ചൈന: ചൈനയിലിപ്പോൾ ട്രെൻഡിങ്ങായി കൊണ്ടിരിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഒരു റെസിഗ്‌നേഷനാണ്. 'നേക്കഡ് റെസിഗ്‌നേഷന്‍' എന്നാണ് അത് അറിയപ്പെടുന്നത്. യുവാക്കളുടെ വ്യത്യസ്തമായ പ്രതിഷേധം ചൈനയുടെ സാമ്പത്തിക രംഗത്തെ തന്നെ ബാധിക്കുമോയെന്ന ആകുലതയിലാണ് വിദഗ്ദർ. ആഴ്ചയില്‍ ആറ് ദിവസവും രാവിലെ ഒമ്പതുമണി മുതല്‍ വൈകിട്ട് ഒമ്പതുമണി വരെ ജോലി ചെയ്യുന്നതാണ് ചൈനയില്‍ പരമ്പരാഗതമായിട്ടുള്ള തൊഴിൽ രീതി. ഇതിനെതിരെ വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഭാവിയെക്കുറിച്ച് ഒന്നും ആലോചിക്കാതെ, മറ്റൊരു ജോലി പോലുമില്ലാതെ നിലവിലെ ജോലി രാജിവെക്കുന്നതിനെയാണ് 'നേക്കഡ് റെസിഗ്‌നേഷന്‍' എന്ന് പറയുന്നത്.
ചൈനയുടെ സാമ്പത്തികവ്യവസ്ഥയെ തന്നെ ബാധിക്കുന്ന തരത്തില്‍ ഈ ട്രെന്‍ഡ് വ്യാപകമാവുകയാണ്. കഴിഞ്ഞ ദിവസം ബിസിനസ് ഇന്‍സൈഡര്‍ ഇതിനെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു തിരക്കേറിയ കോര്‍പ്പറേറ്റ് ജീവിതത്തിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് പലരും ജോലി രാജിവെക്കുന്നത്. ചൈനയിലെ സോഷ്യല്‍ മീഡിയയിലെല്ലാം നേക്കഡ് റെസിഗ്‌നേഷന്‍ ട്രെന്‍ഡ് ചർച്ചയാക്കുകയാണ്. ജോലി രാജിവെച്ച് യാത്രകളും, മാനസിക ഉല്ലാസ മാർഗ്ഗങ്ങൾ തേടാനാണ് യുവാക്കള്‍ ശ്രമിക്കുന്നത്. കോര്‍പ്പറേറ്റ് ജോലിയിലെ അതികഠിനമായ സമ്മര്‍ദ്ദവും ചര്‍ച്ചകളില്‍ ഇടം നേടുകയാണ്.
ജോലിയില്‍ നിന്ന് അല്‍പകാലത്തേക്കുള്ള ഇടവേള എടുക്കുകയാണിവര്‍. ഇത്തരം ഇടവേള പുതിയ ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഭാവിയിലിത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൊണ്ടുപോവുമെന്നും തൊഴില്‍ രാജിവെക്കുന്നതിന് മുന്‍പ് ഭാവി ഭദ്രമായി പ്ലാന്‍ ചെയ്യണമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ചൈനയിലെ നിലവിലെ ജോലി സമയം അവിടെ ജോലി ചെയ്യുന്ന യുവാക്കളെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും മാനസിക ആരോഗ്യത്തെ വളരെ പ്രതികൂലമായി ഇത് ബാധിക്കുന്നുണ്ടെന്നും നിരവധി പഠനങ്ങള്‍ പറയുന്നു. ചൈനയിലെ 90 ശതമാനത്തിലധികം പേര്‍ക്കും പതിവായി അധികസമയം ജോലി ചെയ്യേണ്ടി വരുന്നുവെന്നും വിവിധ സര്‍വേ റിപ്പോര്‍ട്ടുകള്‍ പറയുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉടനടി ഈ പ്രശ്നത്തില്‍ ഇടപെടണമെന്നും വിദഗ്ദര്‍ ആവശ്യപ്പെടുന്നു.