
ലക്‌നൗ: യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പേരുപറയാതെ വിമർശിച്ച ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ ട്രോളി അഖിലേഷ് യാദവ്. 100 എംഎൽഎമാരെ കൊണ്ടുവന്നാൽ സർക്കാരുണ്ടാക്കാമെന്നും ഇത് മൺസൂൺ ഓഫറെന്നുമായിരുന്നു അഖിലേഷ് യാദവിന്റെ 'എക്സ്' പോസ്റ്റ്.
മുൻപ് മുഖ്യമന്ത്രിപദം മോഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേശവ് പ്രസാദ് മൗര്യയെ അഖിലേഷ് യാദവ് വിമർശിച്ചിരുന്നു. മൗര്യക്ക് മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്ന് താൻ അറിഞ്ഞെന്നും ഒരു 100 എംഎൽഎമാരെ കൊണ്ടുവന്നാൽ സമാജ്‌വാദി പാർട്ടി അതിന് സഹായിക്കാമെന്നുമായിരുന്നു അഖിലേഷ് യാദവിന്റെ വിമർശനം. യോഗിയുമായുള്ള മൗര്യയുടെ അതൃപ്തി ഇപ്പോൾ പരസ്യമായിരിക്കുന്നതോടെ, ഇതിന്റെ തുടർച്ചയെന്നോണമാണ് അഖിലേഷിന്റെ ഇന്നത്തെ 'ഓഫർ' പോസ്റ്റും.
അതേസമയം, തോൽവിയിൽ ഉത്തർപ്രദേശ് ബിജെപിയിൽ അതൃപ്തി പുകഞ്ഞുകൊണ്ടേയിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യോഗി ആദിത്യനാഥിനെ നീക്കണം എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരിയുടെ അടക്കം ആവശ്യം. സംസ്ഥാനത്ത് വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പ് ചർച്ചകളിൽ സജീവമാണ് യോഗി ആദിത്യനാഥ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽ ബിജെപിക്ക് കാലിടറിയതിന് പിന്നാലെയാണ് പാർട്ടിയിൽ അഭിപ്രായ ഭിന്നത രൂക്ഷമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ അടക്കമുള്ളവരെ ഡൽഹിയിൽ കണ്ട സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരി, യോഗി ആദിത്യനാഥിൻ്റെ ഭരണത്തിലെ അതൃപ്തി അറിയിച്ചിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും നേതാക്കളെ കണ്ട് സംസ്ഥാന സർക്കാരിനെതിരെ പരാതി നൽകിയിട്ടുണ്ട്. സർക്കാരിൽ വൻ അഴിച്ചു പണി വേണമെന്നാണ് ഇവരുടെയും നിലപാട്.
എന്നാൽ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ഒരു പരീക്ഷണത്തിന് ബിജെപി ദേശീയ നേതൃത്വം തയ്യാറല്ല. അത് വലിയ തിരിച്ചടിയാകും എന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. ലഖ്നൗവിൽ ചേർന്ന ബിജെപി വർക്കിങ് കമ്മറ്റിയിൽ ജെപി നദ്ദയുടെ സാന്നിധ്യത്തിൽ പല നേതാക്കളും യോഗിയെ വിമർശിച്ചിരുന്നു.