വാഷിംഗ്ടൺ: ആദ്യ പൊതുസംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഗവർണർമാരുമായി ചർച്ച നടത്തിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ബൈഡന്റെ പ്രചാരണ വിഭാഗം ഈ വാർത്തകൾ പൂർണമായും നിഷേധിച്ചിട്ടുണ്ട്. പൊതുസംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെ ഡെമോക്രാറ്റ് പാർട്ടിയിലെ നിരവധി നേതാക്കൾത്തന്നെ ബൈഡനെതിരെ രംഗത്തെത്തിയിരുന്നു. ബൈഡന്റെ സ്ഥാനാര്ത്ഥിത്വം കൂടുതല് വെല്ലുവിളി നിറഞ്ഞതായി മാറുന്നുവെന്ന ആശങ്ക അടുത്ത വൃത്തങ്ങളോട് മുന് അമേരിക്കന് പ്രസിഡന്റ് ബരാക് ഒബാമ സ്വകാര്യമായി പങ്കുവെച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
സംവാദത്തിന് പിന്നാലെ ബൈഡനെ പിന്തുണയ്ക്കുന്ന നിലപാട് ഒബാമ സ്വീകരിച്ചിരുന്നു. 'മോശമായ സംവാദ രാത്രി' ഉണ്ടായെങ്കിലും പ്രസിഡന്റ് മത്സരത്തില് തുടരണമെന്നായിരുന്നു ഒബാമയുടെ നിലപാട്. 'മോശമായ സംവാദ രാത്രികള് സംഭവിക്കുന്നു. എനിക്കതറിയാം, എന്നെ വിശ്വസിക്കൂ. ഈ തിരഞ്ഞെടുപ്പ് ജീവിതകാലം മുഴുവന് സാധാരണക്കാര്ക്കുവേണ്ടി പോരാടിയ ഒരാള്ക്കും സ്വന്തം കാര്യം മാത്രം ശ്രദ്ധിക്കുന്ന ഒരാള്ക്കും ഇടയിലുള്ളതാണ്. സത്യം പറയുന്ന, ശരിയും തെറ്റും അറിയുന്ന ഒരാള് അത് നേരിട്ട് അമേരിക്കന് ജനതയ്ക്ക് നല്കും. എന്നാല് സ്വന്തം നേട്ടത്തിന് വേണ്ടി പല്ലിളിച്ച് കിടക്കുയാണ് ഒരാള്. കഴിഞ്ഞ രാത്രിയും ഇതിന് മാറ്റമുണ്ടായില്ല. അതുകൊണ്ടാണ് നവംബറില് ഇത്രയധികം അപകടസാധ്യതയുള്ളത് എന്നായിരുന്നു നേരത്തെ ഒബാമയുടെ പ്രതികരണം.
ജോ ബൈഡനെതിരെ സ്വന്തം പാർട്ടിയിലും എതിർപ്പ് ശക്തമാകുകയാണ്. ആദ്യമായി ഒരു ഡെമോക്രറ്റിക് നേതാവ്, ഇല്ല്യോഡ് ഡോഗറ്റ് ബൈഡനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. 'ബൈഡനോടുള്ള അനാദരവ് കാരണമല്ല പിന്മാറണമെന്ന് പറയുന്നത്. അദ്ദേഹത്തോട് എന്നും എനിക്ക് ബഹുമാനമാണ്. പക്ഷേ ഈ മത്സരത്തിൽനിന്ന് അദ്ദേഹം പിന്മാറണം'; ഡോഗറ്റ് വ്യക്തമാക്കിയിരുന്നു.
നേരത്തെ 'To Serve His Country, President Biden Should Leave the Race' എന്ന തലക്കെട്ടിൽ ബൈഡനെതിരെ ന്യൂ യോർക്ക് ടൈംസ് എഡിറ്റോറിയൽ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അമേരിക്കയിലെ പ്രശസ്ത രാഷ്ട്രീയ നിരൂപകനും എഴുത്തുകാരനുമായ ടക്കർ കാൾസണും ബൈഡനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തുവന്നിരുന്നു. ഇങ്ങനെ എല്ലാ രീതിയിലും സമ്മർദ്ദം ബൈഡനെ വരിഞ്ഞുമുറുക്കുകയാണ്.