ധാക്ക: ഷെയ്ഖ് ഹസീനയുടെ രാജിയിലേക്ക് നയിച്ച ബംഗ്ലാദേശ് പ്രക്ഷോഭത്തെ അഭിനന്ദിച്ച് മുൻ പ്രധാനമന്ത്രി ഖാലിദ സിയ. ധീരരായ കുട്ടികളുടെ പരിശ്രമത്തിലൂടെ രാജ്യം വിമോചിതമായെന്ന് ഖാലിദ പറഞ്ഞു. ആശുപത്രിയിൽ നിന്ന് സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് സമരക്കാരെ അവര് പ്രശംസിച്ചത്.
‘ഈ വിജയം പുതിയ തുടക്കമാണ്. ജനാധിപത്യത്തിന്റെ അവശേഷിപ്പുകളിൽനിന്നും അഴിമതിയിൽനിന്നും നമുക്ക് പുതിയതും സമ്പന്നവുമായ ബംഗ്ലാദേശ് കെട്ടിപ്പടുക്കണം. വിദ്യാർഥികളും യുവാക്കളും നമ്മുടെ ഭാവിയാണ്. അവർ ജീവരക്തം നൽകിയ സ്വപ്നങ്ങൾക്ക് നമുക്ക് ജീവൻ പകരാം. അസാധ്യമായത് സാധ്യമാക്കാൻ മരണം വരെ പോരാടിയ ധീരരായ കുട്ടികൾക്ക് ആത്മാർഥമായ നന്ദി. നൂറുകണക്കിന് രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ. എന്റെ ആരോഗ്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രാർഥിച്ച ജനങ്ങൾക്ക് നന്ദി'', ഖാലിദ സിയ പറഞ്ഞു.
രാഷ്ട്രീയമായും വ്യക്തിപരമായും ഹസീനയുടെ എതിരാളിയാണ് ഖാലിദ സിയ. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദവി രാജിവച്ച് രാജ്യം വിട്ടതിനു പിന്നാലെ ഖാലിദ സിയയെ ജയിലിൽനിന്നു മോചിപ്പിക്കാൻ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ ഉത്തരവിട്ടിരുന്നു. ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) മേധാവിയായ സിയയെ 2018ൽ അഴിമതിക്കേസിൽ 17 വർഷം തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു. അനാരോഗ്യം ചൂണ്ടിക്കാട്ടി കൂടുതൽ കാലവും ഇവർ ആശുപത്രിയിലായിരുന്നു. റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, പ്രമേഹം, കരളിൻ്റെ സിറോസിസ് എന്നിവമൂലം ആരോഗ്യനില മോശമാണെന്നും അവർ വീൽചെയറിനെ ആശ്രയിക്കുന്നതായും റിപ്പോർട്ടുണ്ട്.
അതേസമയം, ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ഇടക്കാല സർക്കാറിനെ നയിക്കും. ഇടക്കാല സർക്കാർ രാവിലെ എട്ട് മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൈനിക മേധാവി ജനറൽ വാഖർ ഉസ് സമാൻ അറിയിച്ചു. യൂനുസ് നയിക്കുന്ന അഡ്വൈസറി കൗണ്സിലിൽ 15 അംഗങ്ങൾ ഉണ്ടാകുമെന്നും വാഖർ ഉസ് സമാൻ വ്യക്തമാക്കി.