വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡൻ. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് തീരുമാനം. വാർത്താ കുറിപ്പിലൂടെയായിരുന്നു ബൈഡന്റെ പ്രഖ്യാപനം. രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ബൈഡൻ അറിയിച്ചിരുന്നു. പ്രസിഡന്റ് മത്സരത്തിൽ നിന്ന് പിന്മാറാൻ ബൈഡന് മേൽ സമ്മർദ്ദമുണ്ടായിരുന്നു. അമേരിക്കൻ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് പ്രസിഡന്റ് സ്ഥാനാർത്ഥി പിന്മാറുന്ന സംഭവം അരങ്ങേറുന്നത്.
ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിത്വത്തില്‍നിന്നാണ് ബൈഡന്‍ പിന്മാറുന്നത്. തീരുമാനം രാജ്യത്തിന്‍റെയും പാര്‍ട്ടിയുടെയും താല്‍പര്യം മുന്‍നിര്‍ത്തിയെന്നാണ് വിശദീകരണം. ബൈഡന് പകരം നിലവിലെ വൈസ് പ്രസിഡന്റും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ കമലാ ഹാരിസ് എത്തുമെന്ന് സൂചനകളുണ്ട്. ഇന്ത്യൻ വംശജയായ കമലാ ഹാരിസിന്റെ പേര് ബൈഡൻ നിർദ്ദേശിച്ചതായാണ് വിവരം.
റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡൊണൾഡ് ട്രംപിനോട് ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ തന്നെ പതറിയതോടെ ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യം ശക്തമായിരുന്നു. ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറണെമന്ന് ഡെമോക്രാറ്റുകൾ തന്നെ ആവശ്യപ്പെട്ടിരുന്നു. പ്രായാധിക്യം ബൈഡന് വലിയ തിരിച്ചടിയായിരുന്നു. ഇതിനിടെ ബൈഡന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പെട്ടെന്നുള്ള പിന്മാറ്റം.
പെൻസിൽവാനിയയിലെ കൊലപാതകശ്രമത്തിന് പിന്നാലെ ട്രംപിന്റെ ജനപ്രീതി വർധിച്ചുവെന്നാണ് വിലയിരുത്തൽ. അമേരിക്കയുടെ രാഷ്ട്രീയാന്തരീക്ഷത്തെ തന്നെ മാറ്റി മറിക്കുന്നതായിരുന്നു ട്രംപിന് നേരെയുണ്ടായ വെടിവെപ്പ്. ഇതോടെ ട്രംപിന് ഏറെ പിന്നിലായിരുന്നു ബൈഡൻ. ഇനിയും തുടർന്നാൽ ഡെമോക്രാറ്റിക് പാർട്ടിക്ക് നാണക്കേടുണ്ടാക്കും വിധം പരാജയം നേരിടേണ്ടി വരുമെന്ന് ഏറ്റവും ബൈഡൻ്റെ അടുത്ത വൃത്തങ്ങൾ പോലും വിലയിരുത്തിയിരുന്നു.
ബൈഡൻ മത്സരത്തിൽ നിന്ന് മാറണമെന്നും അല്ലെങ്കിൽ പാർട്ടി തോൽക്കുമെന്നും ഒബാമ തന്റെ അനുയായികളോട് പറഞ്ഞതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. നേരത്തെ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നടനും ഡെമോക്രറ്റിക് പാർട്ടി അനുഭാവിയുമായ നടൻ ജോർജ് ക്ലൂണി രംഗത്തെത്തിയിരുന്നു. മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസിയും സമാനമായ അഭിപ്രായം പങ്കുവെച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ക്ലൂണിയുടെ അഭിപ്രായപ്രകടനം. തന്നെ പൊതിഞ്ഞ ഈ അസ്വാരസ്യങ്ങൾക്കെല്ലാമിടയിൽ, കമലാ ഹാരിസ് അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായേക്കുമെന്ന സൂചനയും ഇടയ്ക്ക് ജോ ബൈഡൻ നൽകിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും ഔദ്യോഗിക പരിപാടികളിലും ബൈഡന് അബദ്ധങ്ങൾ പിണയുന്നത് പതിവായിരുന്നു. നാറ്റോ സമ്മേളനത്തിനിടയിൽ ബൈഡനുണ്ടായ നാക്കുപ്പിഴ വലിയ ചർച്ചയായിരുന്നു. യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയെ ബൈഡൻ മാറിവിളിച്ചത് 'പുടിൻ' എന്നും വൈസ് പ്രസിഡന്റ് കമല ഹാരിസിന് പകരം 'ട്രംപ്' എന്നുമാണ്.