കെയ്റോ: ഈജിപ്ത് എന്നുകേട്ടാൽ ആദ്യം ഓർമ വരിക 'മമ്മി'കളെയായിരിക്കുമല്ലേ. മരിച്ചുപോയ മനുഷ്യരുടേയും മൃഗങ്ങളുടേയും ശരീരങ്ങൾ സംരക്ഷിച്ചിരുന്നതിനെയാണ് മമ്മിയെന്നു പറയുന്നത്. പല കാലങ്ങളിലും സ്ഥലങ്ങളിലും നിന്നായി നിരവധി മമ്മികളെ കണ്ടുകിട്ടിയിട്ടുണ്ട്. അത്തരത്തില് കണ്ടെത്തിയ ഒരു മമ്മിയാണ് ഇപ്പോള് ചര്ച്ചയാവുന്നത്. മമ്മിയുടെ ഭാവം കണ്ട് അമ്പരന്നിരിക്കുകയാണ് പുരാവസ്തു ഗവേഷകർ. പെൺ മമ്മിയുടെ അലറുന്ന ഭാവമാണ് അമ്പരപ്പിന് അടിസ്ഥാനം. ഏകദേശം 3500 വർഷങ്ങൾക്ക് മുമ്പ് അടക്കം ചെയ്തതായി കരുതപ്പെടുന്ന ഈ സ്ത്രീ വേദനയോടെ നിലവിളിച്ചുകൊണ്ട് മരിച്ചതായിരിക്കാമെന്ന നിഗമനത്തിലാണ് ഗവേഷകർ.
സെന്മുട്ട് എന്ന ശില്പിയുടെ ശവകുടീരത്തിന് താഴെയുള്ള ശവപ്പെട്ടിയില് 1935-ല് കണ്ടെത്തിയ മമ്മിയാണിത്. നിലവിളിക്കുന്ന മമ്മിയില് പേരൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഈ മമ്മി സെന്മുട്ടിന്റെ കുടുംബാംഗമായിരുന്നിരിക്കാമെന്ന് കെയ്റോ സര്വകലാശാലയിലെ റേഡിയോളജി പ്രഫസര് ഡോ. സഹര് സലീം പറഞ്ഞു. വേദനാജനകമായ മരണമോ വൈകാരിക സമ്മര്ദ്ദമോ മൂലമാകാം വായ തുറക്കാനുള്ള കാരണം എന്നാണ് നിഗമനം. എംബാമർമാർക്ക് വായ അടക്കാൻ കഴിഞ്ഞില്ല. ഒപ്പം ശരീരം കാത്തുവെക്കുകയോ അഴുകുകയോ ചെയ്യുന്നതിനുമുമ്പ് ‘മമ്മിഫിക്കേഷൻ’ ചെയ്തതാവാം മരണശേഷവും അവളുടെ തുറന്ന വായയുടെ കാരണമെന്നും സഹർ സലീം പറഞ്ഞു. സ്ത്രീയുടെ മരണകാരണം വ്യക്തമല്ല.
സഹർ സലീമും സഹ എഴുത്തുകാരി ഡോ. സാമിയ എൽ മെർഗാനിയും ‘ഫ്രോണ്ടിയേഴ്സ് ഇൻ മെഡിസിൻ’ ജേണലിൽ എഴുതിയ ലേഖനത്തിൽ കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രഫി സ്കാനിംഗ് സാങ്കേതികവിദ്യയും എക്സ്റേ-ഡിഫ്രാക്ഷൻ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളും ഉപയോഗിച്ച് മമ്മിയെ പരിശോധിച്ചു. ചർമ്മം, മുടി, നീണ്ട കറുത്ത വിഗ് എന്നിവ പരിശോധിച്ചതിൽ മമ്മി നന്നായി സംരക്ഷിക്കപ്പെട്ടതായി കണ്ടെത്തി. ജീവിച്ചിരിക്കുമ്പോൾ സ്ത്രീക്ക് ഏകദേശം 1.55 മീറ്റർ ( 5 അടിയിൽ കൂടുതൽ) ഉയരം ഉണ്ടായിരിക്കുമെന്നും ഏകദേശം 48 വയസ്സുള്ളപ്പോൾ മരിച്ചുവെന്നും ഇവരുടെ നട്ടെല്ലിൽ അടക്കം സന്ധിവാതം ഉണ്ടായിരുന്നുവെന്നുമാണ് വെളിപ്പെടുത്തല്. എന്നാല്, ഗവേഷകര്ക്ക് മുറിവിന്റെ ഒരു ലക്ഷണവും കണ്ടെത്താനായില്ല.