ട്രംപിന് മുന്നിൽ തുടക്കത്തിലെ പതറി ബൈഡൻ; ആദ്യ സംവാദത്തിനൊടുവിൽ പ്രസിഡൻ്റ് '1-0ന് പിന്നിൽ'

ബൈഡന്റെ ഈ മോശം പ്രകടനത്തിനെതിരെ ഡെമോക്രാറ്റുകൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്

dot image

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വ്യവസ്ഥയിൽ വളരെ നിർണായകമാണ് സ്ഥാനാർത്ഥികൾ തമ്മിലുളള സംവാദത്തിനുള്ളത്. ഡെമോക്രാറ്റ്, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ ഏറ്റുമുട്ടുന്ന സംവാദങ്ങൾ 1960 മുതലാണ് തുടങ്ങിയത്. അമേരിക്കൻ ജനതയെ സംബന്ധിച്ച് സ്ഥാനാർത്ഥികളെ അടുത്തറിയാനും അവരുടെ കാഴ്ചപ്പാടുകൾ എന്തൊക്കെയെന്ന് മനസിലാക്കാനുള്ള സാധ്യതയാണ് ഈ സംവാദങ്ങൾ. ജനങ്ങളുടെ വോട്ടിംഗ് രീതികളിൽ ഈ സംവാദങ്ങൾക്ക് വലിയ സ്വാധീനമുള്ളതായും തെരഞ്ഞെടുപ്പ് വിശകലങ്ങളിൽനിന്ന് വ്യക്തമാണ്.

2024 നവംബറിൽ നടക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം ജോ ബൈഡനും ഡൊണാൾഡ് ട്രംപും തമ്മിലുള്ള സംവാദം നടന്നിരുന്നു. രണ്ട് സംവാദങ്ങളിലെ ആദ്യ സംവാദമാണ് കഴിഞ്ഞ ദിവസം നടന്നത്. വിലക്കയറ്റവും, വിദേശനയവും അടക്കം ശക്തമായ വാദമുഖങ്ങളുമായി ഇരുവരും ഏറ്റുമുട്ടിയപ്പോൾ ആർക്കായിരുന്നു മേൽക്കൈ എന്നറിയാനായിരുന്നു എല്ലാവർക്കും ആകാംഷ. അതിന്റെ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

സിഎൻഎൻ പോൾ ഫലങ്ങൾ പ്രകാരം ആദ്യ സംവാദത്തിൽ 67% പേർ ട്രംപ് ജയിച്ചുവെന്നും 33% പേർ ബൈഡൻ ജയിച്ചുവെന്നും വിശ്വസിക്കുന്നു. സംവാദം കണ്ട പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത് ഈ രീതിയിലാണെങ്കിൽ ബൈഡന് തങ്ങളെ നയിക്കാൻ കഴിയില്ലെന്നും അദ്ദേഹത്തിന്റെ കഴിവ് നഷ്ടപ്പെട്ടു എന്നുമാണ്.

വിവിധ അമേരിക്കൻ മാധ്യമങ്ങളും ബൈഡന് അനുകൂലമായല്ല രംഗത്തെത്തിയിരിക്കുന്നത്. ന്യൂയോർക്ക് ടൈംസ് ട്രംപിന് അനുകൂലമായാണ് വിധിയെഴുതിയത്. രാഷ്ട്രീയ നിരീക്ഷകനായ മിഷേൽ ഗോൾഡ്ബെർഗും ട്രംപിനെ അനുകൂലിച്ചു. 'ട്രംപ് അനവധി കള്ളങ്ങളാണ് പറഞ്ഞത്. എന്നാൽ അവയെ ഒന്ന് പ്രതിരോധിക്കാൻ പോലും ബൈഡനായില്ല. അദ്ദേഹത്തിന് വയ്യ. ബൈഡനെ മാറ്റാനുളള ശ്രമങ്ങൾ നടക്കുകയാണെങ്കിൽ താൻ മുൻപന്തിയിലുണ്ടാകും' അദ്ദേഹം പറഞ്ഞു.

