മോസ്കോ: യുഎസ് - റഷ്യ മാധ്യമപ്രവർത്തക അസ്ലു കുർമഷെവയെ ആറ് വർഷം തടവിന് ശിക്ഷിച്ച് റഷ്യൻ കോടതി. മിലിറ്ററി നിയമം ലംഘിച്ചുവെന്ന കുറ്റത്തിനാണ് അസ്ലുവിന് ശിക്ഷ വിധിച്ചിരിക്കുന്നത്. 47 കാരിയായ അസ്ലുവിനെ ജൂലൈ 19നാണ് കോടതി ശിക്ഷിച്ചത്.
ഇതേ ദിവസം തന്നെയാണ് അമേരിക്കൻ മാധ്യമ പ്രർത്തകൻ ഇവാൻ ഗെർഷ്കോവിച്ചിനെ 16 വർഷത്തേക്ക് തടവിന് ശിക്ഷിച്ചത്.
ചാരവൃത്തിയുടെ പേരിലാണ് ശിക്ഷ. ഇവാൻ്റെ ശിക്ഷയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവാന് വേണ്ടിയുള്ള അനുരഞ്ജന ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിൽ നടക്കുകയാണ്. ഒരു വർഷത്തോളം ജയിൽ വാസം അനുഭവിച്ച ശേഷമാണ് ഇവാൻ ഗെർഷ്കോവിച്ചിനെ ശിക്ഷിക്കുന്നത്.
ആറ് വർഷവും ആറ് മാസവുമാണ് അസ്ലുവിന് വിധിച്ച ശിക്ഷയെന്ന് സുപ്രീം കോടതി വക്താവ് നതാലിയ ലൊസേവ വാർത്താ ഏജൻസിയായ എഎഫ്പിയോട് അറിയിച്ചു. വിചാരണയിൽ അസ്ലു കുറ്റക്കാരിയെന്ന് കണ്ടെത്തിയെന്ന് മാത്രമാണ് കോടതി വെബ്സൈറ്റിൽ വ്യക്തമാക്കുന്നത്. ചെക് റിപ്പബ്ലിക്കിലെ പ്രേഗിൽ പ്രവർത്തിക്കുന്ന അമേരിക്ക ആസ്ഥാനമായ ഫ്രീ യൂറോപ്പ് എന്ന റേഡിയോയിലെ എഡിറ്ററാണ് അസ്ലു കുർമഷെവ. അടിയന്തര ആവശ്യത്തിനായി പ്രേഗിൽ നിന്ന് കുടുംബത്തെ കാണാൻ റഷ്യയിലേക്ക് പോകുന്നതിനിടെയാണ് അസ്ലുവിനെ അറസ്റ്റ് ചെയ്തത്.
ഇരട്ട പൗരത്വം പുറത്തുവിടാതിരുന്നതിന് പാസ്പോർട്ട് പിടിച്ചുവെക്കുകയും പിന്നാലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അസ്ലുവിന് ശിക്ഷ വിധിച്ചത് നീതിയെ പരിഹസിക്കലെന്ന് റേഡിയോ ഫ്രീ യൂറോപ്പ് പ്രസിഡന്റ് സ്റ്റീഫൻ കാപസ് പ്രതികരിച്ചു. പുടിൻ ആരംഭിച്ച റഷ്യ - യുക്രെയ്ൻ യുദ്ധത്തെ എതിർത്തുകൊണ്ടുള്ള നിരവധി പേരുടെ അഭിമുഖങ്ങളും ലേഖനങ്ങളും ഉൾപ്പെടുത്തി യുദ്ധത്തോട് നോ പറയുന്നു 'Saying No to War' എന്ന പുസ്തകം 2022 ൽ അസ്ലു പുറത്തിറക്കിയിരുന്നു.