ലണ്ടൻ: ഇന്ത്യൻ വംശജയായ യുകെ എംപി ശിവാനി രാജ പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തു. ഭഗവത്ഗീതയിൽ തൊട്ടായിരുന്നു ലെസ്റ്റർ ഈസ്റ്റിൽനിന്നുള്ള കൺസർവേറ്റീവ് എംപിയായ ശിവാനി സത്യപ്രതിജ്ഞ ചെയ്തത്. ഗുജറാത്തി പശ്ചാത്തലത്തിൽ നിന്നും വരുന്ന ബിസിനസ്സുകാരിയാണ് ശിവാനി രാജ.
37 വർഷത്തെ ലേബർ പാർട്ടി ആധിപത്യം തകർത്താണ് ശിവാനി ലെസ്റ്റർ ഈസ്റ്റിൽ വിജയിച്ചത്. 2022ലെ ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് കളിക്ക് ശേഷം ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ സംഘർഷമുണ്ടായ പ്രദേശം കൂടിയായിരുന്നു ലെസ്റ്റർ. എതിരാളിയും ലേബർ പാർട്ടി സ്ഥാനാർത്ഥിയുമായ രാജേഷ് അഗർവാളിന് 10,100 വോട്ടുകൾ ലഭിച്ചപ്പോൾ ശിവാനിക്ക് ലഭിച്ചത് 14,526 വോട്ടുകളാണ്.
'ലെസ്റ്റർ ഈസ്റ്റിൽ നിന്ന് പാർലമെന്റ് പ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞത് അഭിമാനകരമാണ്. കിംഗ് ചാൾസിനോടും രാജ്യത്തിനോടും കൂറ് പുലർത്തുമെന്ന് ഈയവസരത്തിൽ ഞാൻ ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുകയാണ്', എംപിയായി സത്യപ്രതിജ്ഞ ശേഷം ശിവാനി എക്സിൽ കുറിച്ചത് ഇങ്ങനെയാണ്;
നാനൂറിലധികം സീറ്റുകള് നേടിയാണ് കെയർ സ്റ്റാര്മറുടെ നേതൃത്വത്തില് ലേബര് പാര്ട്ടി യുകെയിൽ അധികാരത്തില് മടങ്ങിയെത്തിയിരിക്കുന്നത്. കണ്സര്വേറ്റീവ് പാര്ട്ടി കനത്ത തിരിച്ചടി നേരിയിട്ടപ്പോഴും പ്രധാനമന്ത്രി ഋഷി സുനക് റിച്ച്മൗണ്ട് ആന്ഡ് നോര്ത്താലര്ട്ടണില് വിജയിച്ചിരുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കെയർ സ്റ്റാർമറിനെ രാഹുൽ ഗാന്ധിയടക്കം അഭിനന്ദിച്ചിരുന്നു. സമത്വത്തോടെയുള്ള സാമ്പത്തിക വളർച്ച, ശക്തമായ സാമൂഹിക സേവനങ്ങളിലൂടെ എല്ലാവർക്കും മികച്ച അവസരങ്ങൾ, സാമൂഹ്യ ശാക്തീകരണം എന്നിവയ്ക്ക് ഊന്നൽ നൽകിയ തിരഞ്ഞെടുപ്പ് പ്രചാരണം യുകെയിലെ ജനങ്ങൾക്ക് മുതൽക്കൂട്ടായെന്ന് കെയർ സ്റ്റാർമറിന് അയച്ച കത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.