ന്യൂയോര്ക്ക്: അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ആദ്യ പൊതുസംവാദത്തില് ജോ ബൈഡന് അടിപതറിയത് ഡെമോക്രാറ്റിക് പാര്ട്ടിക്ക് ചെറുതല്ലാത്ത ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതോടെ 81കാരനായ ബൈഡനെ മാറ്റി പുതിയ സ്ഥാനാര്ത്ഥിയെ കൊണ്ടുവരണമെന്ന ആവശ്യം പാര്ട്ടിക്ക് അകത്തും പുറത്തും ശക്തമായി. 'President Joe Biden Should Leave The Race' എന്നാണ് ന്യൂയോര്ക്ക് ടൈംസ് എഡിറ്റോറിയല് ചൂണ്ടിക്കാണിച്ചത്.
നവംബറില് നടക്കാനിരിക്കുന്ന അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാഴാഴ്ചയാണ് റിപ്പബ്ലിക്കന് സ്ഥാനാര്ത്ഥി ഡൊണാള്ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്ത്ഥി ജോ ബൈഡനും തമ്മിലുള്ള ആദ്യ ടെലവിഷന് സംവാദം നടന്നത്. സംവാദത്തിനിടെ പലപ്പോഴും ഡൊണാള്ഡ് ട്രംപിന് മുന്നില് ബൈഡന് കുഴങ്ങി. സര്ക്കാരിനെതിരെയുള്ള ആരോപണങ്ങള് ഉള്പ്പടെ ഉയര്ത്തി ട്രംപ് വാദം കൊഴുപ്പിച്ചപ്പോള്, വീണ്ടും അധികാരത്തില് വന്നാല് എന്താണ് ജനങ്ങള്ക്ക് വേണ്ടി ചെയ്യാന് കഴിയുക എന്നത് പോലും ബൈഡന് വിശദീകരിക്കാന് കഴിഞ്ഞില്ല. ട്രംപിന്റെ ആരോപണങ്ങള്ക്ക് ഒന്നിന് പോലും ബൈഡന് മറുപടിയുണ്ടായില്ല. സിഎന്എന് പോള് ഫലങ്ങള് പ്രകാരം ആദ്യ സംവാദത്തില് 67 ശതമാനം പേര് ട്രംപ് ജയിച്ചുവെന്ന് പറഞ്ഞപ്പോള് 33 ശതമാനം പേര് മാത്രമാണ് ബൈഡന് ജയിച്ചുവെന്ന് പറഞ്ഞത്.
സംവാദത്തിന് പിന്നാലെ തന്നെ ബൈഡനെ മാറ്റണമെന്ന ആവശ്യം ശക്തമായി. ട്രംപിനേക്കാള് മൂന്ന് വയസ് മാത്രം മുതിര്ന്ന ബൈഡന്റെ പ്രായാധിക്യത്തെ കുറിച്ചും ഇതോടെ ചര്ച്ചകള് സജീവമായി. തന്റെ പ്രായത്തെ കുറിച്ചുള്ള 'ആശങ്കകള്' അവസാനിപ്പിക്കുക എന്നതായിരുന്നു ബൈഡന്റെ പ്രധാലക്ഷ്യമെന്നിരിക്കെയാണ് ആദ്യ സംവാദം തന്നെ തിരിച്ചടിച്ചത്. സംവാദം ആ ആശങ്കകള് കൂട്ടുക മാത്രമാണ് ചെയ്തത്.
ബൈഡന് പിന്മാറണമെന്ന ആവശ്യങ്ങള്ക്കൊപ്പം പകരം ആരെന്ന ചര്ച്ചകളും സജീവമായിട്ടുണ്ട്. ആന്താരാഷ്ട്രമാധ്യമങ്ങള് ഉള്പ്പടെ സാധ്യത കല്പ്പിക്കുന്നത് ഇവർക്കൊക്കെയാണ്.
1. കമല ഹാരിസ്
ബൈഡന് മാറി നില്ക്കാന് തീരുമാനിച്ചാല് വൈസ് പ്രസിഡന്റായ കമലാ ഹാരിസാണ് സ്ഥാനാര്ത്ഥിത്വത്തിലേക്ക് സാധ്യത കല്പ്പിക്കുന്നവരില് മുന് നിരയിലുള്ളത്. 59കാരിയുമായ കമലഹാരിസ് ഇന്ത്യന് വംശജയാണ്. എന്നാല് കമലാ ഹാരിസിനുള്ള റേറ്റിങ്ങുകള് വളരെ പിന്നിലാണെന്നത് അവരുടെ സ്ഥാനാര്ത്ഥിത്വം തീരുമാനിക്കപ്പെടുന്നതിൽ നിര്ണായകമാകും. മാത്രമല്ല ട്രംപിനെതിരെ മത്സരിച്ചാൽ കമഹ ഹാരിസ് വിയര്ക്കുമെന്നാണ അന്താരാഷ്ട്ര മാധ്യമങ്ങള് പറയുന്നത്.
2. ഗ്രെറ്റ്ചെന് വിറ്റ്മെര്
മിഷിഗണ് ഗവര്ണറായ 52കാരി വിറ്റ്മെര് ബൈഡന് പകരം എത്തിയേക്കുമെന്നും റിപ്പോര്ട്ടുകളുണ്ട്. 2001 മുതല് 2006 വരെ മിഷിഗണ് പ്രതിനിധി സഭയിലും 2006 മുതല് 2015 വരെ മിഷിഗണ് സെനറ്റിലും അവര് അംഗമായിരുന്നു. 2019ലാണ് അവര് ആദ്യമായി മിഷിഗണ് ഗവര്ണറാകുന്നത്. തോക്കുനിയമങ്ങള് കര്ശനമാക്കുന്നതിനും ഗര്ഭച്ഛിദ്ര നിരോധനങ്ങള് റദ്ദാക്കുന്നതിലും അനുകൂല തീരുമാനമെടുത്തയാളാണ് വിറ്റ്മെര്.
