'ബംഗ്ലാദേശ് 'കലാപകാരികൾ' ശിക്ഷിക്കപ്പെടണം'; രാജ്യത്തുനിന്ന് നീതി തേടി ഷെയ്ഖ് ഹസീന

രാജിവച്ച് പലായനം ചെയ്തതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് ഷെയ്ഖ് ഹസീന ഇക്കാര്യം ആവശ്യപ്പെട്ടത്.

dot image

ഡൽഹി: ബംഗ്ലാദേശിലെ 'കലാപകാരികൾ' ശിക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രാജിവച്ച് പലായനം ചെയ്തതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് ഷെയ്ഖ് ഹസീന ഇക്കാര്യം ആവശ്യപ്പെട്ടത്. തന്റെ പിതാവ് മുജിബുർ റഹ്മാന്റെ പ്രതിമ തകർത്തതിലും നീതി വേണമെന്ന് ഷെയ്ഖ് ഹസീന പറഞ്ഞു. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് കൂടിയാണ് മുജിബുർ റഹ്മാൻ.

ഷെയ്ഖ് ഹസീനയുടെ മകനാണ് ഇൻസ്റ്റഗ്രാമിൽ മൂന്ന് പേജ് പ്രസ്താവന പുറത്തുവിട്ടത്. 1975 ഓഗസ്റ്റ് 15 ന് നടന്ന കൂട്ടക്കൊലയിൽ തന്റെ പിതാവടക്കം കുടുംബത്തെയാകെ നഷ്ടപ്പെട്ടതും അവർ ഓർമ്മിച്ചു. ഷെയ്ഖ് ഹസീനയുടെ പിതാവ് മുജിബുർ റഹ്മാൻ, മാതാവ്, മൂന്ന് സഹോദരങ്ങൾ, രണ്ട് സഹോദരങ്ങളുടെ ഭാര്യമാർ, സഹപ്രവർത്തകർ അടക്കം 36 പേരെയാണ് അന്ന് സൈന്യം കൊലപ്പെടുത്തിയത്.

തന്റെ കുടുംബത്തിന്റെ നഷ്ടത്തെയോർത്തെടുത്ത ഷെയ്ഖ് ഹസീന, പ്രക്ഷോഭത്തിൽ ജീവൻ പൊലിഞ്ഞവരെയും സ്മരിച്ചു. തന്നെപ്പോലെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് അവർ പറഞ്ഞു. കലാപത്തിൽ അന്വേഷണം നടത്തി അതിന് കാരണമായവരെ ശിക്ഷിക്കണമെന്നും ഷെയ്ഖ് ഹസീന ആവശ്യപ്പെട്ടു.

ഇതിനിടെ ഷെയ്ഖ് ഹസീനയ്ക്കെതിരെ കൊലപാതകക്കേസിൽ അന്വേഷണത്തിന് ബംഗ്ലാദേശ് കോടതി ഉത്തരവിട്ടു. ഹസീനയ്ക്ക് പുറമെ ഹസീന ഭരണകാലത്തെ ആറ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഒരാൾ കൊല്ലപ്പെട്ടതിലാണ് അന്വേഷണം. അബു സയീദ് എന്നയാൾ കൊല്ലപ്പെട്ടതിൽ അമീർ ഹംസയെന്നയാൾ നൽകിയ പരാതിയിലാണ് ധാക്കയിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ആഭ്യന്തരമന്ത്രി അസദുസമാൻ ഖാൻ, അവാമി ലീഗ് ജനറൽ സെക്രട്ടറി ഒബൈദുൾ ഖ്വാദർ, നാല് പൊലീസ് ഉദ്യോഗസ്ഥർ എന്നിവരാണ് അന്വേഷണം നേരിടുന്ന മറ്റ് ആറ് പേർ.

ജൂലൈ 19നുണ്ടായ പൊലീസ് വെടിവെപ്പിലാണ് അബു സയീദ് കൊല്ലപ്പെട്ടത്. താൻ ബന്ധുവല്ലെന്നും അബു സയീദിന്റെ കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിലായതിനാലാണ് പരാതിയുമായി മുന്നോട്ട് വന്നതെന്നും അമീർ ഹംസ പറഞ്ഞു. പ്രക്ഷോഭത്തെ അടിച്ചമർത്താൻ പൊലീസ് വെടിവെപ്പിന് ഉത്തരവിട്ടത് ഹസീനയാണെന്നാണ് അമീറിന്റെ ആരോപണം. ഷെയ്ഖ് ഹസീന നടത്തിയ കുറ്റകൃത്യങ്ങൾക്കെതിരെ പരാതിയുമായി മുന്നോട്ട് വരാൻ ധൈര്യം കാണിച്ച ഒരേ ഒരാൾ താനാണെന്ന് അമീർ പ്രതികരിച്ചു. കേസിന്റെ അവസാനം വരെ പോരാടുമെന്നും ഇയാൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.

ഇതിന് പിന്നാലെ ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ അധികാരത്തിൽ വന്നിരുന്നു. കഴിഞ്ഞയാഴ്ച നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ഇടക്കാല സർക്കാരിന്റെ തലവനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ഭാഗമായ രണ്ട് പേർ യൂനുസിന്റെ കീഴിലെ അഡ്വൈസറി കമ്മിറ്റിയിൽ അംഗങ്ങളാണ്. ഇതിനിടെ വിദ്യാർത്ഥി പ്രക്ഷോഭകർ കോടതി വളയുകയും ഭീഷണി മുഴക്കുകയും ചെയ്തതോടെ ബംഗ്ലാദേശ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us