വാഷിങ്ടൺ ഡിസി: യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാത്തേക്ക് മിനസോട്ട ഗവർണർ ടിം വാൽസിന്റെ പേര് പ്രഖ്യാപിച്ച് നിലവിലെ വൈസ് പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ കമലാ ഹാരിസ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനും വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനുമെതിരായ മത്സരത്തിൽ കമലാ ഹാരിസ് തനിക്കൊപ്പം ആരെ നിർത്തുമെന്ന് ഉറ്റുനോക്കുന്നതിനിടെയാണ് മിനസോട്ട ഗവർണറുടെ പേര് പുറത്തുവരുന്നത്.
2006-ൽ റിപ്പബ്ലിക്കൻ അനുഭാവമുള്ള ജില്ലയിലാണ് വാൾസ് ആദ്യമായി സ്ഥാനാർത്ഥിയായി മത്സരിച്ചത്. 2018-ൽ മിനസോട്ട ഗവർണർ പദവി നേടുന്നത് വരെ അദ്ദേഹം സീറ്റ് നിലനിർത്തി. പിന്നീട് 2022-ൽ വീണ്ടും മിനസോട്ട ഗവർണറായി തുടർന്നു. വാൽസിന്റെ നേതൃത്വത്തിൽ സ്കൂൾ ഭക്ഷണം, കഞ്ചാവ് നിയമവിധേയമാക്കൽ, ഗർഭച്ഛിദ്ര സംരക്ഷണം, തോക്ക് നിയന്ത്രണ നടപടികൾ എന്നിവയുൾപ്പെടെ സമീപ വർഷങ്ങളിൽ നിരവധി പുരോഗമന നിയമനിർമ്മാണങ്ങൾ മിനസോട്ടയിൽ നടന്നു.
പൊതുപ്രവർത്തന രംഗത്തേക്കിറങ്ങും മുമ്പ് വാൽസ് അധ്യാപകനായിരുന്നു. മിനസോട്ടയിലെ മാൻകാട്ടോയിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഭൂമിശാസ്ത്രമാണ് അദ്ദേഹം പഠിപ്പിച്ചിരുന്നത്. 24 വർഷം സൈനിക സേവനം അനുഷ്ഠിച്ചു. മധ്യവർഗത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും ബോധ്യങ്ങളുമാണ് താൻ അദ്ദേഹത്തിൽ വേറിട്ടതായി കാണുന്നതെന്ന് വാൽസിന്റെ പേര് പുറത്തുവിട്ട തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കമലാ ഹാരിസ് കുറിച്ചു. ഞങ്ങൾ മികച്ച പങ്കാളിത്തം കെട്ടിപ്പടുക്കാൻ പോകുന്നു. 'ഞങ്ങൾ മികച്ച ടീമിനെ നിർമ്മിക്കാൻ പോകുന്നു. ഈ തെരഞ്ഞെടുപ്പിൽ നമ്മൾ തന്നെ വിജയിക്കും'; കമല ഹാരിസ് പറഞ്ഞു.