മോസ്കോ: റഷ്യയുടെ പടിഞ്ഞാറന് പ്രവിശ്യയായ കര്സ്കില് യുക്രെയ്ന് സൈന്യം സ്ഥാപിച്ച സൈനിക പോസ്റ്റ് തകര്ത്തതായി റഷ്യ. ഇവിടെ നിന്ന് യുഎസ്, സ്വീഡിഷ് നിര്മിത ആയുധങ്ങള് കണ്ടെടുത്തതായും റിപ്പോര്ട്ടുകളുണ്ട്. കര്സ്കിലെ പല മേഖലകളിലും റഷ്യന് സൈന്യം യുക്രേനിയന് മുന്നേറ്റം തടഞ്ഞതിനാല് വെള്ളിയാഴ്ച 220 സൈനികരെയും 19 കവചിത വാഹനങ്ങളും യുക്രെയ്ന് നഷ്ടപ്പെട്ടതായി രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യയുടെ സ്റ്റേറ്റ് ന്യൂസ് ഏജന്സി ടാസ് പറഞ്ഞു. എന്നാല്, കര്സ്ക് മേഖലയില് ഒന്നു മുതല് മൂന്നു കിലോമീറ്റര് വരെ കീവിന്റെ സൈന്യം മുന്നേറുകയാണെന്ന് യുക്രെയ്ന് സൈനിക മേധാവി ഒലെക്സാണ്ടര് സിര്സ്കി പറഞ്ഞു.
മേഖലയിലെ ഗ്ലുഷ്കോവ്സ്കി ജില്ലയില് സെം നദിക്ക് കുറുകെയുള്ള പാലം യുക്രെയ്ന് തകര്ത്തതായി കര്സ്ക് റീജിയണല് ഗവര്ണര് അലക്സി സ്മിര്നോവ് പറഞ്ഞു. അതിര്ത്തി ജില്ലയിലെ ഏകദേശം 20,000 നിവാസികളുടെ ഒഴിപ്പിക്കലിന് ആക്രമണം തടസ്സമാകുമെന്ന് റഷ്യന് സുരക്ഷാ ഉദ്യോഗസ്ഥര് ടാസിനോട് പറഞ്ഞു. ഈ മാസം 6-ന് ആണ് മിന്നലാക്രമണത്തിലൂടെ യുക്രെയ്ന് സൈന്യം കര്സ്കിലേക്ക് കടന്നത്.യുക്രെയ്ന് യുദ്ധത്തിനാവശ്യമായ അധിക സുരക്ഷാസഹായം ഉടൻ നൽകുമെന്ന് യുഎസ് വ്യക്തമാക്കി.