ലണ്ടൻ: കെയ്ര് സ്റ്റാര്മറെ പ്രധാനമന്ത്രിയായി നിയമിച്ചതായി അറിയിച്ച് ബെക്കിങ്ങ്ഹാം കൊട്ടാരം. കൊട്ടാരം ഇറക്കിയ പത്രക്കുറിപ്പിലാണ് സ്റ്റാര്മറെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനം അറിയിച്ചിരിക്കുന്നത്. 'ചാള്സ് രാജാവ് ഇന്ന് കെയ്ര് സ്റ്റാര്മറിനെ സ്വീകരിക്കുകയും പുതിയ സര്ക്കാര് രൂപീകരിക്കാന് അഭ്യര്ത്ഥിക്കുകയും ചെയ്തു. സര് കെയ്ര്, ഹിസ് മജസ്റ്റിയുടെ അഭ്യര്ത്ഥന സ്വീകരിച്ചു. കെയ്ര് പ്രധാനമന്ത്രിയും ട്രഷറിയുടെ ആദ്യ പ്രഭുവുമായി നിയമിതനായി', ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവനയില് വ്യക്തമാക്കി.
നേരത്തെ ബെക്കിങ്ങ്ഹാം കൊട്ടരത്തിലെത്തി ചാള്സ് രാജാവിനെ കണ്ട് ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദം രാജിവെച്ചിരുന്നു. ഋഷി സുനകിന്റെ രാജിക്ക് പിന്നാലെ ലേബര് പാര്ട്ടി നേതാവ് കെയ്ര് സ്റ്റാര്മര് ചാള്സ് രാജാവിനെ സന്ദര്ശിച്ച് സര്ക്കാര് രൂപീകരിക്കാനുള്ള അനുമതി തേടി. നേരത്തെ കണ്സര്വേറ്റീവ് പാര്ട്ടിയുടെ പരാജയം അംഗീകരിച്ച ഋഷി സുനക് ലേബര് പാര്ട്ടിയുടെ നേതാവ് കെയ്ര് സ്റ്റാര്മറെ അഭിനന്ദിച്ചിരുന്നു.
നാനൂറിലധികം സീറ്റുകള് നേടിയാണ് സ്റ്റാര്മറുടെ നേതൃത്വത്തില് ചരിത്രവിജയം നേടി ലേബര് പാര്ട്ടി അധികാരത്തില് മടങ്ങിയെത്തിയിരിക്കുന്നത്. ലേബര് പാര്ട്ടി നേതാവ് കെയ്ർ സ്റ്റാർമർ ഹോള്ബോണ് ആന്ഡ് സെന്റ് പാന്ക്രാസില് നിന്നാണ് വിജയിച്ചത്. കണ്സര്വേറ്റീവ് പാര്ട്ടി തിരിച്ചടി നേരിടുമ്പോഴും പ്രധാനമന്ത്രി ഋഷി സുനക് റിച്ച്മൗണ്ട് ആന്ഡ് നോര്ത്താലര്ട്ടണില് വിജയിച്ചിരുന്നു. ലിബറല് ഡെമോക്രാറ്റ് നേതാവ് എഡ് ഡാവി വന് ഭൂരിപക്ഷത്തില് ജയിച്ചു. യുകെയിലെ ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തെന്ന് ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പറഞ്ഞു.
ബ്രിട്ടനിലെ ലേബര് പാര്ട്ടിയുടെ വിജയം; കെയ്ര് സ്റ്റാര്മര് എത്രമാത്രം ഇടതാണ്?