വാഷിംഗ്ടൺ: നാറ്റോ സമ്മേളനത്തിനിടയിൽ ബൈഡന് കുരുക്കായി വൻ നാക്കുപിഴ. നിരവധി രാജ്യങ്ങളുടെ പ്രതിനിധികൾ ഉണ്ടായിരുന്ന വേദിയിൽ യുക്രൈൻ പ്രസിഡന്റ് സെലൻസ്കിയെ ബൈഡൻ മാറിവിളിച്ചത് 'പുടിൻ' എന്നും വൈസ് പ്രസിഡന്റ് കമല ഹാരിസിന് പകരം 'ട്രംപ്' എന്നുമാണ്.
തന്റെ പ്രസംഗം തീർത്ത ശേഷം സെലൻസ്കിയെ മറുപടി പ്രസംഗത്തിനായി ക്ഷണിക്കുകയായിരുന്നു ബൈഡൻ. 'ഇനി ഞാൻ യുക്രൈൻ പ്രസിഡന്റിനെ സംസാരിക്കാനായി ക്ഷണിക്കുകയാണ്. പുടിന് സ്വാഗതം' എന്നായിരുന്നു ബൈഡന്റെ നാക്കുപിഴ. ശേഷം തെറ്റ് മനസിലായ ബൈഡൻ ഉനെത്തന്നെ തിരുത്തി. എന്നാൽ ഇതിനെ തമാശ രീതിയിൽ മാത്രമാണ് സെലൻസ്കി കണ്ടത്.
തീർന്നില്ല, സമ്മേളനത്തിന് ശേഷം മാധ്യമങ്ങളെ കാണുമ്പോളും ബൈഡന് വലിയൊരു നാക്കുപിഴ ഉണ്ടായി. വൈസ് പ്രസിഡന്റ് കമല ഹാരിസിനെയാണ് ഇപ്രാവശ്യം ബൈഡന് മാറിപ്പോയത്. പകരം പറഞ്ഞ പേരാകട്ടെ ചിരവൈരിയായ ഡൊണാൾഡ് ട്രംപിന്റേതും ! ' നോക്കൂ, വേണ്ടത്ര കഴിവില്ലെങ്കിൽ ഞാൻ ട്രംപിനെ വൈസ് പ്രസിഡന്റാക്കുമായിരുന്നോ' എന്നായിരുന്നു പരാമർശം.
ആദ്യ പൊതുസംവാദത്തിലെ മോശം പ്രകടനത്തിന് ശേഷം ബൈഡനെതിരെ രൂക്ഷമായ വിമർശനം ഉയരുന്നതിനിടെയാണ് ഈ നാക്കുപിഴകൾ ചർച്ചയാകുന്നത്. ബൈഡന് മറവിരോഗം ബാധിച്ചുവെന്ന് സ്വന്തം പാർട്ടിക്കുള്ളിൽത്തന്നെ വിമർശനം ഉയർന്നിരുന്നു. ഇതിനിടെ ബൈഡന് പാർക്കിൻസൺസ് രോഗമുണ്ട് എന്ന വാർത്ത വരെ പ്രചരിച്ചിരുന്നു. എന്നാൽ അവയെയെല്ലാം വൈറ്റ് ഹൗസ് തള്ളിയിരുന്നു.
അതേസമയം, ബൈഡനെതിരെ പാർട്ടിക്കുള്ളിൽത്തന്നെ പടയൊരുക്കം തകൃതിയാണ്. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നടനും ഡെമോക്രറ്റിക് പാർട്ടി അനുഭാവിയുമായ നടൻ ജോർജ് ക്ലൂണി രംഗത്തെത്തിയിട്ടുണ്ട്. മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസിയും സമാനമായ അഭിപ്രായം പങ്കുവെച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ക്ലൂണിയുടെ അഭിപ്രായപ്രകടനം.
ന്യൂയോർക്ക് ടൈംസ് പത്രത്തിലെഴുതിയ ലേഖനത്തിലായിരുന്നു ക്ലൂണി, ബൈഡൻ പിന്മാറണമെന്ന് പറഞ്ഞത്. 'പറയാൻ വിഷമമുണ്ട്. പക്ഷെ പറയാതെ പറ്റില്ലല്ലോ. ഞാൻ 2010ൽ കണ്ട ബൈഡനെയായിരുന്നില്ല മൂന്നാഴ്ച മുൻപ് കണ്ടത്. അന്ന് ടിബറ്റിൽ കണ്ട ബൈഡൻ അതേപോലെ എന്റെ മുൻപിൽ വന്നുനിൽകുകയായിരുന്നു...'; ജോർജ് ക്ലൂണി പറഞ്ഞു.