ആനയും കണ്ടാമൃഗവും കഴിഞ്ഞാല് കരയില് ജീവിക്കുന്ന ഏറ്റവും വലിയ മൂന്നാമത്തെ മൃഗമാണ് ഹിപ്പോ എന്ന ഹിപ്പോപൊട്ടാമസ്. പ്രായപൂര്ത്തിയായ ഒരു ആണ് ഹിപ്പോയുടെ ഭാരം 1,500കിലോഗ്രാമാണ്, പെണ് ഹിപ്പോയുടെ ഭാരം 1300 കിലോയും. ഇത്രയും ഭാരമുള്ള ഹിപ്പോപൊട്ടാമസ് പറക്കുന്നതിനെ കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ. വിശ്വസിക്കാനാവുന്നില്ലല്ലേ? പക്ഷെ ഇവ പറക്കും. എന്നാല് പക്ഷികളെ പോലെ പറക്കാന് കഴിയുമെന്നതല്ല ഇതിന്റെ അര്ത്ഥം. ഹിപ്പോപൊട്ടാമസ് വേഗതയില് ഉയര്ന്ന് ഓടുമ്പോള് അവയ്ക്ക് കുറച്ചു സമയം വായുവിലൂടെ സഞ്ചരിക്കാന് കഴിയുമെന്നാണ് പഠനങ്ങള്. യുകെയിലെ റോയല് വെറ്ററിനറി കോളേജിലെ ഗവേഷകരാണ് ഹിപ്പോകളെക്കുറിച്ചുള്ള ഈ കൗതുകകരമായ കണ്ടുപിടിത്തം നടത്തിയത്. 15% വരെ അതിവേഗതയില് ഓടുമ്പോഴാണ് ഹിപ്പോകള്ക്ക് ഇത്തരത്തില് പറക്കാനുള്ള കഴിവ് ലഭിക്കുന്നതെന്നാണ് ശാസ്ത്രജ്ഞന്മാര് പറയുന്നത്.
പല തരത്തിലുള്ള ഹിപ്പോപൊട്ടാമസുകളെയാണ് സാധാരണയായി കണ്ടുവരുന്നത്. സാധാരണ ഹിപ്പോപ്പൊട്ടാമസ്, ഹിപ്പോപ്പൊട്ടാമസ് ആംഫിബിയസ്, നൈല് ഹിപ്പോപ്പൊട്ടാമസ് എന്നിങ്ങനെയാണ് അവയെ വേര്തിരിച്ചിട്ടുള്ളത്. ഹിപ്പോപൊട്ടാമസുകളെ അത്ലറ്റിക് കഴിവിന്റെ അടിസ്ഥാനത്തില് ആനകള്ക്കും കണ്ടാമൃഗങ്ങള്ക്കും ഇടയിലാണ് നിര്ണ്ണയിച്ചിട്ടുള്ളതെന്ന് പരിണാമ ബയോമെക്കാനിക്സിനെക്കുറിച്ചുള്ള പഠനത്തിന് നേതൃത്വം നല്കിയ പ്രൊഫസര് ജോണ് ഹച്ചിന്സണ് പറഞ്ഞു. അപകടകാരികളാണെന്നതും രാത്രി ശീലങ്ങളും കാരണം ഹിപ്പോയെക്കുറിച്ച് പഠിക്കാന് അതികഠിമായ വെല്ലുവിളി നേരിടുന്നതായും ജോണ് ഹച്ചിന്സണ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും അപകടകരമായ മൃഗങ്ങളിലൊന്നാണ് ഹിപ്പോപൊട്ടാമസ്. പ്രകോപിതരാകുമ്പോള് അക്രമിക്കാന് ഒരു മടിയും കാണിക്കാത്ത മൃഗമാണ് ഹിപ്പോ, ചിലപ്പോളൊക്കെ പ്രകോപിരല്ലാത്തപ്പോഴും. എവല്യൂഷണറി ബയോമെക്കാനിക്സ് പ്രൊഫസര് ജോണ് ഹച്ചിന്സണും വെറ്ററിനറി വിദ്യാര്ത്ഥിനി എമിലി പ്രിംഗലും ചേര്ന്നാണ് ഇത്തരത്തിലൊരു കണ്ടുപിടുത്തം നടത്തിയത്. ഫ്ളമിംഗോ ലാന്ഡ് റിസോര്ട്ടില് താമസിപ്പിച്ച ഹിപ്പോകളെ നിരീക്ഷിക്കുകയും അവയുടെ ചലനങ്ങള് ചിത്രീകരിക്കുകയും ചുറ്റുമുള്ള സിസിടിവി വീഡിയോകളിലൂടെ പഠനം നടത്തുകയും ചെയ്തതിലൂടെയാണ് ഹിപ്പോകളുടെ ഇത്തരത്തിലൊരു കഴിവ് ഇവര് കണ്ടുപിടിച്ചത്.