ലണ്ടൻ: യുകെ പാർലമെന്റിൽ തിളങ്ങാന് മലയാളിയും. ഇംഗ്ലണ്ടിലെ ആഷ്ഫോർഡില് ലേബർ പാർട്ടിയുടെ മലയാളി സ്ഥാനാർഥി സോജൻ ജോസഫ് വിജയിച്ചു. യുകെയിൽ ഇത്തരമൊരു സ്ഥാനം വഹിക്കുന്ന ആദ്യ മലയാളിയാണ് സോജൻ ജോസഫ്. ബ്രിട്ടീഷ് മുന് ഉപപ്രധാനമന്ത്രിയും കണ്സര്വേറ്റീവ് പാര്ട്ടി സ്ഥാനാര്ത്ഥിയുമായ ഡാമിയന് ഗ്രീനിനെയാണ് സോജന് ജോസഫ് പരാജയപ്പെടുത്തിയത്. ആഷ്ഫോർഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്എസിൽ മെന്റൽ ഹെൽത്ത് നഴ്സിങ് മേധാവിയുമാണ് ഇദ്ദേഹം. 2002 മുതൽ പൊതുരംഗത്ത് സജീവമാണ്.
കൺസർവേറ്റീവ് പാർട്ടിയുടെ സിറ്റിങ് സീറ്റായ ഇവിടെ സോജൻ ജോസഫ് 1779 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സോജൻ 15262 വോട്ടും കൺസർവേറ്റീവ് സ്ഥാനാർഥി ഡാമിൻ ഗ്രീൻ 13483 വോട്ടും നേടി. ഇവിടെ റിഫോം യുകെ പാർട്ടി 10141 വോട്ട് നേടി മൂന്നാം സ്ഥാനത്ത് എത്തിയത് സോജന്റെ വിജയത്തിന് സഹായകരമായി.
49 കാരനായ സോജന് ജോസഫ് കോട്ടയം കൈപ്പുഴ സ്വദേശിയാണ്. ബെംഗളുരൂവിൽ നഴ്സിങ് പഠനം പൂർത്തിയാക്കിയ സോജൻ മാന്നാനം കെ ഇ കോളജിലെ പൂർവവിദ്യാർഥിയാണ്. നഴ്സായി ജോലി ചെയ്യുന്നതിനിടെ രാഷ്ട്രീയത്തില് സജീവമാകുകയായിരുന്നു. 139 വര്ഷം മുമ്പ് ആഷ്ഫോര്ഡ് മണ്ഡലം രൂപീകരിച്ചശേഷം ഇതാദ്യമായിട്ടാണ് ലേബര് പാര്ട്ടി സ്ഥാനാര്ത്ഥി വിജയിക്കുന്നത്.