Fact Check: ബംഗ്ലാദേശില് ക്രിക്കറ്റ് താരം ലിറ്റണ് ദാസിന്റെ വീട് കത്തിച്ചോ?; വാസ്തവമെന്ത്?

മതപരമായ ഭിന്നിപ്പ് ലക്ഷ്യം വെച്ചുള്ള ഇത്തരം വ്യാജപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് അഭ്യര്ത്ഥിച്ചുകൊണ്ടുള്ള പോസ്റ്റുകളും സോഷ്യല് മീഡിയയിലുണ്ട്

dot image

ധാക്ക: ബംഗ്ലാദേശില് ആഭ്യന്തര കലാപത്തെ തുടര്ന്ന് സ്ഥിതിഗതികള് മോശമായിക്കൊണ്ടിരിക്കുകയാണ്. കലാപത്തില് നിരവധി ആക്രമസംഭവങ്ങളാണ് അരങ്ങേറുന്നത്. ഇതിന്റെ പശ്ചാത്തലത്തില് ബംഗ്ലാദേശ് ക്രിക്കറ്റ് താരം ലിറ്റണ് ദാസിന്റെ വീടിന് പ്രക്ഷോഭകാരികള് തീവെച്ചതായുള്ള വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല് മീഡിയയില് പ്രചരിക്കുന്നുണ്ട്. എന്നാല് ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം.

പ്രചാരണം

ലിറ്റണ് ദാസിന്റെ ചിത്രത്തിനൊപ്പമാണ് ഒരു വീടിന് തീപിടിച്ചുകൊണ്ടിരിക്കുന്ന ഒരു മിനിറ്റോളമുള്ള വീഡിയോ പ്രചരിക്കുന്നത്. 'ഇദ്ദേഹം ബംഗ്ലാദേശ് ക്രിക്കറ്ററായ ലിറ്റണ് ദാസാണ്. ഇസ്ലാമിസ്റ്റുകള് അദ്ദേഹത്തിന്റെ വീടിന് തീയിട്ടിരിക്കുകയാണ്. ബംഗ്ലാദേശിലെ ഹിന്ദുക്കള് ഭീഷണിയിലാണ്. ഇന്ത്യന് സര്ക്കാര് അവരെ സംരക്ഷിക്കണം', എന്ന ക്യാപ്ഷനോടെയാണ് ഒരു പോസ്റ്റ്. 'സേവ് ബംഗ്ലാദേശി ഹിന്ദൂസ്' എന്ന ഹാഷ്ടാഗിനൊപ്പമാണ് ചിത്രങ്ങള് പ്രചരിക്കുന്നത്.

വാസ്തവം

എന്നാല് ഈ വാര്ത്ത തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോള്. ലിറ്റണ് ദാസിന്റെ വീടിന് ബംഗ്ലാദേശിലെ പ്രതിഷേധക്കാര് തീയിട്ടുവെന്ന തരത്തില് സോഷ്യല് മീഡിയയില് പ്രചരിക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും വ്യാജമാണ്. ലിറ്റണ് ദാസിന്റെ വീടിന്റേതെന്ന പേരില് പ്രചരിക്കുന്ന ചിത്രങ്ങളെല്ലാം തന്നെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ മുന് ക്യാപ്റ്റന് ക്യാപ്റ്റന് മുഷ്റഫെ മൊര്ത്താസയുടെ വീടിന്റേതാണ്.

മൊര്ത്താസയുടെ വീടിന് കലാപകാരികള് തീവെച്ചുവെന്ന വാര്ത്തകള് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്ട്ട് ചെയ്തിട്ടുള്ളതാണ്. രാജിവെച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്ട്ടിയില് നിന്നുള്ള പാര്ലമെന്റ് അംഗം കൂടിയാണ് മൊര്ത്താസ. അദ്ദേഹത്തിന്റെ നരെയ്ലിലെ വീടാണ് ആക്രമണത്തിനിരയായത്. ഗൂഗിള് ലെന്സ് ഉപയോഗിച്ചുള്ള സെര്ച്ചിലും ഈ ചിത്രം മൊര്ത്താസയുടെ വീടാണെന്നുള്ളത് വ്യക്തമായി.

ബംഗ്ലാദേശ് കത്തുന്നു; ക്രിക്കറ്റ് ടീം മുന് ക്യാപ്റ്റന് മുഷ്റഫെ മൊര്ത്താസയുടെ വീടിന് തീവെച്ചു

മൊര്ത്താസയുടെ വീടിന്റെ ചിത്രം ബംഗ്ലാദേശി ഹിന്ദു ക്രിക്കറ്റ് താരമായ ലിറ്റണ് ദാസിന്റെ പേരില് പ്രചരിപ്പിക്കുന്നതിന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ബംഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദു വിഭാഗത്തിൽപ്പെട്ട ക്രിക്കറ്റ് താരമായ ലിറ്റണ് ദാസിന്റെ വീട് ആക്രമണത്തിനിരയായി എന്ന് പ്രചരിപ്പിക്കുന്നത് തീവ്രവലതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രൊപ്പഗാണ്ടയാണെന്ന ആരോപണമാണ് ഉയരുന്നത്. മതപരമായ ഭിന്നിപ്പ് ലക്ഷ്യം വെച്ചുള്ള ഇത്തരം വ്യാജപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് അഭ്യര്ത്ഥിച്ചുകൊണ്ടുള്ള പോസ്റ്റുകളും സോഷ്യല് മീഡിയയിലുണ്ട്.

നിഗമനം

ബംഗ്ലാദേശിലെ കലാപത്തിന്റെ പശ്ചാത്തലത്തില് ക്രിക്കറ്റ് താരം ലിറ്റണ് ദാസിന്റെ വീടിന് തീയിട്ടുവെന്ന വാര്ത്തയും പ്രചരിക്കുന്ന ചിത്രങ്ങളും വ്യാജമാണ്. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ മുന് ക്യാപ്റ്റന് മുഷ്റഫെ മൊര്ത്താസയുടെ വീട് തീയിട്ടുനശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ലിറ്റണ് ദാസിന്റേതെന്ന പേരില് പ്രചരിക്കുന്നത്.

dot image
To advertise here,contact us
dot image