ധാക്ക: തങ്ങൾക്കെതിരെ ആസൂത്രിത അക്രമം നടത്തുന്നെന്നാരോപിച്ച് ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദുക്കൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. വിദ്യാർത്ഥിപ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന ഭരണകൂടം താഴെവീണതിനു പിന്നാലെയുണ്ടായ അതിക്രമങ്ങളിൽ ഹിന്ദുക്കളെ ഉന്നംവെക്കുന്നെന്നും ക്ഷേത്രങ്ങൾ തകർക്കുന്നെന്നും ആരോപിച്ചാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനക്കൂട്ടം തെരുവിൽ പ്രതിഷേധിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്ട്ട് ചെയ്യുന്നു.
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് മുദ്രാവാക്യമെഴുതിയ പ്ലക്കാർഡുകളുയർത്തിപ്പിടിച്ചാണ് പ്രതിഷേധം. 'ആരാണ് ഞങ്ങൾ? ബംഗാളികൾ' എന്നെഴുതിയ പ്ലക്കാർഡുകളും കാണാം. തങ്ങൾക്ക് സമാധാനം വേണമെന്നാവശ്യപ്പെട്ടാണ് ഇവരുടെ പ്രതിഷേധം. ഓഗസ്റ്റ് അഞ്ച് മുതൽ ഹിന്ദുക്കൾക്കെതിരെയും അവരുടെ സ്വത്തുക്കൾക്കു നേരെയും ആരാധനാലയങ്ങൾക്കു നേരെയും നടക്കുന്ന അതിക്രമങ്ങൾക്കെതിരെ അവർ തെരുവിലിറങ്ങിയിരിക്കുന്നു എന്നാണ് പ്രതിഷേധ ദൃശ്യങ്ങൾ പങ്കുവച്ച് ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് എക്സിൽ കുറിച്ചത്.
രാജ്യത്തെ ജനസംഖ്യയിൽ എട്ട് ശതമാനം മാത്രമുള്ള ഹിന്ദുവിഭാഗത്തിനെതിരെയും മറ്റൊരു ന്യൂനപക്ഷമായ അഹമ്മദി മുസ്ലിങ്ങൾക്കുനേരെയും വ്യാപക അതിക്രമം നടക്കുന്നുണ്ടെന്നാണ് ബംഗ്ലാദേശിൽ നിന്ന് പുറത്തുവരുന്ന വിവരം. അവാമി ലീഗ് സർക്കാരിന്റെ വീഴ്ചയ്ക്കുപിന്നാലെ രാജ്യത്തുണ്ടായ പ്രക്ഷോഭങ്ങളിലും അതിക്രമങ്ങളിലും 230ലധികം പേർ മരിച്ചെന്നാണ് കണക്ക്. ബംഗ്ലാദേശിൽ നിന്ന് നൂറുകണക്കിന് പേർ ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിക്കുന്നതായും വാർത്തകൾ പുറത്തുവരുന്നുണ്ട്. അഭയാർത്ഥി പ്രവാഹമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അസം അതിർത്തിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ ബംഗ്ലാദേശുമായി 4096 കിലോമീറ്റർ നീളത്തിൽ അതിർത്തി പങ്കിടുന്നുണ്ട്. ന്യൂനപക്ഷങ്ങളെ അസ്വസ്ഥപ്പെടുത്തുന്ന സാഹചര്യം ആശങ്കാജനകമാണെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യൻ സർക്കാർ അറിയിച്ചു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വിവിധ സംഘടനകളും സംഘങ്ങളും മുൻകൈയ്യെടുത്തിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുള്ളതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.