ന്യൂയോർക്ക്: ഇറാനും ഹിസ്ബുള്ളയും ഇസ്രയേലിനെതിരെ തിങ്കളാഴ്ച ആക്രമണം നടത്തുമെന്ന് ജി7 അംഗരാജ്യങ്ങളെ അറിയിച്ച് അമേരിക്കന് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കണ്. സ്ഥിതിഗതികള് കൂടുതല് വഷളാകാതിരിക്കാന് നയതന്ത്ര ശ്രമങ്ങള് ഏകോപിപ്പിക്കാന് ലക്ഷ്യമിട്ട് ആൻ്റണി ബ്ലിങ്കന് ജി 7 വിദേശകാര്യ മന്ത്രിമാരുമായി ഒരു കോണ്ഫറന്സ് കോള് വിളിച്ചുചേര്ത്തതായും റിപ്പോര്ട്ട് പറയുന്നു.
ഇതിനിടെ ഇസ്രായേല് അതിര്ത്തി കടന്നുള്ള ഇറാൻ്റെ ആക്രമണം തടയാന്, ഇറാനില് മുന്കരുതല് ആക്രമണത്തിന് അനുമതി നല്കാന് ബെഞ്ചമിന് നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഗവണ്മെൻ്റ് അനുമതി നല്കിയേക്കാമെന്ന് ഇസ്രായേലിന്റെ പ്രമുഖ ദിനപത്രമായ ടൈംസ് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. നെതന്യാഹു വിളിച്ചു ചേര്ത്ത യോഗത്തില് പ്രതിരോധമന്ത്രി യോവ് ഗാലൻ്റും ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഹെര്സി ഹലേവിയും ഇസ്രായേലിലെ പ്രമുഖ രഹസ്യാന്വേഷണ ഏജന്സികളായ മൊസാദിൻ്റെയും ഷിന് ബെറ്റിൻ്റെയും തലവന്മാരായ ഡേവിഡ് ബാര്ണിയ, റോണന് ബാര് എന്നിവരും പങ്കെടുത്തതായും റിപ്പോര്ട്ട് പറയുന്നു.
ഇസ്രായേല് പ്രദേശത്തേക്ക് ഹിസ്ബുള്ള കൂടുതല് വ്യാപ്തിയിലുള്ള ആക്രമണം വര്ദ്ധിപ്പിക്കുമെന്ന് ഇറാന് ശനിയാഴ്ച പറഞ്ഞിരുന്നു. സൈനിക സ്ഥാപനങ്ങളെ മാത്രമല്ല ഹിസ്ബുള്ള ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കപ്പെട്ടിരുന്നു. ഹിസ്ബുള്ളയുടെ മുതിര്ന്ന സൈനിക കമാന്ഡറായ ഫുആദ് ഷുക്കറിനെ ഇസ്രായേല് അടുത്തിടെ വധിച്ചിരുന്നു. ഇതാണ് ഇസ്രയേല്-ഹിസ്ബുള്ള സംഘര്ഷം രൂക്ഷമാക്കിയത്. ജൂലൈ 30ന് തെക്കന് ബെയ്റൂട്ടിലെ ജനസാന്ദ്രതയുള്ള ജനവാസ മേഖലയില് നടന്ന ഇസ്രായേല് ആക്രമണത്തിലാണ് ഷുക്കറിനെയും അഞ്ച് സാധാരണക്കാരും കൊല്ലപ്പെടുത്തിയത്.
ഹമാസ് തലവന് ഇസ്മായില് ഹനിയയെ ടെഹ്റാനില് വച്ച് കൊലപ്പെടുത്തിയത് ഇറാന്-ഇസ്രയേല് സംഘര്ഷവും രൂക്ഷമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് ഗാസ യുദ്ധത്തിന് പിന്നാലെ മാസങ്ങളായി തുടരുന്ന ഹിസ്ബുള്ള-ഇസ്രായേല് ഏറ്റുമുട്ടലുകള് തുറന്ന യുദ്ധത്തിലേയ്ക്ക് വഴിമാറുന്നുവെന്ന ആശങ്കകള് ശക്തമാകുന്നത്. 2023 ഒക്ടോബര് ഏഴിന് ആരംഭിച്ച ഇസ്രായേല്-ഹമാസ് ഏറ്റുമുട്ടലിന് പിന്നാലെയാണ് ഹിബുള്ള ഇസ്രായേലിൻ്റെ ലെബനന് അതിര്ത്തി കേന്ദ്രീകരിച്ച് ആക്രമണം ശക്തിപ്പെടുത്തിയത്. ഇതിന് മുമ്പ് 2006ലായിരുന്നു ഇരുവിഭാഗവും തമ്മില് തുറന്ന യുദ്ധത്തില് ഏര്പ്പെട്ടത്. ലെബനന് തലസ്ഥാനമായ ബെയ്റൂട്ടിലെ ഏക യാത്രാ വിമാനത്താവളം ഇസ്രായേല് അന്ന് ബോംബിട്ട് തകര്ത്തിരുന്നു. ഹിസ്ബുള്ളയ്ക്കും ഇസ്രായേലിനും ഇടയിലെ സംഘര്ഷം ശക്തമാകവെ ഇന്ത്യയുള്പ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ എംബസികള് അവരുടെ പൗരന്മാരോട് രാജ്യം വിടാന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രായേലിനെതിരെ നിഴല്യുദ്ധം നടത്തുന്നതിനായി ഇറാന്റെ പിന്തുണയില് 1980ല് രൂപീകരിക്കപ്പെട്ട സായുധ സംഘമാണ് ഹിസ്ബുള്ള. ഇസ്ലാമിക് റെവല്യൂഷണറി ഗാര്ഡ് കോര്പ്സാണ് ഹിസ്ബുള്ളയ്ക്ക് ധനസഹായവും ആയുധവും നല്കുന്നതെന്നും ആരോപണമുണ്ട്. ഇറാന്റെ ഷിയാ ആശയം പിന്തുടരുന്ന ലെബനനിലെ മുസ്ലിം വിഭാഗത്തില് നിന്നാണ് ഹിസ്ബുള്ള അവരുടെ പോരാളികളെ റിക്രൂട്ട് ചെയ്യുന്നത്.