എൽ നിനോയെ തുടർന്ന് കൊടുംവരൾച്ച; തെക്കൻആഫ്രിക്കയിൽ 68 ദശലക്ഷത്തോളം ആളുകളെ ബാധിക്കുമെന്ന് റിപ്പോർട്ട്

വിളയിലും കന്നുകാലി ഉൽപാദനത്തിലും കുറവുണ്ടായതിനാൽ പല രാജ്യങ്ങളിലും ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്

dot image

ഹരാരെ: എൽ നിനോ പ്രതിഭാസത്തെ തുടർന്നുള്ള വരൾച്ചയുടെ പ്രത്യാഘാതങ്ങൾ തെക്കൻ ആഫ്രിക്കയിലെ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുമെന്ന് സതേൺ ആഫ്രിക്കൻ ഡെവലപ്മെൻ്റ് കമ്മ്യൂണിറ്റിയുടെ മുന്നറിയിപ്പ്. വിളയിലും കന്നുകാലി ഉൽപാദനത്തിലും കുറവുണ്ടായതിനാൽ പല രാജ്യങ്ങളിലും ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. മേഖലയിലെ ജനസംഖ്യയുടെ 17 ശതമാനം (ഏകദേശം 68 ദശലക്ഷം) ആളുകൾക്ക് സഹായം ആവശ്യമാണെന്ന് സതേൺ ആഫ്രിക്കൻ ഡെവലപ്മെൻ്റ് കമ്മ്യൂണിറ്റി (എസ്എഡിസി) എക്സിക്യൂട്ടീവ് സെക്രട്ടറി ഏലിയാസ് മഗോസിയെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഭക്ഷ്യസുരക്ഷ ഉൾപ്പെടെയുള്ള പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി 16 രാഷ്ട്രങ്ങളുള്ള എസ്എഡിസിയുടെ രാഷ്ട്രത്തലവന്മാർ സിംബാബ്വെയുടെ തലസ്ഥാനമായ ഹരാരെയിൽ യോഗം ചേരുന്നതിനിടെയാണ് അദ്ദേഹത്തിൻ്റെ പരാമർശം.

"2024 ലെ മഴക്കാലം വെല്ലുവിളി നിറഞ്ഞതാണ്, ഈ പ്രദേശത്തിൻ്റെ മിക്ക ഭാഗങ്ങളിലും എൽ നിനോ പ്രതിഭാസത്തിൻ്റെ പ്രതികൂല ഫലങ്ങൾ അനുഭവപ്പെടുന്നു" മഗോസി പറഞ്ഞു. 2024 ൻ്റെ തുടക്കത്തിൽ ആരംഭിച്ച വരൾച്ച മൂലമുള്ള പോഷകാഹാരക്കുറവ് ഏറ്റവും കൂടുതൽ ബാധിച്ചത് തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ സിംബാബ്വെ, മലാവി, സാംബിയ എന്നിവയെയാണ്. പ്രശ്ന ബാധിത രാജ്യങ്ങൾക്ക് കൂടുതൽ ധനസഹായവും ഭക്ഷ്യ സഹായവും എങ്ങനെ നേടാമെന്ന് എസ്എഡിസി രാഷ്ട്രതലവന്മാർ ചർച്ച ചെയ്തേക്കുമെന്നും സൂചനകളുണ്ട്.

ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമും വരൾച്ചയുടെ ഭീകരമായ പ്രത്യാഘാതങ്ങൾ ജൂൺ ആദ്യം ചൂണ്ടിക്കാണിച്ചിരുന്നു. 'ഞങ്ങൾ കണ്ടുമുട്ടിയ ഗ്രാമീണ സമൂഹങ്ങൾ ഞങ്ങളോട് പറയുന്നു, തങ്ങൾ ഇതുപോലൊന്ന് കണ്ടിട്ടില്ല. അവരുടെ ഭാവിയെക്കുറിച്ച് അവർ വളരെയധികം ആശങ്കാകുലരാണ്', എന്നായിരുന്നു എൽ നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട് യുഎൻ കാലാവസ്ഥാ പ്രതിസന്ധി കോർഡിനേറ്റർ റീന ഗെലാനിയുടെ പ്രതികരണം. കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും വരൾച്ചയുള്ള ഫെബ്രുവരിയാണ് ദക്ഷിണാഫ്രിക്കയിൽ രേഖപ്പെടുത്തിയതെന്നും യുഎൻ വ്യക്തമാക്കിയിരുന്നു. ഈ സമയത്ത് സാധാരണ ലഭിക്കേണ്ട മഴയുടെ 20 ശതമാനം മാത്രമാണ് ലഭിച്ചത്. താപനിലയും ശരാശരിയേക്കാൾ കൂടുതലായിരുന്നുവെന്നും യുഎൻ വ്യക്തമാക്കിയിരുന്നു.

കാലാവസ്ഥ പ്രതിസന്ധി മൂലമുള്ള കൊടുംചൂട് സമ്പദ്വ്യവസ്ഥകളെ ബാധിക്കുമെന്ന സൂചന യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് കഴിഞ്ഞ മാസം നൽകിയിരുന്നു. കൊടുംചൂട് അസമത്വങ്ങൾ വർദ്ധിപ്പിക്കുകയും സുസ്ഥിര വികസന ലക്ഷ്യങ്ങളെ തുരങ്കം വയ്ക്കുകയും ആളുകളെ കൊല്ലുകയും ചെയ്യുന്നു. ഇതിന് കാരണം എന്താണെന്ന് ഞങ്ങൾക്കറിയാം. മനുഷ്യ പ്രേരിതമായ കാലാവസ്ഥാ വ്യതിയാനം അത് കൂടുതൽ വഷളാകുമെന്ന് ഞങ്ങൾക്കറിയാം, പുതിയ കടുത്ത ചൂട് അസാധാരണമാണ്', എന്നായിരുന്നു യുഎൻ സെക്രട്ടറി ജനറലിൻ്റെ പ്രതികരണം. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾ തീവ്രമാകുമ്പോൾ വരൾച്ച, സൂപ്പർ ചാർജ്ജ് ചെയ്ത ചുഴലിക്കാറ്റുകൾ, വെള്ളപ്പൊക്കം, കാട്ടുതീ എന്നിവ ലോകത്തിൻ്റെ ഭൂരിഭാഗം പ്രദേശത്തെ ബാധിക്കുമെന്നും ഇത് തീവ്രമായ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് വഴിവെയ്ക്കുമെന്നും മുന്നറിയിപ്പുകളുണ്ടായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us