ധാക്ക: സംവരണ പ്രശ്നമുയർത്തി ബംഗ്ലാദേശ് തെരുവുകളിൽ കത്തിത്തുടങ്ങിയ തീപ്പൊരി ഇനിയും കെട്ടടങ്ങിയിട്ടില്ല. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അടിയന്തര രാജിയിലേക്ക് വഴിവെച്ച പ്രക്ഷോഭം ബംഗ്ലാദേശിന്റെ ഭാവിയെത്തന്നെ മാറ്റിക്കുറിക്കുന്നത് കൂടിയാവുകയാണ്. നിലവിൽ പട്ടാളഭരണമാണ് ഇവിടെ. രാജ്യം വിട്ടോടിയ ഷെയ്ഖ് ഹസീന ഇപ്പോൾ ഗാസിയാബാദിലാണുള്ളത്. ഇന്ത്യയിലേക്കെത്തിയപ്പോൾ ഇവിടെ നിന്ന് ലണ്ടനിലേക്ക് പോകാമെന്നായിരുന്നു അവരുടെ പദ്ധതി. എന്നാൽ, ഷെയ്ഖ് ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നൽകാനാവില്ലെന്ന് യുകെ നിലപാടെടുത്തതായും സൂചനകളുണ്ട്. ഇതിനിടെ മറ്റൊരു സുപ്രധാന വിവരവും പുറത്തുവന്നിരിക്കുന്നു. രാജ്യമെമ്പാടും കത്തിപ്പടർന്ന പ്രക്ഷോഭത്തിന് പിന്നിൽ ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെയും എതിരാളിയായ ഖാലിദ സിയയും അവരുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും ആണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പ്രക്ഷോഭത്തിന്റെ ആസൂത്രണം നടന്നത് ലണ്ടനിലാണെന്നും ഇതിന് സഹായം നൽകിയത് പാകിസ്താൻ ചാരസംഘടനയാണെന്നുമാണ് ഇന്റലിജൻസ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ബംഗ്ലാദേശി ഉന്നതവൃത്തങ്ങൾ ആരോപിക്കുന്നത്.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ആക്ടിങ് ചീഫും ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്മാൻ സൗദി അറേബ്യയിൽ വച്ച് പാകിസ്താൻ ചാരസംഘടന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിന് തെളിവുകളുണ്ടെന്നാണ് ബംഗ്ലാദേശി ഇന്റലിജൻസ് ഏജൻസി അവകാശപ്പെടുന്നത്. ഇതിനു പിന്നാലെയാണ് പ്രക്ഷോഭം എങ്ങനെ വേണമെന്നതിനുള്ള ബ്ലൂ പ്രിന്റ് ലണ്ടനിൽ വച്ച് തയ്യാറാക്കിയത്. അതിക്രമങ്ങൾക്കിടെ എക്സിൽ നിരവധി ബംഗ്ലാദേശ് ഹാൻഡിലുകൾ എരിതീയിൽ എണ്ണയൊഴിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിരുന്നു. 500ലധികം വിദ്വേഷ പരാമർശങ്ങളാണ് ഷെയ്ഖ് ഹസീന സർക്കാരിനെതിരെ ഇത്തരം ഹാൻഡിലുകൾ പ്രചരിപ്പിച്ചത്. ഇവയിൽ പലതും പാകിസ്താനിൽ നിന്നുള്ള ഹാൻഡിലുകളായിരുന്നു എന്നും ഇന്റലിജൻസ് ഏജൻസി പറയുന്നു.
ഹസീന സർക്കാരിനെ അസ്ഥിരപ്പെടുത്തി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയെ അധികാരത്തിലെത്തിക്കാൻ പാക് സൈന്യവും പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയും ലക്ഷ്യമിട്ടതായാണ് വിവരം. പാക് അനുകൂല നിലപാടാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടേത്. ഐഎസ്ഐ വഴി ചൈനയും ഇതിനായി ചരടുവലി നടത്തിയെന്നും സൂചനകളുണ്ട്. ഗത്യന്തരമില്ലാതെ ഷെയ്ഖ് ഹസീന രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തതോടെ ഈ ശ്രമങ്ങൾ വിജയം കണ്ടെന്നാണ് വിലയിരുത്തൽ. ഐഎസ്ഐ പിന്തുണയുള്ള ഇസ്ലാമി ഛത്ര ശിബിർ (ICS) ആണ് പ്രക്ഷോഭങ്ങൾക്ക് തിരികൊളുത്തിയതെന്നാണ് ഇന്റലിജൻസ് ഏജൻസികളുടെ കണ്ടെത്തലെന്നും ബംഗ്ലാദേശ് മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഷെയ്ഖ് ഹസീനയുടെ അടുത്ത നീക്കം അനിശ്ചിതത്വത്തിലെന്നാണ് സൂചന. ലണ്ടനിൽ രാഷ്ട്രീയ അഭയം തേടാൻ പദ്ധതിയിട്ടാണ് അവർ ഇന്ത്യ ഇടത്താവളമാക്കിയതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഹസീനയ്ക്ക് രാഷ്ട്രീയഅഭയം നൽകാൻ യുകെ തയ്യാറാവില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇതോടെ , നിലവിൽ ഗാസിയാബാദിലെ ഹിന്ഡണ് വ്യോമതാവളത്തില് കഴിയുന്ന ഹസീന സ്കാൻഡിനേവിയൻ രാജ്യങ്ങളുടെ സഹായം തേടിയേക്കുമെന്നും സൂചനയുണ്ട്.