വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ പൊതുസംവാദത്തിൽ ഡൊണാള്ഡ് ട്രംപിനോട് ദയനീയ പ്രകടനം കാഴ്ചവെച്ച ജോ ബൈഡനെതിരെ സ്വന്തം പാർട്ടിയിലെ നേതാക്കൾ തന്നെ രംഗത്ത്. ഡെമോക്രാറ്റ് നേതാവായ ഇല്ല്യോഡ് ഡോഗറ്റ് ആണ് ബൈഡനെതിരെ പരസ്യമായി രംഗത്തുവന്നത്.
ഇത്തരത്തിൽ ബൈഡനെതിരെ ആദ്യമായാണ് ഒരു നേതാവ് പരസ്യമായി രംഗത്തുവരുന്നത്. 'ബൈഡനോടുള്ള അനാദരവ് കാരണമല്ല പിന്മാറണമെന്ന് പറയുന്നത്. അദ്ദേഹത്തോട് എന്നും എനിക്ക് ബഹുമാനമാണ്. പക്ഷേ ഈ മത്സരത്തിൽനിന്ന് അദ്ദേഹം പിന്മാറണം'; ഡോഗറ്റ് പറഞ്ഞു.
പൊതുസംവാദത്തിലെ മോശം പ്രകടനത്തിന് ശേഷം പാർട്ടിക്കുള്ളിൽത്തന്നെ ബൈഡനെതിരെ വിമർശനങ്ങൾ ശക്തമായിരുന്നു. അടക്കംപറച്ചിലുകളും രഹസ്യവിമർശനങ്ങളുമായി നിരവധി നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു. ന്യൂ യോർക്ക് ടൈംസ് പത്രം പോലും ബൈഡൻ പിന്മാറണമെന്ന് എഡിറ്റോറിയൽ ലേഖനത്തിൽ ആവശ്യപ്പെട്ടിരുന്നു. 'To Serve His Country, President Biden Should Leave the Race' എന്ന തലക്കെട്ടിലാണ് ബൈഡനെതിരെ എഡിറ്റോറിയൽ ലേഖനം പ്രസിദ്ധീകരിച്ചത്.
അമേരിക്കയിലെ പ്രശസ്ത രാഷ്ട്രീയ നിരൂപകനും എഴുത്തുകാരനുമായ ടക്കർ കാൾസണും ബൈഡനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തുവന്നിരുന്നു. ഡെമോക്രാറ്റുകൾ ഉടൻ തന്നെ ബൈഡന് പകരം വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ നിയമിക്കുമെന്നായിരുന്നു മുൻ ഫോക്സ് ന്യൂസ് അവതാരകൻ കൂടിയായിരുന്ന ടക്കർ കാൾസൺ പറഞ്ഞത്. 'ഒന്നുകിൽ അവർ ശരിക്കും മണ്ടന്മാരാണ് , അല്ലെങ്കിൽ അവർ കള്ളം പറയുന്നവരാണ്, തങ്ങളുടെ പ്രസിഡന്റ് സ്ഥാനാർത്ഥി 'ഡിമെൻഷ്യ' ബാധിച്ച് ഭരണ നിർവഹണത്തിന് സാധിക്കാത്ത അവസ്ഥയിലാണ് ഉള്ളത് എന്നത് അവർ മറച്ചു വെക്കുന്നു.' മാധ്യങ്ങളെ വിമർശിച്ച് കാൾസൺ പറഞ്ഞു.
അതേസമയം, തൻ്റെ ഭാവി പ്രചാരണത്തെക്കുറിച്ച് ക്യാമ്പ് ഡേവിഡിൽ കുടുംബവുമായി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ചർച്ച ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പരാജയത്തിന് ശേഷം ജോ ബൈഡൻ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് പരിഗണിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാൽ അത്തരത്തിലുളള ഒരു സാധ്യതയുമില്ലെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. ജൂൺ 23 ന് പ്രസിഡൻഷ്യൽ റിട്രീറ്റിലേക്കുള്ള യാത്ര പരസ്യമായി പ്രഖ്യാപിച്ചതാണെന്നും കുടുംബയോഗം പ്രചാരണത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ഔപചാരിക ചർച്ചയല്ലെന്നും വൈറ്റ് ഹൗസിൽ നിന്നും അറിയിച്ചിരുന്നു.