'ലവ് സ്റ്റോറി' ഏറ്റവും പ്രിയപ്പെട്ടതായിരുന്നു; ജീവിതത്തിലെ സന്തോഷനിമിഷങ്ങള് പങ്കുവെച്ച് മലാല

സംഗീതവും കലയും നിരോധിക്കപ്പെട്ട ഒരു കാലത്ത് ജീവിച്ചപ്പോൾ സംഗീതം ഒരു സമ്മാനമായി തോന്നിയെന്ന് മലാല കുറിച്ചു

dot image

തൻ്റെ ജീവിതത്തിലെ സുപ്രധാന സന്തോഷ നിമിഷങ്ങള് പങ്കുവെച്ച് മലാല യൂസഫ്സായി. തൻ്റെ പ്രിയപ്പെട്ടവരോടൊപ്പം ടെയ്ലർ സ്വിഫ്റ്റിന്റെ സംഗീത പരിപാടിയില് പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് മലാല ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ഭർത്താവ് അസർ മാലിക്കിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ചിത്രങ്ങള്ക്കൊപ്പം ഒരു നീണ്ട കുറിപ്പുമുണ്ട്. ജന്മനാടായ സ്വാത് താഴ്വരയിലെ ബാല്യകാല ഫീൽഡ് ട്രിപ്പിനിടെ സുഹൃത്തുക്കള്ക്കൊപ്പം ടെയ്ലർ സ്വിഫ്റ്റിൻ്റെ പാട്ട് പാടിയതും ജീവിതത്തിൽ അവരുണ്ടാക്കിയ പ്രാധാന്യത്തെക്കുറിച്ചും മലാല കുറിച്ചു. ഓഗസ്റ്റ് 17 ശനിയാഴ്ച ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ടെയ്ലർ സ്വിഫ്റ്റിൻ്റെ സംഗീത പരിപാടിയിലാണ് മലാല പങ്കെടുത്തത്.

സ്കൂളിൽ ചെലവഴിച്ച സമയം മുതൽ ടെയ്ലർ സ്വിഫ്റ്റിൻ്റെ 'ലവ് സ്റ്റോറി' തനിക്കും സ്കൂളിലെ തൻ്റെ ഉറ്റ സുഹൃത്തായ മോനിബയ്ക്കും പ്രിയപ്പെട്ടതായിരുന്നുവെന്നും അവര് ഓർത്തു. സംഗീതവും കലയും നിരോധിക്കപ്പെട്ട ഒരു കാലത്ത് ജീവിച്ചപ്പോൾ സംഗീതം ഒരു സമ്മാനമായി തോന്നിയെന്ന് മലാല കുറിച്ചു.

'മൂന്ന് വർഷം മുമ്പാണ് താലിബാൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും അധികാരം പിടിച്ചെടുത്തത്. തെരുവുകളിൽ സംഗീതമില്ല, പെൺകുട്ടികളെയും സ്ത്രീകളെയും സ്കൂൾ, ജോലി, പൊതുജീവിതം എന്നിവയിൽ നിന്ന് വിലക്കുന്നു. സ്വാത്തിൽ, സംഗീതം എൻ്റെ സുഹൃത്തുക്കൾക്കും എനിക്കും ആത്മവിശ്വാസവും സ്വാതന്ത്ര്യവും നൽകി. എല്ലാ പെൺകുട്ടികൾക്കും സംഗീതം ആസ്വദിക്കാനും അവളുടെ വന്യമായ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും കഴിയുന്ന ഒരു ലോകത്തിൽ ഒരു ദിനം നമ്മൾ ജീവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു', മലാല കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image