വാഷിംഗ്‌ടൺ: അമേരിക്കന്‍ മുൻ പ്രസിഡന്റും നിലവിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ഇന്റലിജൻസ് ഏജൻസികൾ ഈ വിവരങ്ങൾ കൈമാറിയതിന് ശേഷം ട്രംപിന് സീക്രട്ട് സർവീസ് ഏജൻസികളുടെ സുരക്ഷ വർധിപ്പിച്ചിരുന്നു.
മുൻ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പകരംവീട്ടാനായിരുന്നു ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കഴിഞ്ഞ ദിവസം ട്രംപിന് നേരെയുണ്ടായ ആക്രമണം ഇതുമായി ബന്ധപ്പെടുത്താനാകില്ലെന്ന നിലപാടിലാണ് സുരക്ഷ സേന. 2020 ജനുവരിയിൽ ട്രംപ് പ്രസിഡന്റായിരിക്കെയാണ് അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്.
ട്രംപിനെ വധിക്കാൻ പദ്ധതിയെന്ന വാർത്തയെ ഇറാൻ തള്ളിക്കളയുകയാണ് ചെയ്തത്. സുലൈമാനിയുടെ കൊലപാതകത്തിനുശേഷം ട്രംപ് തങ്ങളുടെ മുഖ്യശത്രു തന്നെയാണെങ്കിലും നിയമപരമായ പാതയിൽ മാത്രമേ തങ്ങൾ നീങ്ങുവെന്നായിരുന്നു ഇറാന്റെ പ്രതികരണം.
അതേസമയം, ട്രംപിന്റെ പ്രചാരണ പരിപാടിക്കിടെ വെടിവെപ്പ് നടന്നതിന്റെ അലയൊലികൾ അവസാനിക്കും മുമ്പ് റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷൻ സ്ഥലത്ത് ആയുധവുമായി ഒരാൾ അറസ്റ്റിലായി. മാസ്ക് ധരിച്ചാണ് ഇയാൾ എത്തിയിരുന്നത്. എ കെ 47 തോക്കാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ഇയാളുടെ ബാഗിൽ സ്ഫോടക വസ്തുക്കളും കണ്ടെത്തിയതായാണ് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. സംശയാസ്പദമായ നിലയിൽ കണ്ടതോടെയാണ് ഇയാളെ പൊലീസ് പരിശോധിച്ചത്. മാസ്ക് ധരിച്ചിരുന്ന ഇയാളുടെ പക്കൽ വലിയ ബാഗ് ഉണ്ടായിരുന്നു.
മറ്റൊരു സംഭവത്തിൽ യുഎസ് പൊലീസിന്റെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടിരുന്നു. രണ്ട് കത്തികളുമായി കൺവെൻഷന് സമീപത്ത് പ്രത്യക്ഷപ്പെട്ടയാളെയാണ് യുഎസ് പൊലീസ് വെടിവെച്ച് കൊന്നത്. 43 കാരനായ സാമുവൽ ഷാർപ്പാണ് വെടിയേറ്റ് മരിച്ചത്. ഇയാളുടെ രണ്ട് കൈകളിലും ഓരോ കത്തിയുണ്ടായിരുന്നു. നിരായുധനായ ഒരാൾക്ക് നേരെ ഷാർപ്പ് ആക്രമണം നടത്തിയതോടെയാണ് പൊലീസ് വെടിവെച്ചത്.
കഴിഞ്ഞ ദിവസം ട്രംപിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം സുരക്ഷ കർശനമാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ, 20 കാരനായ തോമസ് മാത്യു ക്രൂക്ക് ട്രംപിനു നേരെ വെടിയുതിർത്തത് ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. ആക്രമണത്തിൽ ട്രംപിന്റെ വലതുചെവിക്ക് പരിക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഉടന്‍ തന്നെ ട്രംപിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ആക്രമണത്തിൽ ട്രംപിന്റെ വലതുചെവിക്ക് പരിക്കേറ്റിരുന്നു. വലതുചെവിയുടെ മുകള്‍ഭാഗത്തായാണ് തനിക്ക് വെടിയേറ്റതെന്നും വെടിയൊച്ച കേട്ടപ്പോള്‍ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായെന്നും ട്രംപ് അമേരിക്കൻ സാമൂഹ്യമാധ്യമമായ 'ട്രൂത്ത് സോഷ്യലി'ല്‍ കുറിച്ചിരുന്നു.