ബംഗ്ലാദേശ് പ്രതിസന്ധി: ഇന്ത്യൻ ഓഹരി വിപണിയിലും ആശങ്ക, വെട്ടിലായി അദാനി ഗ്രൂപ്പ്

ബംഗ്ലാദേശുമായി ബന്ധമുള്ള ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ ഇടിവ് നേരിട്ടതിനാൽ ഓഹരി വിപണിയിലും ആഘാതം പ്രകടമാണ്.

dot image

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അപ്രതീക്ഷതമായ രാജി ഇന്ത്യയ്ക്ക് സാമ്പത്തികമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. 2009-ൽ ഷെയ്ഖ് ഹസീന ബംഗ്ലാദേശിന്റെ അധികാരമേറ്റതുമുതൽ ബംഗ്ലാദേശ് ഇന്ത്യയുടെ പ്രധാന സഖ്യകക്ഷിയാണ്. ബംഗ്ലാദേശിലെ പ്രക്ഷുബ്ധത ഇതിനകം തന്നെ നിരവധി ഇന്ത്യൻ കമ്പനികളെ ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് രാജ്യത്ത് കാര്യക്ഷമമായി പ്രവർത്തിക്കുന്ന കമ്പനികളെ. ബംഗ്ലാദേശുമായി ബന്ധമുള്ള ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ ഇടിവ് നേരിട്ടതിനാൽ ഓഹരി വിപണിയിലും ആഘാതം പ്രകടമാണ്.

സഫോള ഭക്ഷ്യ എണ്ണയ്ക്ക് പേരുകേട്ട മാരികോ കമ്പനിയുടെ വരുമാനത്തിൻ്റെ 11-12% ബംഗ്ലാദേശിൽ നിന്നാണ് ലഭിക്കുന്നത്. ബംഗ്ലാദേശിലെ നിലവിലെ പ്രതിസന്ധി മൂലം മാരികോയുടെ സ്റ്റോക്ക് 4% കുറഞ്ഞു. ഈ പ്രതിസന്ധി മാരികോയുടെ വിൽപ്പനയെ ഭാവിയിൽ തടസ്സപ്പെടുത്തിയേക്കാം. ബംഗ്ലാദേശിൽ നിന്ന് ഏകദേശം 25% വരുമാനം നേടുന്ന ഇന്ത്യൻ കമ്പനിയാണ് പേൾ ഗ്ലോബൽ ഇൻഡസ്ട്രീസ്. ബംഗ്ലാദേശ് പ്രതിസന്ധിയ്ക്ക് ശേഷം കമ്പനിയുടെ ഓഹരികളിൽ മൂന്ന് ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. ഇമാമിയുടെ ഓഹരികളും നാല് ശതമാനത്തിലധികം ഇടിഞ്ഞു.

ഇവയൊക്കെ കൂടാതെ ബേയർ കോർപ്, ജിസിപിഎൽ, ബ്രിട്ടാനിയ, വികാസ് ലൈഫ് കെയർ, ഡാബർ, ഏഷ്യൻ പെയിൻ്റ്സ്, പിഡിലൈറ്റ്, ജൂബിലൻ്റ് ഫുഡ് വർക്ക്സ്, ബജാജ് ഓട്ടോ എന്നീ ഇന്ത്യൻ കമ്പനികളിലും ഓഹരിയിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. വിതരണ ശൃംഖലയുടെ ഭാഗമായി ബംഗ്ലാദേശിനെ ആശ്രയിക്കുന്ന ട്രെൻ്റ്, പിഡിഎസ്, വിഐപി ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികളെ സംബന്ധിച്ചാണ് ഈ അവസ്ഥ.

