ലോകമെമ്പാടുമുള്ള സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും അവകാശത്തിനും വേണ്ടി പോരാടിയ മലാല യൂസഫ് സായിയുടെ ജന്മദിനമാണിന്ന്...യു എൻ ജൂലൈ 12 മലാല ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. താലിബാന്റെ തോക്കിന് മുൻപിൽ പോലും പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി മലാല പോരാടി. 2012 ഒക്ടോബർ 9 ആർക്കും അത്ര പെട്ടന്ന് മറക്കാനാവില്ല. വിദ്യാർഥികളുമായി മടങ്ങിയ പാകിസ്താനിലെ സ്കൂൾ ബസ് രണ്ട് അക്രമികൾ വളഞ്ഞു. ബസിനുള്ളിലുണ്ടായിരുന്നു മലാലയെയായിരുന്നു അവർക്ക് വേണ്ടിയിരുന്നത്. അവളെ കണ്ടപാടെ ശിരസ്സിലേക്ക് അക്രമികൾ വെടിയുതിർത്തു. കുഞ്ഞു മലാല വെടിയേറ്റ് നിലത്തുവീണു. പക്ഷേ ലോകമെങ്ങും അവൾക്കൊപ്പം ബുള്ളറ്റിനേക്കാൾ വേഗത്തിൽ അണിനിരന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
മലാല ജനിച്ചുവളർന്ന സ്വാത് വാലി താലിബാൻ ഭരണത്തിന് കീഴിലായതോടെ പെൺകുട്ടികളുടെ വിദ്യാഭ്യാസ പ്രതീക്ഷകൾ അസ്തമിക്കാൻ തുടങ്ങി. ഇതോടെ സ്വയം തീയായി മാറുന്ന മലാലയെ ആണ് ലോകം കണ്ടത്. വിദ്യാഭ്യാസത്തിനുള്ള അവകാശം മാത്രമല്ല അഭിപ്രായ സ്വാതന്ത്ര്യവും ഉണ്ടെന്ന് ബോധ്യമുള്ള കുഞ്ഞ് മലാല ബിബിസിയോടൊപ്പം ചേർന്ന് അപരനാമത്തിൽ ബ്ലോഗുകൾ എഴുതി. പാകിസ്താനിൽ അവളുടെ ബ്ലോഗ്ഗുകൾ വലിയ ചർച്ചയാകാൻ തുടങ്ങി. ജനാധിപത്യത്തിന്റെ വെളിച്ചം വീഴാത്ത തീവ്രവാദ സംഘടനയ്ക്ക് ഒരു 15 വയസ്സുകാരിക്ക് നേരെ വെടിയുതിർക്കാൻ ആ ബ്ലോഗുകൾ അധികമായിരുന്നു.
പക്ഷേ വിധി മറ്റൊന്നായിരുന്നു. മലാല ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേറ്റു. ലോകത്തിലെ മുഴുവൻ പെൺകുട്ടികളുടെയും വിദ്യാഭ്യാസ പോരാട്ടത്തിന്റെ ശബ്ദമായി അവൾ മാറി. അവളുടെ പ്രവർത്തനങ്ങൾക്ക് പതിനേഴാം വയസ്സിൽ ലോകം സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകി ആദരിച്ചു.
'വെടിയുണ്ടകൾ എന്നെ നിശബ്ദയാക്കില്ല'; ഗുൽ മകായ് എന്ന മലാല