ലണ്ടൻ: യൂറോപ്യൻ യൂണിയൻ്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സർവീസിൽ നിന്നുള്ള പ്രാഥമിക കണക്കുകൾ പ്രകാരം ആഗോളതലത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ ദിവസമായി ജൂലൈ 21. ഞായറാഴ്ചത്തെ ആഗോള ശരാശരി ഉപരിതല വായുവിൻ്റെ താപനില 17.09 ഡിഗ്രി സെൽഷ്യസിൽ (62.76 ഡിഗ്രി ഫാരൻഹീറ്റ്) എത്തി. കഴിഞ്ഞ ജൂലൈയിലെ 17.08 C (62.74 F) എന്ന റെക്കോർഡിനെയാണ് ഇത് മറികടന്നത്. കഴിഞ്ഞ ഒരാഴ്ചയായി അമേരിക്ക, യൂറോപ്പ്, റഷ്യ എന്നിവിടങ്ങളിൽ കൊടും ചൂടാണ് അനുഭവപ്പെടുന്നത്.
കാലാവസ്ഥാ വ്യതിയാനമാണ് കൊടും ചൂടിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്ന്. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം ഏപ്രിലിൽ അവസാനിച്ച എൽനിനോ പ്രതിഭാസവും ഈ വർഷം താപനില എക്കാലത്തെയും ഉയർന്നതാക്കി. ഏറ്റവും ചൂടേറിയ വർഷമായി 2024 മാറുമെന്ന് ചില ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഓസ്‌ട്രേലിയയിലെ മോനാഷ് യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ ഒരു പഠനമനുസരിച്ച്, 1990 മുതൽ ലോകമെമ്പാടും ഉയർന്ന താപനില മൂലം 1.53 ലക്ഷത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ ഏറ്റവും കൂടുതൽ ഇന്ത്യയിലാണ്.