ധാക്ക: ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് പലായനം ചെയ്തതിന് ശേഷവും കലാപം തുടരുന്ന ബംഗ്ലാദേശിൽ പരക്കെ ആക്രമണം. ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 20 അവാമി ലീഗ് നേതാക്കളുടെ മൃതദേഹം കണ്ടെത്തി. ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളും വ്യവസായ സ്ഥാപനങ്ങളും ആക്രമിക്കുകയും അടിച്ചുതകർക്കുകയും കൊള്ളചെയ്യപ്പെടുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.
ധാക്കയിൽ നിന്ന് 100 കിലോ മീറ്റർ അകലെ കോമില്ല സിറ്റിയിലെ മുൻ കൗൺസലറുടെ വീട് ആൾക്കൂട്ടം തീവെച്ചന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ചൊവ്വാഴ്ച എംപി ഷഫീഖ് ഉൾ ഇസ്ലാം ഷിമുലിന്റെ വീട് ആൾക്കൂട്ടം തീയിട്ടതിൽ നാല് പേർ മരിച്ചു. വീടിന്റെ മുറികളിലും ബാൽക്കണികളിലുമായാണ് മൃതദേഹം കണ്ടെത്തിയത്. അവാമി ലീഗിന്റെ ധാക്കയിലെ ഓഫീസ് ചൊവ്വാഴ്ച പ്രക്ഷോഭകർ വീണ്ടും തീയിട്ടു. തിങ്കളാഴ്ച ഇത് തീയിട്ടിരുന്നു, ഇതിന് പുറമെയാണ് അടുത്ത ദിവസവും ആക്രമിക്കപ്പെട്ടത്.
അവാമി ലീഗിന്റെ ജാഷോർ ജില്ലയിലെ ജനറൽ സെക്രട്ടറിയായ ഷഹിൻ ചക്ലാദറുടെ പേരിലുള്ള ഖുൽനയിലെ സബീർ ഇന്റർനാഷണൽ ഹോട്ടൽ കഴിഞ്ഞ ദിവസം പ്രക്ഷോഭർ തീയിട്ടിരുന്നു. 24 പേരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആൾക്കൂട്ടം അവാമി ലീഗ് നേതാക്കളെയും പ്രവർത്തകരെയും ആക്രമിക്കുന്നതിന് പുറമെ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയും ആക്രമണം അഴിച്ചുവിടുന്നതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം നൊബേല് സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സര്ക്കാരിനെ നയിക്കും. ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് നിർണായക ചർച്ചകൾക്കെടുവിൽ ഇടക്കാല സര്ക്കാരിനെ നയിക്കാന് മുഹമ്മദ് യൂനുസിനെ തിരഞ്ഞെടുത്തത്. മുഹമ്മദ് യൂനുസിനെ ഇടക്കാല സര്ക്കാരിൻ്റെ ഉപദേശകനാക്കണമെന്ന് സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ വിദ്യാര്ത്ഥി നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിനുള്ള പ്രവർത്തനം നടത്തിയതിന് 2006 ൽ 83 കാരനായ മുഹമ്മദ് ഷഹാബുദ്ദീന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിരുന്നു.
രാജ്യത്ത് സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടക്കണമെന്ന് പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ യൂനുസ് പ്രതികരിച്ചിരുന്നു. ഇടക്കാല സര്ക്കാര് ഒരു തുടക്കം മാത്രമാണ്. സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ മാത്രമേ നീണ്ടുനില്ക്കുന്ന സമാധാനം രാജ്യത്ത് വരികയുള്ളൂ. തിരഞ്ഞെടുപ്പില്ലാതെ മാറ്റമുണ്ടാവില്ലെന്നും യൂനുസ് പറഞ്ഞു.