ധാക്ക: മുൻ ബംഗ്ലാദേശ് പ്രസിഡന്റും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജിബുർ റഹ്മാന്റെ പ്രതിമ തകർത്ത് പ്രക്ഷോഭകർ. മുജിബുർ റഹ്മാന്റെ ധാക്കയിലെ പൂർണ്ണകായ പ്രതിമയാണ് പ്രക്ഷോഭകർ തകർത്തത്. സർക്കാർ ജോലിയിലെ സംവരണവുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം രാജ്യത്തുടനീളമായി വ്യാപിച്ച് ആഴ്ചകളായി കലാപകലുഷിതമാണ് ബംഗ്ലാദേശ്.
പ്രക്ഷോഭം ശക്തമായതോടെ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കർഫ്യൂ മറികടന്ന് ജനങ്ങൾ തെരുവിൽ തമ്പടിച്ച് പ്രതിഷേധം ശക്തമാക്കുകയും പ്രധാനമന്ത്രിയുടെ രാജി ആവശ്യമുയർന്നതോടെ മറ്റ് മാർഗമില്ലാതെ ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യം വിടുകയുമായിരുന്നു. പ്രക്ഷോഭകർ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചെത്തിയതോടെ സുരക്ഷ കണക്കിലെടുത്താണ് സൈന്യത്തിന്റെ ഹെലികോപ്റ്ററിൽ ഹസീന ബംഗ്ലാദേശ് വിട്ടത്.
ഹസീന രാജിവച്ച വാർത്ത പുറത്തുവന്നതോെട ആയിരക്കണക്കിന് ആളുകളാണ് തെരുവുകളിൽ ആഹ്ലാദപ്രകടനവുമായെത്തിയത്. നാല് ലക്ഷത്തിലേറെ പ്രക്ഷോഭകരാണ് തെരുവിൽ പ്രതിഷേധിക്കുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ നൽകുന്ന വിവരം. എന്നാൽ കൃത്യമായ കണക്കുകൾ ലഭിക്കുക അസാധ്യമെന്നും ഇവർ പറയുന്നു. ഇന്നലെ മാത്രം 98 പേരാണ് പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 14 പൊലീസുകാരും ഉൾപ്പെടും. ജൂലൈ ആദ്യം ആരംഭിച്ച സംഘർഷങ്ങളിൽ ഇതുവരെ 300 ഓളം പേർ മരിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
2018ല് എടുത്തുകളഞ്ഞ സംവരണം പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതാണ് പ്രക്ഷോഭത്തിന്റെ തുടക്കം. ഇതോടെ ധാക്കയുള്പ്പെടെയുള്ള നഗരങ്ങളിലെ നൂറുക്കണക്കിന് യൂണിവേഴ്സിറ്റി വിദ്യാര്ത്ഥികൾ തെരുവിലിറങ്ങുകയായിരുന്നു. സംവരണ വിരുദ്ധ പ്രക്ഷോഭകരും ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് പാര്ട്ടിയുടെ വിദ്യാര്ത്ഥി സംഘടനയും നേര്ക്കുനേര് എത്തിയതോടെയാണ് പ്രക്ഷോഭം രക്തരൂക്ഷിതമായത്. 1971ലെ ബംഗ്ലാദേശ് വിമോചന സമരത്തില് പങ്കെടുത്ത വിമുക്തഭടന്മാരുടെ കുടുംബാംഗങ്ങള്ക്ക് 30 ശതമാനം സംവരണം നൽകുന്ന നിയമമാണ് ഹൈക്കോടതി പുനഃസ്ഥാപിച്ചത്. എന്നാൽ സുപ്രീം കോടതി ഈ നിയമം നടപ്പിലാക്കാനുള്ള ഹൈക്കോടതി ഉത്തരവ് റദ്ദ് ചെയ്ത് ഇത് ആകെ സംവരണം ഏഴ് ശതമാനമായി കുറച്ചു.
93 ശതമാനം സർക്കാർ ജോലി മെറിറ്റിൽ നൽകാനും ബാക്കി ഏഴ് ശതമാനം സംവരണം ഏർപ്പെടുത്താനും സുപ്രീം കോടതി ഉത്തരവിട്ടു. ഏഴ് ശതമാനത്തിൽ അഞ്ച് ശതമാനം സംവരണം ബംഗ്ലാദേശ് വിമോചന സമരത്തില് മരിച്ചവരുടെ കുടുംബാംഗങ്ങള്ക്ക് നൽകും. ബാക്കി രണ്ട് ശതമാനം സംവരണം പിന്നാക്ക, ലൈംഗിക ന്യൂനപക്ഷ, ഭിന്നശേഷി വിഭാഗങ്ങൾക്ക് നൽകാനുമാണ് സുപ്രീം കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കിയത്.
എന്നാൽ ഇതുകൊണ്ടും പ്രതിഷേധം അവസാനിച്ചില്ല. ഷെയ്ഖ് ഹസീനയുടെ രാജിയിൽ മാത്രമേ പ്രക്ഷോഭം അവസാനിപ്പിക്കൂ എന്ന് വിദ്യാർത്ഥി സംഘടനകളും പ്രതിഷേധക്കാരും നിലപാടെടുക്കുകയും തെരുവിൽ തുടരുകയുമായിരുന്നു. ഇപ്പോൾ ബംഗ്ലാദേശിന്റെ ഭരണം സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. ബംഗ്ലാദേശ് ഇടക്കാല സർക്കാരിനെ സലിമുള്ള ഖാനും ആസിഫ് നസ്റുളും നയിക്കുമെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം.
ഇതിനിടെ ധാക്കയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കി. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷ കർശനമാക്കി. രാജിവച്ച ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയെന്നാണ് സൂചന. ഡൽഹിയിലെത്തുന്ന ഹസീന അവിടെ നിന്ന് ലണ്ടനിലേക്ക് പോകുമെന്നും അഭ്യൂഹങ്ങളുണ്ട്. ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. ബംഗ്ലാദേശ് കലാപത്തിൽ ഊഹാപോഹങ്ങൾ ചെവിക്കൊള്ളരുതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. ബംഗാളിലെ ജനങ്ങളോട് സമാധാനം നിലനിർത്താനും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.