ലണ്ടൻ: പാർലമെന്റിന്റെ കാലാവധി പൂർത്തിയാകും മുമ്പ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ബ്രിട്ടനിൽ ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. വാശിയേറിയ പോരാട്ടം നടക്കുമ്പോഴും ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർക്കാണ് അഭിപ്രായ വോട്ടെടുപ്പുകൾ മുൻതൂക്കം നൽകുന്നത്. ഈ തിരഞ്ഞെടുപ്പ്, 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തിന് അന്ത്യം കുറിക്കുമെന്നാണ് അഭിപ്രായ വോട്ടെടുപ്പ് പ്രവചിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ താക്കോൽ സ്റ്റാർമർക്ക് കൈമാറുന്ന ദിവസമാകും വരാനിരിക്കുന്നതെന്നാണ് ആളുകളുടെ പ്രതികരണം. സാമ്പത്തിക പ്രതിസന്ധിയാണ് കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും ഒരേ പോലെ ഉയർത്തിയ പ്രചാരണ ആയുധം. പരസ്പരം പഴിചാരിയതും സാമ്പത്തിക പ്രതിസന്ധിയുടെ പേരിലായിരുന്നു.
ഋഷി സുനകിന് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം പ്രവചിക്കുമ്പോൾ തോൽവിയുടെ ആഘാതം കുറയ്ക്കാനാണ് കൺസർവേറ്റുകളുടെ ശ്രമം. ലേബർ പാർട്ടി രാജ്യം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചേക്കുമെന്നത് അംഗീകരിക്കുന്നുവെന്ന് കൺസർവേറ്റീവ് പാർട്ടി മന്ത്രി മെൽ സ്ട്രൈഡ് ബിബിസിയോട് പറഞ്ഞു. എന്നാൽ താൻ ഓരോ വോട്ടിനായും കഠിനമായി പ്രയത്നിക്കുമെന്നായിരുന്നു ഋഷി സുനകിന്റെ പ്രതികരണം.
പാർലമെന്റിൽ 650 ൽ 484 സീറ്റ് ലേബർ പാർട്ടി നേടുമെന്നാണ് പുറത്തുവരുന്ന നിരീക്ഷണം. 1997 ൽ ടോണി ബ്ലയർ ആണ് ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയിട്ടുള്ളത്. 418 സീറ്റാണ് അന്ന് ടോണി ബ്ലെയറിന്റെ ലേബർ പാർട്ടി സ്വന്തമാക്കിയത്. ഇതിലും വലിയ വിജയമാണ് സ്റ്റാമറിനെ കാത്തിരിക്കുന്നതെന്നാണ് അവസാന നിമിഷവും പുറത്തുവരുന്നത്. എന്നാൽ കൺസർവേറ്റീവ് പാർട്ടിയെ കാത്തിരിക്കുന്നത് 1834 ൽ പാർട്ടി നിലവിൽ വന്നതിന് ശേഷം നേരിടാൻ പോകുന്ന കനത്ത പരാജയമായിരിക്കുമെന്നാണ് വിലയിരുത്തൽ. 64 സീറ്റിന്റെ മാത്രം വിജയമാണ് കൺസർവേറ്റുകൾക്ക് ലഭിക്കുകയെന്നാണ് നിരീക്ഷണം.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോയ സമയം കൂടിയായിരുന്നു ഇന്ത്യൻ വംശജനായ ഋഷി സുനകിന്റെ ഭരണകാലം. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി കാലത്താണ് അധികാരത്തിലേറിയതെന്നും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനായെന്നുമായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ടുള്ള സുനകിന്റെ പ്രതികരണം. എന്നാൽ ഇനി ബ്രിട്ടന്റെ ഭാവി തീരുമാനിക്കാനുള്ള സമയമാണ് എന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോട് സ്റ്റാർമറുടെ ആദ്യ പ്രതികരണം. ലേബർ പാർട്ടിക്ക് വോട്ട് ചെയ്യുക എന്നാൽ രാജ്യത്തിന്റെ സ്ഥിരതയ്ക്കുള്ള വോട്ടാണെന്നതായിരുന്നു സ്റ്റാമറുടെ പ്രധാന പ്രചാരണ ആയുധം. ഇത് ഫലം കാണുന്നുവെന്നാണ് വോട്ടെടുപ്പിന്റെ അവസാനഘട്ടത്തിൽ ബ്രിട്ടനിൽ നിന്ന് ലഭിക്കുന്ന സൂചന.