ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സര്ക്കാരിനെ നയിക്കാന് തയ്യാറാണെന്ന് നൊബേല് സമ്മാന ജേതാവ് മുഹമ്മദ് യൂനുസ്. സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ വിദ്യാര്ത്ഥി നേതാക്കള് യുനുസിനെ ഇടക്കാല സര്ക്കാരിന്റെ ഉപദേശകനാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രക്ഷോഭകാരികള് അര്പ്പിച്ച വിശ്വാസത്തിലൂടെ താന് ആദരിക്കപ്പെട്ടുവെന്ന് വാര്ത്താ ഏജന്സിയായ എഎഫ്പി നല്കിയ പ്രസ്താവനയില് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടക്കണം. ഇടക്കാല സര്ക്കാര് ഒരു തുടക്കം മാത്രമാണ്. സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ മാത്രമേ നീണ്ടുനില്ക്കുന്ന സമാധാനം രാജ്യത്ത് വരികയുള്ളൂ. തിരഞ്ഞെടുപ്പില്ലാതെ മാറ്റമുണ്ടാവില്ലെന്നും യൂനുസ് പറഞ്ഞു.
രാജ്യത്തിനും ജനങ്ങള്ക്കും ആവശ്യമായ ദൗത്യം ഏറ്റെടുക്കാന് തയ്യാറാണ്. മാറ്റത്തിന് വേണ്ടിയാണ് യുവാക്കള് ശബ്ദമുയര്ത്തിയത്. രാജ്യം വിട്ടതിലൂടെ പ്രധാനമന്ത്രി ആ ശബ്ദം കേട്ടു. ഇത് പ്രധാനപ്പെട്ടൊരു ചുവടുവെപ്പാണ്. അതിരുകളില്ലാത്തതാണ് യുവാക്കളുടെ ധൈര്യം. അനീതിക്കെതിരായ രാജ്യത്തിന്റെ നിശ്ചയദാര്ഢ്യം ലോകത്തിന് അവര് കാണിച്ചുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് രാഷ്ട്രീയത്തില് നിന്ന് വിട്ടുനില്ക്കാനാണ് താല്പര്യമെന്നും സാഹചര്യം ആവശ്യപ്പെടുകയാണെങ്കില് സര്ക്കാരിനെ നയിക്കാന് തയ്യാറാണെന്നും ഒരു ഫ്രഞ്ച് മാധ്യമത്തിന് നല്കിയ പ്രതികരണത്തില് അദ്ദേഹം അഭിപ്രായപ്പെട്ടു.