വാഷിംഗ്ടൺ ഡിസി: യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ബരാക് ഒബാമ രംഗത്തെന്ന് റിപ്പോർട്ട്. ബൈഡൻ മത്സരത്തിൽ നിന്ന് മാറണമെന്നും അല്ലെങ്കിൽ പാർട്ടി തോൽക്കുമെന്നും ഒബാമ തന്റെ അനുയായികളോട് പറഞ്ഞതായാണ് റിപ്പോർട്ട്.
പാർട്ടിക്കുളിൽ തന്നെ ബൈഡനെതിരെ നിരവധി മുറുമുറുപ്പുകൾ ഉണ്ടങ്കിലും ഒബാമയെപ്പോലെ ഒരു പ്രധാനപ്പെട്ട നേതാവ് രംഗത്തുവന്നത് ബൈഡൻ ക്യാമ്പിനെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. നേരത്തെ ഒബാമ പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തില്‍ വൈസ് പ്രസിഡന്റായിരുന്നു ബൈഡൻ. ഇരുവരും തമ്മിൽ രാഷ്ട്രീയത്തിനപ്പുറം മികച്ച വ്യക്തിബന്ധം കൂടിയുമാണുള്ളത്.
നേരത്തെ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നടനും ഡെമോക്രറ്റിക് പാർട്ടി അനുഭാവിയുമായ നടൻ ജോർജ് ക്ലൂണി രംഗത്തെത്തിയിരുന്നു. മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസിയും സമാനമായ അഭിപ്രായം പങ്കുവെച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ക്ലൂണിയുടെ അഭിപ്രായപ്രകടനം.
തന്നെ പൊതിഞ്ഞ ഈ അസ്വാരസ്യങ്ങൾക്കെല്ലാമിടയിൽ, കമലാ ഹാരിസ് അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായേക്കുമെന്ന സൂചനയും ഇടയ്ക്ക് ജോ ബൈഡൻ നൽകിയിരുന്നു. നാഷണൽ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്‌മെൻ്റ് ഓഫ് കളേർഡ് പീപ്പിൾ (NAACP) വാർഷിക കൺവെൻഷനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തിൽ നിന്ന് ബൈഡൻ പിന്മാറണമെന്ന് ഡെമോക്രാറ്റുകളിൽ നിന്ന് ആവശ്യങ്ങൾ ഉയരുന്നത്തിന് പിന്നാലെയാണ് ബൈഡന്‍റെ സൂചനയെന്നതും ശ്രദ്ധേയമാണ്.
"അവര്‍ ഒരു മികച്ച വൈസ് പ്രസിഡൻ്റ് മാത്രമല്ല, അമേരിക്കയുടെ പ്രസിഡൻ്റുമാകാം", കമല ഹാരിസിനെ കുറിച്ച് ബൈഡൻ പറഞ്ഞത് ഇങ്ങനെയാണ്. ബൈഡന്‍ ഒരുപക്ഷേ വിരമിക്കാൻ തീരുമാനിച്ചാൽ പകരം വരാന്‍ സാധ്യതയുള്ള സ്ഥാനാർത്ഥിയാണ് കമലയെന്നത് ഇത് സൂചിപ്പിക്കുന്നു. എന്നാല്‍ തൻ്റെ രണ്ടാം ടേമിൻ്റെ ആദ്യ 100 ദിവസങ്ങൾക്കായുള്ള പദ്ധതികൾ ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്നും ബൈഡൻ പറഞ്ഞിരുന്നു.