ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ഇടക്കാല സർക്കാറിനെ നയിക്കും. ഇടക്കാല സർക്കാർ രാവിലെ എട്ട് മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൈനിക മേധാവി ജനറൽ വാഖർ ഉസ് സമാൻ അറിയിച്ചു. യൂനുസ് നയിക്കുന്ന അഡ്വൈസറി കൗണ്സിലിൽ 15 അംഗങ്ങൾ ഉണ്ടാകുമെന്നും വാഖർ ഉസ് സമാൻ വ്യക്തമാക്കി.
ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് പലായനം ചെയ്തതിന് പിന്നാലെ പ്രസിഡന്റ് മുഹമ്മദ് ഷഹബുദ്ദീൻ ആണ് 84 കാരനായ മുഹമ്മദ് യൂനുസിനെ ഇടക്കാല സർക്കാരിന്റെ തലവനായി തിരഞ്ഞെടുത്തത്. മുഹമ്മദ് യൂനുസിനെ ഇടക്കാല സര്ക്കാരിൻ്റെ ഉപദേശകനാക്കണമെന്ന് സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ വിദ്യാര്ത്ഥി നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇടക്കാല സർക്കാരിൽ ഉൾപ്പെടുത്താൻ 10-14 പ്രമുഖരുടെ പേരു വിവരങ്ങൾ അടങ്ങിയ പട്ടിക വിദ്യാര്ത്ഥി നേതാക്കൾ നൽകിയിരുന്നു. ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിനുള്ള പ്രവർത്തനം നടത്തിയതിന് 2006 ൽ 83 കാരനായ മുഹമ്മദ് ഷഹാബുദ്ദീന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിരുന്നു.
രാജ്യത്ത് സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടക്കണമെന്നാണ് തീരുമാനത്തോടുള്ള യൂനുസിന്റെ പ്രതികരണം. ഇടക്കാല സര്ക്കാര് ഒരു തുടക്കം മാത്രമാണ്. സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ മാത്രമേ നീണ്ടുനില്ക്കുന്ന സമാധാനം രാജ്യത്ത് വരികയുള്ളൂ. തിരഞ്ഞെടുപ്പില്ലാതെ മാറ്റമുണ്ടാവില്ലെന്നും യൂനുസ് പറഞ്ഞു.