ബാങ്കോക്ക്: തായ്ലൻ്റിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി പയേതുങ്താൻ ഷിനവത്ര സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ട് ദിവസം മുമ്പാണ് ഷിനവത്രയെ പ്രധാനമന്ത്രിയായി പാർലമെന്റ് തിരഞ്ഞെടുത്തത്. ഈ തീരുമാനം തായ്ലൻ്റ് രാജാവ് വാജിറലോങ്കോൺ അംഗീകരിച്ചതോടെ പയേതുങ്താൻ പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയായിരുന്നു. ബങ്കോക്കിൽ നടന്ന ഔദ്യോഗിക ചടങ്ങിലായിരുന്നു സ്ഥാനാരോഹണം. പ്രധാനമന്ത്രി ശ്രേത്ത തവിസിനെ കോടതി പുറത്താക്കിയതിന് പിന്നാലെയായിരുന്നു പയേതുങ്താനിനെ തിരഞ്ഞെടുക്കുന്നത്.
വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ പാർലമെന്റിന്റെ മൂന്നിൽ രണ്ട് ഭാഗം വോട്ടും പയേതുങ്താനിനാണ് ലഭിച്ചത്. 2023 ലാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നതെങ്കിലും തായ്ലൻ്റിലെ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലെ പുതുതലമുറ അംഗമാണ് പയേതുങ്താൻ. 2006 ൽ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്രയുടെ മകളും തായ്ലൻ്റിലെ ആദ്യ വനിതാ പ്രധാനമന്ത്രി യിങ്ലക് ഷിനവത്രയുടെ ബന്ധുവുമാണ് പയേതുങ്താൻ. പുതിയ പ്രധാനമന്ത്രിക്ക് മുഴുവൻ പിന്തുണയുമറിയിച്ച് ഫൂ തായ് പാർട്ടി രംഗത്തെത്തിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
തുറന്ന മനസ്സോടെ തന്റെ ഉത്തരാവാദിത്തം നിറവേറ്റുമെന്ന് അധികാരമേറ്റതിന് പിന്നാലെ നടത്തിയ പ്രസംഗത്തിൽ പയേതുങ്താൻ പറഞ്ഞു. തായ്ലൻ്റിൻ്റെ 31-ാമത് പ്രധാനമന്ത്രിയാണ് 37 കാരിയായ പയേതുങ്താൻ. ശ്രേത്ത തവിസിനെ പുറത്താക്കിയ ശേഷം നടന്ന 24 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് പയേതുങ്താനിന് നറുക്ക് വീണത്.
493 എംപിമാരുള്ള തായ് പാർലമെന്റിൽ 319 പേരുടെ പിന്തുണയാണ് ഇവർക്ക് ലഭിച്ചത്. പ്രധാനമന്ത്രിയാകാൻ 248 വോട്ടുകളോ അതിൽ കൂടുതലോ ആണ് ലഭിക്കേണ്ടത്. ഇതുവരെയും എംപിയോ മന്ത്രിയോ ആയിട്ടില്ലാത്ത പയേതുങ്താൻ നേരിട്ടാണ് പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കും മുമ്പ് ഷിനവത്ര കുടുംബത്തിന്റെ ബിസിനസിലായിരുന്നു പയേതുങ്താൻ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.