ദി ടൈംസ്, ജെ ബൈഡൻ സംവാദത്തിൽ ദയനീയമായി പരാജയപ്പെട്ടുവെന്നും ആദ്യത്തെ ഇരുപത് മിനുട്ടുകളിൽത്തന്നെ ബൈഡന്റെ അവസ്ഥ പരിതാപകരമായിരുന്നുവെന്നുമാണ് എഴുതിയത്. സിഎൻഎൻ പത്രപ്രവർത്തകർ ബൈഡൻ ആദ്യ സംവാദത്തിൽ മുഴുവനായും പരാജയമായിരുന്നുവെന്ന് തുറന്നെഴുതി. അദ്ദേഹം ഇത്രയും മോശമാകുമെന്ന് ഒരിക്കലും കരുതിയില്ലെന്നും വിശ്വസിക്കാനാകുന്നില്ലെന്നും അവർ എഴുതി. ബൈഡന്റെ ഈ മോശം പ്രകടനത്തിനെതിരെ ഡെമോക്രാറ്റുകൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇങ്ങനെ പോയാൽ തോൽക്കുമെന്നും ബൈഡൻ നിരാശപ്പെടുത്തുന്നുവെന്നും രാജ്യത്തിന്റെ പല ഭാഗത്തുനിന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

യുഎസ് നേരിടുന്ന അനവധി വിഷയങ്ങൾ ഉയർത്തി കനത്ത സംവാദമാണ് ഇരുവരും തമ്മിൽ നടന്നത്. സംവാദത്തിന് മുൻപ് ഇരുവരും പരസ്പരം കൈ കൊടുക്കാൻ പോലും തയ്യാറായില്ല എന്നത് രാഷ്ട്രീയ വൈരാഗ്യത്തിന്റെ ആഴം കൂടുതൽ വ്യക്തമാക്കുന്നതായിരുന്നു. കത്തിക്കയറുന്ന വിലക്കയറ്റത്തിൽ രൂക്ഷമായി ബൈഡനെ വിമർശിച്ചായിരുന്നു ട്രംപ് സംവാദം തുടങ്ങിയത്. ബൈഡൻ തികഞ്ഞ പരാജയമായിരുന്നുവെന്നും വിലക്കയറ്റം ജനങ്ങളെ കൊല്ലുകയാണെന്നും ട്രംപ് വിമർശിച്ചിരുന്നു.

എന്നാൽ ട്രംപിന്റെ ഭരണകാലയളവിൽ ജനങ്ങൾക്ക് സംഭവിച്ച തൊഴിൽനഷ്ടങ്ങൾ ചൂണ്ടിക്കാട്ടി ബൈഡൻ തിരിച്ചടിക്കുകയായിരുന്നു. കൊവിഡ് കാലത്ത് കൂപ്പുകുത്തിയ തൊഴിൽ വ്യവസ്ഥ തന്റെ കാലത്താണ് പൂർവസ്ഥിതിയിലായതെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി. ട്രംപ് രാജ്യത്ത് കുറിയേറിവന്നവരോട് ക്രൂരത കാട്ടിയെന്നും അമ്മമാരെയും കുഞ്ഞുങ്ങളെയും അടക്കം മനഃപൂർവം വെവ്വേറെ സ്ഥലങ്ങളിൽ പൂട്ടിയിട്ടെന്നുമെല്ലാം ബൈഡൻ ആരോപിച്ചു.

അമേരിക്കൻ രാഷ്ട്രീയത്തിൽ മാത്രം ആദ്യഘട്ടത്തിൽ തങ്ങി നിന്ന ചർച്ച പിന്നീട് പതിയെ അന്താരാഷ്ട്ര തലത്തിലേക്കും മാറി. താനായിരുന്നു പ്രസിഡന്റ് എങ്കിൽ യുക്രെയ്ൻ യുദ്ധം നടക്കുമായിരുന്നില്ലെന്ന് ട്രംപ് പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് സേനയുടെ പിന്മാറ്റം രാജ്യത്തിന്റെ ചരിത്രത്തിലെത്തന്നെ മോശം ദിനങ്ങളിൽ ഒന്നാണെന്നും താനായിരുന്നെങ്കിൽ ഇങ്ങനെ നാണംകെട്ട് ഇറങ്ങില്ലായിരുന്നുവെന്നും ട്രംപ് ആഞ്ഞടിച്ചു. പലസ്തീനെ അംഗീകരിക്കുന്നത് താൻ ആലോചിച്ച് മാത്രം എടുക്കുന്ന തീരുമാനമാകുമെന്നും ട്രംപ് പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us