തെഹ്റാന്: ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയത് റോക്കറ്റിന് സമാനമായ ഹൃസ്വദൂര പ്രൊജക്റ്റൈൽ ഉപയോഗിച്ചെന്ന് ഇറാൻ. ഇതിന് ഏഴ് കിലോഗ്രാം ഭാരമുണ്ടെന്നാണ് വിവരം. യുഎസ് സർക്കാരിൻ്റെ പിന്തുണയോടെയാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് ഐആർജിസി പറഞ്ഞു. തെഹ്റാന് സന്ദർശനവേളയിൽ പതിവായി താമസിച്ചിരുന്ന ഗസ്റ്റ്ഹൗസിലാണ് ഹനിയയെ പാർപ്പിച്ചിരുന്നത്. ഗസ്റ്റ് ഹൗസിൽ രഹസ്യമായി ഒളിപ്പിച്ച സ്ഫോടകവസ്തു ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് മുമ്പ് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിന് തീർച്ചയായും ഇസ്രായേലിനെതിരെ ആഞ്ഞടിക്കുമെന്ന് ഇറാൻ പറഞ്ഞു. പ്രതികാരം കഠിനമായിരിക്കുമെന്നും ഉചിതമായ സമയമെത്തുമ്പോൾ മറുപടി തന്നിരിക്കുമെന്നും റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകി. മുൻ ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങില് പങ്കെടുക്കാന് ഇറാൻ തലസ്ഥാനത്ത് എത്തിയതായിരുന്നു ഇസ്മായിൽ ഹനിയ. ചടങ്ങിൽ പങ്കെടുത്ത് മണിക്കൂറുകൾക്ക് ശേഷമാണ് സംഭവം നടന്നത്. ഖത്തര് കേന്ദ്രീകരിച്ചാണ് ഹമാസ് പ്രവര്ത്തനങ്ങള്ക്ക് ഹനിയ നേതൃത്വം നല്കിയിരുന്നത്.
ഹമാസ് മേധാവിയുടെ കൊലപാതകം, ഇൻ്റലിജൻസ് പരാജയമെന്ന് വിമർശനം; 'ശുദ്ധീകരണ'ത്തിനൊരുങ്ങി ഇറാൻ ഭരണകൂടംഹനിയയുടെ കൊലപാതകത്തിന്റെ വീഴ്ച കണക്കിലെടുത്ത് ഇറാൻ സൈനത്തിലുളള ഉന്നത ഇൻ്റലിജൻസ് ഓഫീസർമാർ ഉൾപ്പെടെ നിരവധി പേരെ ഇറാൻ അറസ്റ്റ് ചെയ്തിരുന്നു. സൈനിക ഉദ്യോഗസ്ഥരെയും, തലസ്ഥാനത്തെ സൈനിക നിയന്ത്രണത്തിലുള്ള ഗസ്റ്റ്ഹൗസിലെ ഉദ്യോഗസ്ഥരെയും ഇറാൻ അറസ്റ്റ് ചെയ്തിരുന്നു.ഗസ്റ്റ്ഹൗസിലുണ്ടായ ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടുകെട്ടുകയും, സന്ദർശകരുടെ ലിസ്റ്റുകളും സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ടെഹ്റാൻ്റെ സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികളായ മുതിർന്ന സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തു. കൂടുതൽ അന്വേഷണത്തിനായി നിരവധി പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
മുൻനിര നേതാക്കളെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഹമാസും ഹിസ്ബുള്ളയും അറിയിച്ചതിന് പിന്നാലെ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ തങ്ങണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാർക്ക് എംബസ്സി നിർദേശം നൽകി. അടിയന്തര സാഹചര്യത്തിൽ എംബസ്സിയിലെ 24x7 ഹെൽപ്ലൈനുമായി ബന്ധപ്പെടാം. സമൂഹ മാധ്യമമായ എക്സിലൂടെയാണ് എംബസ്സി വിവരം പങ്കുവെച്ചത്.