കൂട്ടക്കൊലയിൽ ബാക്കിയായവർ, ഒരുമിച്ചുള്ള പലായനം; ഷെയ്ഖ് രെഹാനയെന്ന ഹസീനയുടെ നിഴൽ

വിഐപി, ഇമാമി, മാരികോ, ഡാബർ, ഏഷ്യൻ പെയിൻ്റ്സ്, പിഡിലൈറ്റ്, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്പ് എന്നിവയുൾപ്പെടെ ഇന്ത്യൻ കോർപ്പറേറ്റുകൾക്ക് അപകടസാധ്യതകളുണ്ടാകുമെന്ന് പ്രഭുദാസ് ലില്ലാധേർ അഡ്വൈസറി ഹെഡ് വിക്രം കസത് പറഞ്ഞു. ബംഗ്ലാദേശ് പ്രതിസന്ധി ഇന്ത്യയിലെ ടെക്സ്റ്റൈൽ, വസ്ത്ര നിർമ്മാതാക്കൾക്കും സമ്മിശ്ര ഫലങ്ങളാണ് നൽകിയത്. ഇന്ത്യയിലെ മൊത്തം കയറ്റുമതിയുടെ 25-30% ഈ മേഖലയിലാണ്. കമ്പനികളുടെ നിലവിലുളള തടസ്സം വലുതല്ലെങ്കിലും സാഹചര്യം തുടർന്നാൽ ആശങ്കയ്ക്ക് കാരണമായേക്കാമെന്ന് വർധമാൻ ടെക്സ്റ്റൈൽസ് ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ നീരജ് ജെയിൻ അറിയിച്ചു. എന്നാൽ ഈ വസ്ത്ര മേഖലയിലുണ്ടായ ഇടിവ് ഇന്ത്യൻ വസ്ത്ര നിർമ്മാതാക്കൾക്ക് അവരുടെ വിപണി വിഹിതം ഉയർത്താനുളള സാഹചര്യങ്ങളാണ് ഉണ്ടാക്കിയത്. ഗോകുൽദാസ് എക്സ്പോർട്ട്സ്, കെപിആർ മിൽ, അരവിന്ദ് ലിമിറ്റഡ്, എസ്പി അപ്പാരൽസ്, സെഞ്ച്വറി എൻക, കിറ്റെക്സ് ഗാർമെൻ്റ്സ്, നഹർ സ്പിന്നിംഗ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ വൻ തോതിലാണ് ഉയർന്നത്.

അദാനി പവർ ലിമിറ്റഡും ബംഗ്ലാദേശും തമ്മിലുള്ള വൈദ്യുതി വിതരണ കരാറിനെക്കുറിച്ചും ചർച്ചാവിഷയം ആയിട്ടുണ്ട്. 2017ൽ ഒപ്പുവച്ച പവർ പർച്ചേസ് കരാർ (പിപിഎ) പ്രകാരം അദാനി പവർ ലിമിറ്റഡ് 25 വർഷത്തേക്ക് 1,496 മെഗാവാട്ട് വൈദ്യുതി ബംഗ്ലാദേശിന് നൽകണമെന്ന് കരാറുണ്ട്. 2023 ജൂൺ മുതൽ പ്രവർത്തനക്ഷമമായ പദ്ധതി ബംഗ്ലാദേശിൻ്റെ വൈദ്യുതി വിതരണത്തിന് നിർണായകമാണ്. അദാനി പവർ വിതരണം ചെയ്യുന്ന കൽക്കരി വില സംബന്ധിച്ച് നേരത്തെയും ആശങ്കകൾ ഉണ്ടായിരുന്നു. രാഷ്ട്രീയ മാറ്റങ്ങളോടെ കരാർ പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നേക്കും. എന്നിരുന്നാലും, ബംഗ്ലാദേശിന് അടിയന്തിര സാഹചര്യമായതിനാൽ ഏതൊരു കടുത്ത തീരുമാനവും നിക്ഷേപകരുടെ വികാരത്തെ ബാധിച്ചേക്കാം. പവർ പർച്ചേഴ്സ് എഗ്രീമെന്റ് പ്രകാരം അദാനി പവർ ബംഗ്ലാദേശിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നത് തുടരുകയാണ്.

dot image
To advertise here,contact us
dot image