ഗ്രീസിൽ ആളിപ്പടർന്ന് കാട്ടുതീ, മൂന്നാം ദിവസവും ശമനമില്ല; 1000ലേറെ പേരെ മാറ്റിപ്പാർപ്പിച്ചു

80 അടി ഉയരത്തിലാണ് തീ പടരുന്നത്. ശക്തമായ കാറ്റ്, തീ പടരുന്നതിന്റെ ആക്കം കൂട്ടുന്നുണ്ട്.

dot image

ഏഥൻസ്: മൂന്നാം ദിനവും അണയ്ക്കാനാകാതെ ആളിപ്പടർന്ന് ഗ്രീസിലെ കാട്ടുതീ. ഞായറാഴ്ച ഉയ്യയോടെയാണ് ഗ്രീസിന്റെ തലസ്ഥാനമായ ഏഥൻസിലെ പെന്റേലിയിൽ കാട്ടുതീ പടർന്നത്. ആയിരത്തോളം പേരെ ഇതുവരെ പ്രദേശത്തുനിന്ന് മാറ്റിപ്പാർപ്പിച്ചു. സമീപത്തെ എട്ട് ഗ്രാമങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒഴിപ്പിക്കാൻ ആവശ്യപ്പെട്ടതിൽ രണ്ട് ആശുപത്രികളും ഉൾപ്പെടും.

സംഭവത്തിൽ ഒരാൾ മരിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തീ പടരുന്നതിനിടെ നിരവധി ജനങ്ങൾക്കും രക്ഷാപ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. 66 പ്രദേശവാസികൾക്കും രണ്ട് അഗ്നിശമനസേനാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായാണ് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്.

80 അടി ഉയരത്തിലാണ് തീ പടരുന്നത്. ശക്തമായ കാറ്റ്, തീ പടരുന്നതിന്റെ ആക്കം കൂട്ടുന്നുണ്ട്. ചൂടുകാറ്റ് വീശിയടിക്കുന്നതിനാൽ വ്യാഴാഴ്ച വരെ ഗ്രീസിന്റെ പകുതിയോളം പ്രദേശങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പുക ക്രമാതീതമായി ഉയർന്നതോടെ ഏഥൻസ് നഗരത്തിൽ മാസ്ക് വെച്ച് മാത്രമാണ് ആളുകൾ പുറത്തിറങ്ങുന്നത്. 40 വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നാണ് തീ പടർന്നത്. 24700 ഏക്കർ പ്രദേശം കത്തി നശിച്ചതായാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.

700 ഓളം അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരാണ് തീയണയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 200 ഫയർ എഞ്ചിനുകളും സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് എത്തിച്ചിട്ടുണ്ട്. ആകാശമാർഗം തീയണയ്ക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്. നാല് യൂറോപ്യൻ രാജ്യങ്ങൾ ഗ്രീസിന് സഹായം വാഗ്ദാനം ചെയ്ത് അഗ്നിരക്ഷാപ്രവർത്തകരെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. ഇറ്റലി, ഫ്രാൻസ്, ചെക്ക് റിപ്പബ്ലിക്, റൊമേനിയ എന്നീ രാജ്യങ്ങളാണ് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകുന്നത്. തുർക്കിയിൽ നിന്നും ഗ്രീസിലേക്ക് സഹായമെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഗ്രീസിൽ കാട്ടുതീ ഇതാദ്യമല്ല. കഴിഞ്ഞ വർഷമുണ്ടായ കാട്ടുതീയിൽ 20 പേർ കൊല്ലപ്പട്ടിരുന്നു. 2018 ൽ മാറ്റിയിലുണ്ടായ കാട്ടുതീയിൽ 100 പേരാണ് മരിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടുകൂടിയ ദിവസങ്ങൾ ജൂണിലും ജൂലൈയിലും നേരിട്ടതിന് പിന്നാലെയാണ് ഗ്രീസിൽ കാട്ടുതീ പടർന്നിരിക്കുന്നത്.

dot image
To advertise here,contact us
dot image