'ട്രംപിനെ വെടിവെച്ചത് ക്രൂക്ക്സ് ആണെന്ന് വിശ്വസിക്കാനാകുന്നില്ല'; പ്രതികരണവുമായി കുടുംബവും

ക്രൂക്ക്സിന്റെ മാതാപിതാക്കളായ മാത്യവും മാരി ക്യൂക്ക്സും സെര്ട്ടിഫൈഡ് ബിഹേവിയര് കൗണ്സിലര്മാരാണ്

dot image

വാഷിംഗ്ടണ്: തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കഴിഞ്ഞ ശനിയാഴ്ചയാണ് അമേരിക്കന് മുന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന് വെടിയേറ്റത്. തോമസ് മാത്യു ക്രൂക്ക്സ് എന്ന 20കാരനില് നിന്നുമാണ് ട്രംപിന് വെടിയേറ്റത്. എന്നാല് ട്രംപിനെ വെടിവെച്ചത് ക്രൂക്ക്സ് ആണെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് കുടുംബവും സുഹൃത്തുക്കളും പറയുന്നു. 20 കാരനായ ക്രൂക്ക്സ് വളരെ ശാന്ത സ്വഭാവക്കാരനായിരുന്നുവെന്നും എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ചായ്വ് ഉള്ളതായി തോന്നിയിട്ടില്ലെന്നും സഹപാഠികള് പറയുന്നു.

ക്രൂക്ക്സിന്റെ മാതാപിതാക്കളായ മാത്യവും മാരി ക്യൂക്ക്സും സെര്ട്ടിഫൈഡ് ബിഹേവിയര് കൗണ്സിലര്മാരാണ്. നടന്നതെന്താണെന്ന് പൂര്ണമായി ഉള്ക്കൊള്ളാന് കഴിയാത്തതിന്റെ ഞെട്ടലിലാണ് ഇപ്പോഴും മാതാപിതാക്കള്. ഇങ്ങനെയൊരു ആക്രമണം നടത്താനുള്ള കാരണമെന്താണെന്നതിനെക്കുറിച്ച് യാതൊരു ഊഹവുമില്ലെന്ന് ക്രൂക്ക്സിന്റെ അമ്മാവനും പ്രതികരിച്ചു. ഇത്ര ധൈര്യത്തോടെ അവന് ഇങ്ങനെയൊരു അക്രമം നടത്തിയെന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് സഹപാഠിയുടെ പ്രതികരണം.

പെന്സില്വാനിയയിലെ ബെതല് പാര്ക്ക് സ്വദേശിയാണ് തോമസ് മാത്യു ക്രൂക്ക്സ്. ഇയാളുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് എ.ആര്-15 സെമി ഓട്ടോമാറ്റിക് റൈഫിള് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര് ഇയാളുടെ വോട്ടര് രജിസ്ട്രേഷന് കാര്ഡും കണ്ടെത്തിയിട്ടുണ്ട്. റിപ്പബ്ലിക്കന് പാര്ട്ടിക്കാരനായാണ് ഇയാള് രജിസ്റ്റര് ചെയ്തിരിക്കുന്നത്. എന്തിനാണ് ഇയാള് വെടിയുതിര്ത്തെന്നത് വ്യക്തമല്ല. ക്രൂക്ക് 2022ല് ബെഥേല് പാര്ക്ക് ഹൈസ്കൂളില് നിന്ന് ബിരുദം നേടിയിരുന്നു. കൂടാതെ നാഷണല് മാത്ത് ആന്റ് സയന്സ് ഇനിഷ്യേറ്റീവില് നിന്ന് 'സ്റ്റാര് അവാര്ഡ്' ലഭിച്ചിട്ടുണ്ട്. ബിരുദം നേടിയ ശേഷം നഴ്സിങ് ഹോമില് ജോലി ചെയ്തു വരികയായിരുന്നു.

ശനിയാഴ്ച രാവിലെ പെന്സില്വാനിയയില് നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. റാലിയില് സംസാരിക്കുന്നതിനിടെ ട്രംപിനു നേരെ വെടിയുതിര്ക്കുകയായിരുന്നു. ട്രംപിന്റെ വലതുചെവിക്ക് പരിക്കേറ്റിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഉടന് തന്നെ ട്രംപിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വലതുചെവിയുടെ മുകള്ഭാഗത്തായാണ് തനിക്ക് വെടിയേറ്റതെന്നും വെടിയൊച്ച കേട്ടപ്പോള് തന്നെ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായെന്നും ട്രംപ് അമേരിക്കന് സാമൂഹ്യമാധ്യമമായ 'ട്രൂത്ത് സോഷ്യലി'ല് കുറിച്ചു.

dot image
To advertise here,contact us
dot image