ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള ജോ ബൈഡന്റെ സ്ഥാനാര്ത്ഥിത്വം കൂടുതല് വെല്ലുവിളി നിറഞ്ഞതായി മാറുന്നുവെന്ന ആശങ്ക അടുത്ത വൃത്തങ്ങളോട് മുന് അമേരിക്കന് പ്രസിഡന്റ് ബരാക് ഒബാമ സ്വകാര്യമായി പങ്കുവെച്ചതായി റിപ്പോര്ട്ട്. ജൂണ് 28ന് പ്രസിഡന്റ് സ്ഥാനാര്ത്ഥികള് തമ്മില് നടന്ന ആദ്യ സംവാദത്തില് ഡൊണാള്ഡ് ട്രംപിന് മുന്നില് ദയനീയമായ പ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു ഒബാമയുടെ പ്രതികരണമെന്നാണ് വാഷിങ്ങ്ടണ് പോസ്റ്റ് റിപ്പോര്ട്ട് ചെയ്യുന്നത്. സംവാദത്തിന് ശേഷം ജോ ബൈഡന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഡമോക്രാറ്റ് നേതാക്കള്ക്കിടയില് അസംതൃപ്തി വര്ദ്ധിക്കുന്നതിനിടയിലാണ് ഒബാമയുടെ ആശങ്കയും പുറത്ത് വരുന്നത്. നേരത്തെ ബൈഡന്റെ സ്ഥാനാര്ത്ഥിത്വത്തെ ശക്തമായി പിന്തുണച്ചിരുന്ന നേതാവാണ് ഒബാമ. സംവാദത്തിന് പിന്നാലെ ബൈഡനുമായി ഒബാമ സംസാരിക്കുകയും ചെയ്തിരുന്നു.
സംവാദത്തിന് പിന്നാലെ ബൈഡനെ പിന്തുണയ്ക്കുന്ന നിലപാട് ഒബാമ സ്വീകരിച്ചിരുന്നു. 'മോശമായ സംവാദ രാത്രി' ഉണ്ടായെങ്കിലും പ്രസിഡന്റ് മത്സരത്തില് തുടരുന്നുവെന്നായിരുന്നു ഒബാമയുടെ നിലപാട്. 'മോശമായ സംവാദ രാത്രികള് സംഭവിക്കുന്നു. എനിക്കതറിയാം, എന്നെ വിശ്വസിക്കൂ. ഈ തിരഞ്ഞെടുപ്പ് ജീവിതകാലം മുഴുവന് സാധാരണക്കാര്ക്കുവേണ്ടി പോരാടിയ ഒരാള്ക്കും സ്വന്തം കാര്യം മാത്രം ശ്രദ്ധിക്കുന്ന ഒരാള്ക്കും ഇടയിലുള്ളതാണ്. സത്യം പറയുന്ന, ശരിയും തെറ്റും അറിയുന്ന ഒരാള് അത് നേരിട്ട് അമേരിക്കന് ജനതയ്ക്ക് നല്കും. എന്നാല് സ്വന്തം നേട്ടത്തിന് വേണ്ടി പല്ലിളിച്ച് കിടക്കുയാണ് ഒരാള്. കഴിഞ്ഞ രാത്രിയും ഇതിന് മാറ്റമുണ്ടായില്ല. അതുകൊണ്ടാണ് നവംബറില് ഇത്രയധികം അപകടസാധ്യതയുള്ളത് എന്നായിരുന്നു നേരത്തെ ഒബാമയുടെ പ്രതികരണം.
ട്രംപുമായുള്ള ആദ്യ സംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെ ബൈഡന് വീണ്ടും മത്സരിക്കാനുള്ള തീരുമാനം പിന്വലിക്കണമെന്ന് മൂന്നിലൊന്ന് ഡമോക്രാറ്റുകളും ചിന്തിക്കുന്നതായി റോയിട്ടേഴ്സ് പോള് വ്യക്തമാക്കുന്നതായി റിപ്പോര്ട്ടുകളുണ്ടായിരുന്നു. അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ആദ്യ പൊതുസംവാദത്തില് ജോ ബൈഡന് അടിപതറിയത് ഡെമോക്രാറ്റിക് പാര്ട്ടിക്ക് ചെറുതല്ലാത്ത ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെ 81കാരനായ ബൈഡനെ മാറ്റി പുതിയ സ്ഥാനാര്ത്ഥിയെ കൊണ്ടുവരണമെന്ന ആവശ്യം പാര്ട്ടിക്ക് അകത്തും പുറത്തും ശക്തമായിരുന്നു. 'President Joe Biden Should Leave The Race' എന്ന് ന്യൂയോര്ക്ക് ടൈംസ് എഡിറ്റോറിയല് എഴുതിയിരുന്നു.
നവംബറില് നടക്കാനിരിക്കുന്ന അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാഴാഴ്ചയാണ് റിപ്പബ്ലിക്കന് സ്ഥാനാര്ത്ഥി ഡൊണാള്ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്ത്ഥി ജോ ബൈഡനും തമ്മിലുള്ള ആദ്യ ടെലിവിഷന് സംവാദം നടന്നത്. സംവാദത്തിനിടെ പലപ്പോഴും ഡൊണാള്ഡ് ട്രംപിന് മുന്നില് ബൈഡന് കുഴങ്ങിയിരുന്നു. സര്ക്കാരിനെതിരെയുള്ള ആരോപണങ്ങള് ഉള്പ്പടെ ഉയര്ത്തി ട്രംപ് വാദം കൊഴുപ്പിച്ചപ്പോള്, വീണ്ടും അധികാരത്തില് വന്നാല് എന്താണ് ജനങ്ങള്ക്ക് വേണ്ടി ചെയ്യാന് കഴിയുക എന്നത് പോലും ബൈഡന് വിശദീകരിക്കാന് കഴിഞ്ഞിരുന്നില്ല. ട്രംപിന്റെ ആരോപണങ്ങള്ക്ക് ഒന്നിന് പോലും ബൈഡന് മറുപടിയുണ്ടായില്ല. സിഎന്എന് പോള് ഫലങ്ങള് പ്രകാരം ആദ്യ സംവാദത്തില് 67 ശതമാനം പേര് ട്രംപ് ജയിച്ചുവെന്ന് പറഞ്ഞപ്പോള് 33 ശതമാനം പേര് മാത്രമാണ് ബൈഡന് ജയിച്ചുവെന്ന് പറഞ്ഞത്.