ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ കൊലപാതകക്കേസിൽ അന്വേഷണത്തിന് ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി. ഹസീനയ്ക്ക് പുറമെ ഹസീന ഭരണകാലത്തെ ആറ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഒരാൾ കൊല്ലപ്പെട്ടതിലാണ് അന്വേഷണം. അബു സയീദ് എന്നയാൾ കൊല്ലപ്പെട്ടതിൽ അമീർ ഹംസയെന്നയാൾ നൽകിയ പരാതിയിലാണ് ധാക്കയിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ആഭ്യന്തരമന്ത്രി അസദുസമാൻ ഖാൻ, അവാമി ലീഗ് ജനറൽ സെക്രട്ടറി ഒബൈദുൾ ഖ്വാദർ, നാല് പൊലീസ് ഉദ്യോഗസ്ഥർ എന്നിവരാണ് അന്വേഷണം നേരിടുന്ന മറ്റ് ആറ് പേർ.
ജൂലൈ 19നുണ്ടായ പൊലീസ് വെടിവെപ്പിലാണ് അബു സയീദ് കൊല്ലപ്പെട്ടത്. താൻ ബന്ധുവല്ലെന്നും അബു സയീദിന്റെ കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിലായതിനാലാണ് പരാതിയുമായി മുന്നോട്ട് വന്നതെന്നും അമീർ ഹംസ പറഞ്ഞു. പ്രക്ഷോഭത്തെ അടിച്ചമർത്താൻ പൊലീസ് വെടിവെപ്പിന് ഉത്തരവിട്ടത് ഹസീനയാണെന്നാണ് അമീറിന്റെ ആരോപണം. ഷെയ്ഖ് ഹസീന നടത്തിയ കുറ്റകൃത്യങ്ങൾക്കെതിരെ പരാതിയുമായി മുന്നോട്ട് വരാൻ ധൈര്യം കാണിച്ച ഒരേ ഒരാൾ താനാണെന്ന് അമീർ പ്രതികരിച്ചു. കേസിന്റെ അവസാനം വരെ പോരാടുമെന്നും ഇയാൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
സർക്കാർ ജോലിയിലെ സംവരണവുമായി ബന്ധപ്പെട്ട് ആരംഭിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിൽ 300 ഓളം പേരാണ് ബംഗ്ലാദേശിൽ കൊല്ലപ്പെട്ടത്. ഇതിനൊടുവിൽ ബംഗ്ലാദേശ് മുഖ്യമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയ്ക്ക് രാജിവെക്കേണ്ടി വന്നു. പ്രക്ഷോഭം ശക്തമായതോടെ സൈന്യത്തിന്റെ നിർദ്ദേശ പ്രകാരം രാജിവച്ച ഹസീന സൈന്യത്തിന്റെ ഹെലികോപ്റ്ററിൽ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. നിലവിൽ ഇന്ത്യയിൽ തുടരുകയാണ് ഹസീന.
ഇതിന് പിന്നാലെ ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ അധികാരത്തിൽ വന്നിരുന്നു. കഴിഞ്ഞയാഴ്ച നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ഇടക്കാല സർക്കാരിന്റെ തലവനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ഭാഗമായ രണ്ട് പേർ യൂനുസിന്റെ കീഴിലെ അഡ്വൈസറി കമ്മിറ്റിയിൽ അംഗങ്ങളാണ്. ഇതിനിടെ വിദ്യാർത്ഥി പ്രക്ഷോഭകർ കോടതി വളയുകയും ഭീഷണി മുഴക്കുകയും ചെയ്തതോടെ ബംഗ്ലാദേശ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവച്ചിരുന്നു.