വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ പൊതുസംവാദത്തിലെ പരാജയത്തിന് ശേഷം, തൻ്റെ ഭാവി പ്രചാരണത്തെക്കുറിച്ച് ക്യാമ്പ് ഡേവിഡിൽ കുടുംബവുമായി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ചർച്ച ചെയ്യുമെന്ന് റിപ്പോർട്ട്. പരാജയത്തിന് ശേഷം ജോ ബൈഡൻ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് പരിഗണിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാൽ അത്തരത്തിലുളള ഒരു സാധ്യതയുമില്ലെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. ജൂൺ 23 ന് പ്രസിഡൻഷ്യൽ റിട്രീറ്റിലേക്കുള്ള യാത്ര പരസ്യമായി പ്രഖ്യാപിച്ചതാണെന്നും കുടുംബയോഗം പ്രചാരണത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ഔപചാരിക ചർച്ചയല്ലെന്നും വൈറ്റ് ഹൗസിൽ നിന്നും അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ചത്തെ സംവാദത്തിന് മുമ്പ് ആസൂത്രണം ചെയ്തതാണ് കുടുംബവുമായുള്ള കൂടിക്കാഴ്ചയാണെന്നാണ് റിപ്പോർട്ട്.
വ്യാഴാഴ്ച രാത്രി നടന്ന ആദ്യ പൊതുസംവാദത്തിൽ ബൈഡന്റെ വാക്കുകളിൽ ഇടയ്ക്കിടെ പതറിയിരുന്നു. ഇത് അദ്ദേഹത്തിൻ്റെ പ്രായാധിക്യത്തെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിതെളിച്ചിരുന്നു. ബൈഡൻ്റെ ആരോഗ്യാവസ്ഥ ഡെമോക്രാറ്റുകൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചതായും റിപ്പോർട്ടുകളുണ്ട്. സംവാദത്തിന് പിന്നാലെ ബൈഡനെതിരെ നിലപാട് കടുപ്പിച്ച് ന്യൂയോർക്ക് ടൈംസ് രംഗത്ത് വന്നിരുന്നു. ബൈഡൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽനിന്ന് പിന്മാറണമെന്നും വേറെ മത്സരാർത്ഥിയെ പരിഗണിക്കണമെന്നും പത്രം ആവശ്യപ്പെട്ടു.
'To Serve His Country, President Biden Should Leave the Race' എന്ന തലക്കെട്ടിലാണ് ബൈഡനെതിരെ എഡിറ്റോറിയൽ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ' ബൈഡൻ ഇപ്പോൾ അദ്ദേഹത്തിന്റെ നിഴലിൽ മാത്രമാണ്. അദ്ദേഹത്തിന്റെ ആദ്യ ഊഴത്തിൽ രാജ്യം ഒരുപാട് നേട്ടങ്ങൾ നേടിയെങ്കിലും, രണ്ടാമതും അധികാരത്തിൽ വന്നാൽ എന്താണ് ജനങ്ങൾക്ക് വേണ്ടി ചെയ്യുക എന്നത് ബൈഡന് പറയാൻ കഴിഞ്ഞില്ല. ട്രംപിന്റെ ആരോപണങ്ങൾ ഒന്നിന് പോലും ബൈഡന് മറുപടിയുണ്ടായില്ല. അദ്ദേഹത്തിന്റെ നുണകൾക്കും, തോൽവികൾക്കുമെല്ലാം ബൈഡന്റെ മറുപടി മൗനം മാത്രമായിരുന്നു'; എഡിറ്റോറിയൽ ലേഖനത്തിൽ പറയുന്നു.
നേരത്തെ 'Joe Biden, a good man and a good president, has no business running for re-election' എന്ന തലക്കെട്ടിലും ബൈഡനെതിരെ ലേഖനം വന്നിരുന്നു. പൊതുസംവാദത്തിലെ മോശം പ്രകടനത്തിന് ശേഷം ബൈഡനെതിരെ പല ഭാഗങ്ങളിൽ നിന്നും ആരോപണങ്ങൾ ഉയരുന്നതിന് പുറമെയാണ് ന്യൂ യോർക്ക് ടൈംസും പരസ്യ നിലപാടെടുത്തത്. എല്ലാ തരത്തിലും ട്രംപിന്റെ മുൻപിൽ അടിപതറുന്നതായിരുന്നു ആദ്യ പൊതുസംവാദത്തിലെ ബൈഡന്റെ പ്രകടനം. സിഎൻഎൻ പോൾ ഫലങ്ങൾ പ്രകാരം ആദ്യ സംവാദത്തിൽ 67% പേർ ട്രംപ് ജയിച്ചുവെന്നും 33% പേർ ബൈഡൻ ജയിച്ചുവെന്നും വിശ്വസിക്കുന്നു. സംവാദം കണ്ട പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത് ഈ രീതിയിലാണെങ്കിൽ ബൈഡന് തങ്ങളെ നയിക്കാൻ കഴിയില്ലെന്നും അദ്ദേഹത്തിന്റെ കഴിവ് നഷ്ടപ്പെട്ടു എന്നുമാണ്.
സംവാദത്തിൽ മോശം പ്രകടനം; ബൈഡൻ മത്സരിക്കാൻ യോഗ്യനല്ലെന്ന് ആദ്യം തുറന്നെഴുതിയത് ന്യൂയോർക്ക് ടൈംസ്ദി ടൈംസ്, ജെ ബൈഡൻ സംവാദത്തിൽ ദയനീയമായി പരാജയപ്പെട്ടുവെന്നും ആദ്യത്തെ ഇരുപത് മിനുട്ടുകളിൽത്തന്നെ ബൈഡന്റെ അവസ്ഥ പരിതാപകരമായിരുന്നുവെന്നുമാണ് എഴുതിയത്. സിഎൻഎൻ പത്രപ്രവർത്തകർ ബൈഡൻ ആദ്യ സംവാദത്തിൽ മുഴുവനായും പരാജയമായിരുന്നുവെന്ന് തുറന്നെഴുതി. അദ്ദേഹം ഇത്രയും മോശമാകുമെന്ന് ഒരിക്കലും കരുതിയില്ലെന്നും വിശ്വസിക്കാനാകുന്നില്ലെന്നും അവർ എഴുതി. ബൈഡന്റെ ഈ മോശം പ്രകടനത്തിനെതിരെ ഡെമോക്രാറ്റുകൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇങ്ങനെ പോയാൽ തോൽക്കുമെന്നും ബൈഡൻ നിരാശപ്പെടുത്തുന്നുവെന്നും രാജ്യത്തിന്റെ പല ഭാഗത്തുനിന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.യുഎസ് നേരിടുന്ന അനവധി വിഷയങ്ങൾ ഉയർത്തി കനത്ത സംവാദമാണ് ഇരുവരും തമ്മിൽ നടന്നത്. സംവാദത്തിന് മുൻപ് ഇരുവരും പരസ്പരം കൈ കൊടുക്കാൻ പോലും തയ്യാറായില്ല എന്നത് രാഷ്ട്രീയ വൈരാഗ്യത്തിന്റെ ആഴം കൂടുതൽ വ്യക്തമാക്കുന്നതായിരുന്നു.