വാഷിങ്ടൺ ഡിസി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദർശിച്ചിതിന് പിന്നാലെ പ്രതികരിച്ച് അമേരിക്ക. ഇന്ത്യ - അമേരിക്ക സൗഹൃദത്തെ കുറിച്ച് നന്നായി അറിയാം. സൗഹൃദമുപയോഗിച്ച് റഷ്യ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ആവശ്യപ്പെടണമെന്നും അമേരിക്ക പറഞ്ഞു. യുഎൻ ചാർട്ടർ അംഗീകരിക്കാൻ പുടിനോട് ഇന്ത്യ പറയണമെന്നും അമേരിക്കൻ വക്താവ് മാത്യു മില്ലർ കൂട്ടിച്ചേർത്തു. നേരത്തേയും ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ അമേരിക്ക ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യ - റഷ്യ ബന്ധം ശക്തിപ്പെടുന്നതിനിടെയാണ് അമേരിക്കയുടെ പ്രതികരണം.
റഷ്യയിലെത്തിയ മോദി, പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദിക്ക് രാജ്യത്തെ ഏറ്റവും പരമോന്നത ബഹുമതി നല്‍കി റഷ്യ ആദരിച്ചിരുന്നു. റഷ്യയിലെ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു ബഹുമതിയാണ് പുടിൻ മോദിക്ക് സമ്മാനിച്ചത്.
മോദിയുമായി ഊഷ്മള ബന്ധം സൂക്ഷിക്കുന്ന പുടിന്‍ റഷ്യയിലെത്തിയ ഉടന്‍ തന്നെ മോദിയെ പ്രശംസിച്ചിരുന്നു. മോദിക്ക് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനായെന്ന് പുടിന്‍ പറഞ്ഞപ്പോള്‍ മൂന്നാം തവണയും അധികാരത്തില്‍ എത്തിയത് വലിയ നേട്ടമാണെന്ന് പുടിനോട് മോദി പറഞ്ഞു. 22-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി റഷ്യയിലേക്ക് തിരിച്ചത്. ഇരുനേതാക്കളും സമകാലിക, ആഗോള, പ്രാദേശിക വിഷയങ്ങള്‍ കാഴ്ചപ്പാടുകള്‍ കൈമാറുമെന്ന് വിദേശകാര്യമന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
എന്നാൽ മോദി-പുടിൻ ബന്ധത്തെ വിമർശിച്ച് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി രംഗത്തെത്തിയിരുന്നു. സമാധാന ശ്രമങ്ങൾക്കുമേലുള്ള വിനാശകരമായ പ്രഹരമാണെന്നാണ് മോദി-പുടിൻ കൂടിക്കാഴ്ചയോട് സെലെൻസ്‌കി പ്രതികരിച്ചത്. കുട്ടികളുടെ ആശുപത്രിയില്‍ റഷ്യ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സമൂഹമാധ്യമമായ എക്സില്‍ യുക്രെയ്ൻ പ്രസിഡൻ്റിന്‍റെ പ്രതികരണം.
ഇന്ത്യയിലേക്കുള്ള എണ്ണയുടെയും ആയുധങ്ങളുടെയും പ്രധാന വിതരണക്കാർ റഷ്യയാണ്. പാശ്ചാത്യ രാജ്യങ്ങൾ ചൈനയ്ക്കും അവരുടെ ഏഷ്യയിലെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിനുമെതിരായ നീക്കമെന്ന നിലയിൽ ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്തുന്നുണ്ട്. ഒപ്പം തന്നെ റഷ്യയുമായി അകലം പാലിക്കാനും ആവശ്യമുയരുന്നുണ്ട്. ഇതിനിടെ ഇരു രാജ്യങ്ങളും ബന്ധം ബലപ്പെടുത്തുന്നത് ആശങ്കയോടെയാണ് പാശ്ചാത്ത്യ രാജ്യങ്ങൾ നോക്കിക്കാണുന്നത്.