമെൻ്റ് സ്പീക്കറായിരുന്ന അലി ലാരിജാനി, മുൻ പ്രസിഡൻ്റ് ഹസൻ റൂഹാനിയുടെ ആദ്യ വൈസ് പ്രസിഡൻ്റായിരുന്ന ഇഷാഖ് ജഹാംഗിരി, പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനിയുടെ വിശ്വസ്തനായ വഹിദ് ഹഗാനിയൻ, റോഡ്, നഗരവികസന മന്ത്രി മെഹർദാദ് ബസർപാഷും തുടങ്ങിയവർ സ്ഥാനാർത്ഥികളാകാൻ യോഗ്യരല്ലെന്ന് കണ്ടെത്തിയിരുന്നു. എന്തുകൊണ്ടാണ് ഇവരുടെ സ്ഥാനാർത്ഥിത്വം നിരസിക്കപ്പെട്ടതെന്ന് ഗാർഡിയൻ കൗൺസിൽ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.

ഗാർഡിയൻ കൗൺസിൽ ഇറാൻ്റെ ഏറ്റവും ഉയർന്ന ഭരണഘടനാ പരിശോധനാ സംവിധാനമാണ്. മറ്റ് കാര്യങ്ങൾക്കൊപ്പം, പ്രസിഡൻ്റ്, പാർലമെൻ്റ് തിരഞ്ഞെടുപ്പുകളിൽ ആർക്കൊക്കെ മത്സരിക്കാമെന്ന് തീരുമാനിക്കാനുള്ള ചുമതലയും ഗാർഡിയൻ കൗൺസിലിനുണ്ട്. 12 അംഗങ്ങളാണ് ഗാർഡിയൻ കൗൺസിലിൽ ഉള്ളത്. പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനി നേരിട്ട് നിയമിക്കുന്ന ഇസ്ലാമിക കർമ്മശാസ്ത്രത്തിൽ മികവ് പുലർത്തുന്ന ആറ് പുരോഹിതന്മാരും, ഖൊമേനി തന്നെ നിയമിച്ച ജുഡീഷ്യറി മേധാവി തിരഞ്ഞെടുക്കുന്ന ആറ് നിയമ വിദഗ്ധരും ഉൾപ്പെടുന്നതാണ് ഗാർഡിയൻ പാനൽ. 2020 മുതലുള്ള എല്ലാ പ്രസിഡൻഷ്യൽ, പാർലമെൻ്റ് തെരഞ്ഞെടുപ്പുകളിലും മിതവാദികളും പരിഷ്കരണവാദികളുമായ സ്ഥാനാർത്ഥികളെ ഗാർഡിയൻ കൗൺസി അയോഗ്യരാക്കിയിരുന്നു. യാഥാസ്ഥിതിക വിഭാഗങ്ങൾക്ക് മാത്രമാണ് മത്സരിക്കാൻ അവസരം കൊടുത്തത്. ഈ തെരഞ്ഞെടുപ്പിൽ മത്സരത്തിനൊരുങ്ങിയ 80 സ്ഥാനാർത്ഥികളിൽ ആറ് പേർക്ക് മാത്രമാണ് മത്സരത്തിന് അനുമതി ലഭിച്ചത്.

നേരത്തെ ഹെലികോപ്റ്റര് അപകടത്തില് പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതിന് പിന്നാലെ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര് ഇറാന്റെ താല്ക്കാലിക പ്രസിഡന്റായി ചുമതലയേറ്റിരുന്നു. നിലവിലെ പ്രസിഡന്റ് മരണപ്പെട്ടാല് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഭരണഘടനയിലെ 130, 131 വകുപ്പുകള് പ്രകാരം പരമോന്നത നേതാവിന്റെ അനുമതിയോടെ പ്രഥമ വൈസ് പ്രസിഡന്റിന് പ്രസിഡന്റിന്റെ ചുമതല കൈമാറുകയെന്നതാണ് ആദ്യ നടപടിക്രമം. ഇതനുസരിച്ചായിരുന്നു മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡൻ്റായത്. പുതിയ പ്രസിഡന്റ് ചുമതലയേല്ക്കുന്നതുവരെ പ്രഥമ വൈസ് പ്രസിഡന്റാണ് രാജ്യത്തെ നയിക്കുകയെന്നും ഭരണഘടനയില് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us