3. ഗാവിന് ന്യൂസം
കാലിഫോര്ണിയ ഗവര്ണറാണ് ഗാവിന് ന്യൂസം. കാലിഫോര്ണിയ ലെഫ്റ്റനന്റ് ഗവര്ണര്, സാന് ഫ്രാന്സിസ്കോ മേയര് തുടങ്ങിയ പദവികള് വഹിച്ചിട്ടുണ്ട്. കാലിഫോര്ണിയയ്ക്ക് പുറത്ത് തിരഞ്ഞെടുപ്പുകളില് ഡെമോക്രാറ്റുകള്ക്ക് അദ്ദേഹം നൽകിയ പിന്തുണ, വൈറ്റ് ഹൗസിനായി 'ഷാഡോ കാമ്പെയ്ന്' നടത്തുന്നുവെന്ന അഭ്യൂഹങ്ങള്ക്ക് കാരണമായിരുന്നു.
4. ജെ ബി പ്രിറ്റ്സ്കര്
ഇല്ലിനോയിസ് ഗവര്ണറാണ് ജെ ബി പ്രിറ്റ്സകര്. ബൈഡന് ശക്തനായ പകരക്കാരനെന്നാണ് 59കാരനായ പ്രിറ്റ്സകറിനെ വിശേഷിപ്പിക്കുന്നത്. പ്രിറ്റ്സ്കറിന്റെ കുടുംബമാണ് ലോകമെമ്പാടുമുള്ള ഹോട്ടല് ശൃംഖല ഹയാത്തിന്റെ ഉടമസ്ഥര്. ഇല്ലിനോയിസ് ഗവര്ണറായിരിക്കെ പ്രധാനപ്പെട്ട പല നിയമങ്ങളിലും സുപ്രധാന ഇടപെടല് അദ്ദേഹം നടത്തിയിട്ടുണ്ട്.
5. ജോഷ് ഷാപിറോ
2022 മുതല് പെന്സില്വാനിയ ഗവര്ണറാണ് ജോഷ് ഷാപിറോ. സംസ്ഥാനത്തിന്റെ ജനപ്രതിനിധി സഭയില് നാല് തവണയും പിന്നീട് രണ്ട് തവണ മോണ്ട്ഗോമറി കൗണ്ടി കമ്മീഷണറായും അദ്ദേഹം പ്രവര്ത്തിച്ചിട്ടുണ്ട്.
6. ഡീന് ഫിലിപ്സ്
ഈ വര്ഷം ആദ്യം ബൈഡനെതിരെ പ്രിലിമിനറിയില് ഏറ്റുമുട്ടിയിട്ടുള്ളയാളാണ് മിനെസോട്ട കോണ്ഗ്രസ്മാനായ ഡീന് ഫിലിപ്സ്. പിന്നീട് പിന്തുണയില് പിന്നിലായ ഫിലിപ്സ് മത്സരത്തില് നിന്ന് പിന്മാറി. ബൈഡന് പിന്മാറുകയാണെങ്കില് ഡീന് ഫിലിപ്പിനും മാധ്യമങ്ങള് സാധ്യത കല്പ്പിക്കുന്നുണ്ട്.
7. മിഷേല് ഒബാമ
മുന് പ്രസിഡന്റ് ബരാക് ഒബാമയുടെ പങ്കാളി മിഷേല് ഒബാമയുടെ പേരും ബൈഡന്റെ പകരക്കാരിയായി കേള്ക്കുന്നുണ്ട്. എന്നാല് മിഷേല് ഒബാമ മത്സരിക്കാന് സാധ്യത കുറവാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള് വിലയിരുത്തുന്നത്.
ബൈഡന് പിന്മാറുമോ?
പ്രസിഡന്റ് തിരഞ്ഞെടുപ്പില് ഡെമോക്രാറ്റിന് പുതിയ സ്ഥാനാര്ത്ഥി വരണമെങ്കില് അതിന് ബൈഡന് മത്സരത്തില് നിന്ന് പിന്മാറണം. സ്ഥാനാര്ത്ഥിയെ ഏകപക്ഷീയമായി മാറ്റാന് ഡെമോക്രാറ്റുകള്ക്കാവില്ല. ബൈഡന് മാറണമെന്ന ആവശ്യം ശക്തമാകുമ്പോഴും പ്രധാന ഡെമോക്രാറ്റിക് നേതാക്കളാരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല ഒബാമയും ബില് ക്ലിന്റനും അടക്കമുള്ള നേതാക്കള് ബൈഡന് പരസ്യപിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
പിന്മാറണോ വേണ്ടയോ എന്നതില് ബൈഡന് തന്നെ തീരുമാനമെടുക്കട്ടെയെന്നാണ് ഡെമോക്രാറ്റുകളുടെ നിലപാടെന്ന് എന്ബിസി ന്യൂസ് റിപ്പോര്ട്ട് ചെയ്യുന്നു. കുടുംബവുമൊത്ത് ചര്ച്ച ചെയ്ത് ബൈഡന് ഉചിതമായ തീരുമാനത്തിലെത്തുമെന്നും ഇവര് കരുതുന്നു. എന്നാല് മത്സരത്തില് നിന്ന് പിന്മാറുന്നതിനെ കുറിച്ച് ബൈഡന് ഇതുവരെ ചര്ച്ച നടത്തിയിട്ടില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള് വ്യക്തമാക്കുന്നത്.