ബിജെപിയെ പരാജയപ്പെടുത്താന് ത്രിപുരയില് വീണ്ടും സഖ്യത്തിന് സിപിഐഎമ്മും കോണ്ഗ്രസും

രാജ്യത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തെ ഗുണപരമായി ഉപയോഗപ്പെടുത്താനാണ് സിപിഐഎം ശ്രമിക്കുന്നത്.

dot image

അഗര്ത്തല: ത്രിപുരയില് ഭരണകക്ഷിയായ ബിജെപിയുടെ കേഡര്മാര് പ്രതിപക്ഷ പാര്ട്ടി പ്രവര്ത്തകര്ക്കെതിരെ അക്രമം അഴിച്ചുവിടുകയാണെന്ന് സംസ്ഥാനത്തെ കോണ്ഗ്രസ്. വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില് സിപിഐഎമ്മും കോണ്ഗ്രസും തമ്മിലുള്ള സഖ്യചര്ച്ചകള് ആരംഭിച്ചതിന് പിന്നാലെയാണ് ഈ പ്രസ്താവന.

പടിഞ്ഞാറന് ത്രിപുര ജില്ലാ പരിഷത്തിലെ 16 സീറ്റുകളിലേക്ക് ഇടതുമുന്നണി നാമനിര്ദേശപത്രികകള് സമര്പ്പിച്ചു. ബിജെപിയെ തിരഞ്ഞെടുപ്പില് പരാജയപ്പെടുത്തണമെന്ന് ഇടതുമുന്നണി ആഹ്വാനം ചെയ്തു. രാജ്യത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തെ ഗുണപരമായി ഉപയോഗപ്പെടുത്താനാണ് സിപിഐഎം ശ്രമിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പില് ബിജെപിക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചത്. രാജ്യത്തെ ജനങ്ങള്, പ്രത്യേകിച്ച് ഗ്രാമീണ ജനത ബിജെപിയുടെ അഹംഭാവത്തിന് വലിയ അടിയാണ് നല്കിയത്. ത്രിപുര പഞ്ചായത്ത് തിരഞ്ഞെടുപ്പില് ബിജെപിക്കെതിരെ ഒരുമിക്കാനും പരാജയപ്പെടുത്താനും ഇതാണ് ശരിയായ സമയമെന്ന് ഇടതുമുന്നണി കണ്വീനര് നാരായണ് കര് പറഞ്ഞു.

ഇടതുമുന്നണിയും ബിജെപിയും തമ്മിലുള്ള പോരാട്ടമല്ല പഞ്ചായത്ത് തിരഞ്ഞെടുപ്പ്. സാധാരണ ജനങ്ങളും ബിജെപിയും തമ്മിലാണ്. ജനാധിപത്യപരമായി ബിജെപിക്കെതിരെ പോരാടുന്നത് ആരാണോ അവരെയെല്ലാവരെയും ഞങ്ങള് പിന്തുണക്കുമെന്നും നാരായണ് കര് പറഞ്ഞു.

പഞ്ചായത്ത് തിരഞ്ഞെടുപ്പില് ഒരുമിച്ച് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്ഗ്രസുമായി ചര്ച്ച നടക്കുന്നുണ്ടെന്ന് നാരായണ് കര് സമ്മതിച്ചു. എന്നാല് കൂടുതല് വിവരങ്ങള് നാരായണ് കര് പറഞ്ഞില്ല. നിയമസഭ തിരഞ്ഞെടുപ്പിലേത് പോലെ ഇടതുമുന്നണിയുമായി സഖ്യത്തിലെത്തുന്നതുമായി കോണ്ഗ്രസിനകത്തും യോഗങ്ങള് നടന്നുവരികയാണ്.

dot image
To advertise here,contact us
dot image